ട്വിറ്ററിലെ പകുതി ജീവനക്കാരെ ഇലോൺ മസ്ക് പിരിച്ചു വിടും

വാഷിങ്ടൺ: ട്വിറ്ററിലെ പകുതി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ടെസ്‍ല ചെയർമാൻ ​ഇലോൺ മസ്ക്. 3700 ജീവനക്കാരെ ഇത്തരത്തിൽ ഒഴിവാക്കുമെന്നാണ് റിപ്പോർട്ട്. ബ്ലുംബെർഗാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ​​ചെയ്തത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് വൻതോതിൽ ജീവനക്കാരെ കുറക്കുന്നത്.

പിരിച്ചുവിടുന്ന ജീവനക്കാരെ ​വെള്ളിയാഴ്ചയോടെ വിവരം അറിയിക്കുമെന്നാണ് വാർത്തകൾ. നിലവിൽ വിവിധ സ്ഥലങ്ങളിൽ നിന്നും ജോലിയെടുക്കുന്ന ജീവനക്കാരോട് ഓഫീസിൽ തിരിച്ചെത്താൻ മസ്ക് ആവശ്യപ്പെടും. വർക്ക് ഫ്രം ഓഫീസ് എന്ന നയമായിരിക്കും മസ്ക് സ്വീകരിക്കുക.

മാസങ്ങൾ നീണ്ട വിലപേശലുകൾക്കൊടുവിൽ കഴിഞ്ഞയാഴ്ചയാണ് ഇലോൺ മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തത്. സമൂഹമാധ്യമ ഭീമനെ ഏറ്റെടുത്തതിന് പിന്നാലെ സി.ഇ.ഒ ഉൾപ്പടെയുള്ളവരെ മസ്ക് പിരിച്ചുവിട്ടിരുന്നു. നേരത്തെ നവംബർ ഒന്നിന് മുമ്പ് മസ്ക് ജീവനക്കാരെ പിരിച്ചുവിടുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അത്തരം നടപടിയിലേക്ക് അദ്ദേഹം കടന്നിട്ടില്ല.

Advertisement