മാവോയ്‌ക്കൊപ്പം ഉയരാൻ ഷി; ഭരണഘടനാ ഭേദഗതിയ്ക്ക് അംഗീകാരം

ബെയ്ജിങ് ∙ ചൈനയിൽ പ്രസിഡന്റ് ഷി ചിൻപിങ്ങിനെ (69) ‘പരമാധികാരി’യായി അവരോധിക്കാൻ വഴിയൊരുക്കി നിർണായക പാർട്ടി കോൺഗ്രസിന് സമാപനമായി. അധികാര കേന്ദ്രീകരണം ഒഴിവാക്കാൻ ഒരാൾ രണ്ട് തവണയിൽ കൂടുതൽ പ്രസിഡന്റ് പദവിയിൽ തുടരരുതെന്ന് ഡെങ് സിയാവോ പിങ്ങിന്റെ കാലത്ത് 12–ാം കോൺഗ്രസ് (1982) ഏർപ്പെടുത്തിയ വ്യവസ്ഥ ഭേദഗതി ചെയ്‌ത ഷി ആജീവനാന്തം തുടർന്നേക്കും. പാർട്ടി ഭരണഘടനാ ഭേദഗതിയ്ക്കു പാർട്ടി കോൺഗ്രസ് അംഗീകാരം നൽകി. പാർട്ടിയിൽ ഷി ചിൻപിങ്ങിനെ ‘പരമാധികാരി’യായി പ്രഖ്യാപിക്കാനാണ് ഭരണഘടനാ ഭേദഗതി. പ്രതിസന്ധികളെ തൃണവൽകരിച്ച്, കഷ്‌പ്പെടാനും വിജയത്തിലേക്ക് മുന്നേറാനും ഷി ചിൻപിങ് പ്രതിനിധികളോട് ആഹ്വാനം ചെയ്‌തു.

12–ാം കോൺഗ്രസ് വ്യവ‌സ്ഥ അനുസരിച്ച് ഷിയുടെ മുൻഗാമികളായ ജിയാങ് സെമിൻ, ഹു ജിന്റാവോ എന്നിവർ 10 വർഷം കഴിഞ്ഞ് അധികാരമൊഴിഞ്ഞുവെങ്കിലും ഷി ഭേദഗതിയിലൂടെ അധികാരത്തിൽ തുടരുകയായിരുന്നു. അധികാരത്തിൽ 10 വർഷം പൂർത്തിയാക്കിയ ഷി ഒഴികെയുള്ള ഉന്നതരുടെ പടിയിറക്കത്തിനും പാർട്ടി കോൺഗ്രസ് വേദിയായി. സ്ഥാനശ്രേണിയിൽ രണ്ടാമനായ പ്രധാനമന്ത്രി ലി കെചിയാങ് (67) 200 അംഗ കേന്ദ്രകമ്മറ്റിയിൽ ഇടം പിടിച്ചില്ല. ഏഴ് ദിവസത്തോളം നീണ്ടുനിന്ന പാർട്ടി കോൺഗ്രസിൽ മുതിർന്ന നേതാക്കളുമായി ഷി ചിൻപിങ് ആശയവിനിമയം നടത്തി.

9.6 കോടി അംഗങ്ങളുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുന്നത് 200 അംഗ കേന്ദ്രകമ്മറ്റിയും 25 അംഗ പൊളിറ്റ് ബ്യൂറോയുമാണ്. പൊളിറ്റ് ബ്യൂറോ അംഗങ്ങളിലെ ഏഴു പേർ ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റിയാണ് നിർണായക അധികാരകേന്ദ്രം. പൊളിറ്റ് ബ്യൂറോയെയും സ്റ്റാൻഡിങ് കമ്മിറ്റിയെയും പാർട്ടി കോൺഗ്രസാണു തിരഞ്ഞെടുക്കുക. സ്റ്റാൻഡിങ് കമ്മിറ്റിയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുക. ഞായറാഴ്‌ചയാകും ഷി ചിൻപിങ്ങിനെ മൂന്നാമതും പ്രസിഡന്റായി തിരഞ്ഞെടുത്തു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. സ്റ്റാൻഡിങ് കമ്മിറ്റി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട നേതാക്കളെ സംബന്ധിച്ചും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും

തയ്‌വാനെ കൂട്ടിച്ചേർക്കാൻ ബലപ്രയോഗം നടത്തേണ്ടിവന്നാൽ അതിനു മടിക്കില്ലെന്ന് പാർട്ടി കോൺഗ്രസിൽ ഷീ ചിൻപിങ് പ്രഖ്യാപിച്ചിരുന്നു. സമാധാനപൂർണമായ ഏകീകരണത്തിനായി ആത്മാർഥ ശ്രമം നടത്തുമെന്നും എന്നാൽ ബലപ്രയോഗത്തിനുള്ള അവകാശം ചൈന ഉപേക്ഷിക്കില്ലെന്നും ഷി ചിൻപിങ് വ്യക്തമാക്കി. ഇതിനു പിന്നാലെ തയ്‌വാന്റെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ‘വിഘടനവാദികളെ’ നിശ്ചയദാർഢ്യത്തോടെ എതിർക്കുകയും തടയുകയും ചെയ്യുന്നതിനെ കുറിച്ച് അവതരിപ്പിക്കപ്പെട്ട പ്രമേയം പാർട്ടി ഭരണഘടനയിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്‌തു.

Advertisement