ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റയും

ന്യൂയോർക്ക്: ലോകത്തെ വൻകിട കമ്പനിക​ളെല്ലാം ജീവനക്കാരെ പിരിച്ചുവിട്ട് ചെലവ് ചുരുക്കൽ പാതയിലാണ്. മെറ്റ പ്ലാറ്റ്ഫോമും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നുവെന്നാണ് വരുന്ന വാർത്തകൾ.

ഈയാഴ്ച മെറ്റയിൽ വൻതോതിൽ പിരിച്ചുവിടൽ നടക്കുമെന്നും 1000 കണക്കിന് ജീവനക്കാരെ പിരിച്ചുവിടൽ ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ചക്ക് മുമ്പായി പിരിച്ചുവിടൽ പ്രഖ്യാപിക്കും. അതേസമയം, മെറ്റ ഈ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചുവെന്ന് വാൾസ്ട്രീറ്റ് വ്യക്തമാക്കി.

ഒക്ടോബറിൽ മെറ്റയുടെ ഹോളിഡേ ക്വാർട്ടറിൽ മാന്ദ്യമാണ് രേഖപ്പെടുത്തിയത്. ഈ വർഷം ഇതിനകം സ്റ്റോക്ക് മാർക്കറ്റ് മൂല്യത്തിൽ അരലക്ഷംകോടി ഡോളറിലധികം നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആഗോള സാമ്പത്തിക മാന്ദ്യം, ടിക് ടോക്കിൽ നിന്നുള്ള മത്സരം, ആപ്പിളിന്റെ സ്വകാര്യതാ മാറ്റങ്ങൾ, മെറ്റാവേർസിനു വേണ്ടിയുള്ള ചെലവുകളെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ മെറ്റ നേരിടുന്ന ഭീഷണികളാണ്.

മെറ്റാവേർസിൽ നടത്തിയ നിക്ഷേപം ലാഭകരമാകാൻ ഒരു ദശാബ്ദമെങ്കിലും എടുക്കുമെന്നാണ് ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് പറയുന്നത്. അതിനാൽ പുതിയ റിക്രൂട്ട്മെന്റുകൾ മരവിപ്പിക്കുക, പ്രൊജക്‌ടുകൾ താത്കാലികമായി നിർത്തുക, ചെലവ് ചുരുക്കാൻ ടീമുകളെ പുനഃസംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കേണ്ടി വരും.

‘2023-ൽ, വളർച്ചക്ക് മുൻഗണനയുള്ള മേഖലകളിൽ നിക്ഷേപങ്ങൾ കേന്ദ്രീകരിക്കും. ചില ടീമുകൾ നല്ല രീതിയിൽ വളരും, എന്നാൽ മറ്റ് മിക്ക ടീമുകളുടെയും അടുത്ത വർഷത്തെ വളർച്ച ചുരുങ്ങാനാണ് സാധ്യത. 2023 അവസാനമാകുമ്പോഴേക്കും മെറ്റ അതേ വലുപ്പത്തിലോ അല്ലെങ്കിൽ ഇന്നുള്ളതിനേക്കാൾ ചെറിയ സ്ഥാപനമായോ മാത്രമായിരിക്കും തുടരുക’യെന്ന് സക്കർബർഗ് ഒക്ടോബറിൽ പറഞ്ഞിരുന്നു.

Advertisement