സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിമാനങ്ങൾക്ക് ഭീഷണിയാണെന്നു മുന്നറിയിപ്പ്

Advertisement

ന്യൂയോർക്ക്: ഉപഗ്രഹങ്ങൾ വഴി ഇന്റർനെറ്റ് നൽകാനായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക്. ഭൂമിയിൽനിന്ന് അധികം ഉയരത്തിലല്ലാതെ വിന്യസിച്ച ഈ ഉപഗ്രഹങ്ങൾ വിമാനങ്ങൾക്കു ഭീഷണിയാകാമെന്ന് എഡിൻബറ സർവകലാശാലയിലെ ജ്യോതിശാസ്ത്ര പ്രഫസർ ആൻഡി ലോറൻസ് പറയുന്നു.

നിയന്ത്രണമില്ലാതെ ബഹിരാകാശത്തു കറങ്ങി നടക്കുന്ന വസ്തുക്കൾ ഭൂമിയിലേക്കു പതിച്ചാൽ വിമാനങ്ങൾക്ക് ഭീഷണിയാണ്. എന്തെങ്കിലും വസ്തു വിമാനത്തിൽ ഇടിച്ചാൽ 300 പേരെങ്കിലും കൊല്ലപ്പെട്ടേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. കൂട്ടിയിടികൾ ഒഴിവാക്കുന്നതിനുള്ള എഐ അൽഗോരിതങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എങ്കിലും പലപ്പോഴും ഇത് സാധ്യമല്ലാതെ വന്നേക്കുമെന്നും പറയുന്നു.

പക്ഷേ, ഇത്രമാത്രം ഉപഗ്രഹങ്ങൾ ലോ-എർത് ഓർബിറ്റിൽ വിന്യസിച്ചാൽ അവ തമ്മിൽ കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ടെന്നും അങ്ങനെ കൂട്ടിയിടിച്ചു തീ പിടിച്ച ഭാഗങ്ങൾ താഴേക്കു വീണാൽ അവ വിമാനങ്ങളിൽ പതിച്ച് അപകടമുണ്ടാകാമെന്നുമാണ് പുതിയ റിപ്പോർട്ട് പറയുന്നത്.

സ്റ്റാർലിങ്ക് മാത്രം 3000 ഉപഗ്രഹങ്ങൾ വിന്യസിച്ചു കഴിഞ്ഞു. 12,000 എണ്ണം കൂടി വിക്ഷേപിക്കാനുള്ള അനുമതിയും നേടി. മൊത്തം 40,000 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ പ്രവർത്തിപ്പിച്ച് ഭൂമിയിൽ എവിടെയും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് മസ്‌കിന്റെ ഉദ്ദേശ്യം.
എയർടെൽ പിന്തുണയുള്ള വൺവെബും ഉപഗ്രഹം വഴി ഇന്റർനെറ്റ് ലഭ്യമാക്കുന്നുണ്ട്.

Advertisement