കടുത്ത ക്ഷീണം, പരിശോധനയിൽ 23കാരി ഗർഭിണി; രണ്ടു ദിവസം കഴിഞ്ഞ് പ്രസവം

ന്യൂയോർക്ക്: അമേരിക്കയിൽ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് രണ്ടുദിവസത്തിന് ശേഷം യുവതി കുഞ്ഞിന് ജന്മം നൽകി.

ഒമാഹ സ്വദേശിനിയായ 23കാരി അധ്യാപികയാണ് ഗർഭിണിയാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഞെട്ടിയത്.

ക്ഷീണം ഉൾപ്പെടെയുള്ള ലക്ഷണങ്ങളെ തുടർന്നാണ് പെയ്റ്റൺ സ്റ്റോവർ ഡോക്ടറെ കണ്ടത്. ജോലിയുടെ സമ്മർദ്ദം കാരണമാകാം ക്ഷീണമെന്നാണ് യുവതി കരുതിയിരുന്നത്. എന്നാൽ കാലിൽ നീര് വരാൻ തുടങ്ങിയതോടെയാണ് ഡോക്ടറെ സമീപിച്ചത്. ഗർഭിണിയാണ് എന്ന് ഡോക്ടർ പറഞ്ഞതോടെ യുവതി ഞെട്ടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഉടൻ തന്നെ ഗർഭിണിയാണ് എന്ന കാര്യം സ്ഥിരീകരിക്കാൻ മറ്റു പരിശോധനകളും നടത്തി. ഇതിലും യുവതിക്ക് പോസിറ്റീവ് ഫലമാണ് ലഭിച്ചത്. അതിനിടെ വിദഗ്ധ പരിശോധനയിൽ യുവതിയുടെ വൃക്കകളും കരളും ശരിയായി പ്രവർത്തിക്കുന്നില്ല എന്ന് കണ്ടെത്തി. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. കുഞ്ഞിന്റെയും യുവതിയുടെയും ജീവൻ രക്ഷിക്കാൻ ഉടൻ തന്നെ സിസേറിയൻ നടത്തി കുട്ടിയെ പുറത്ത് എടുക്കുകയായിരുന്നു. പ്രസവസമയത്തിന് പത്താഴ്ച മുൻപാണ് ആൺകുഞ്ഞ് ജനിച്ചത്. നാലു പൗണ്ടാണ് നവജാത ശിശുവിന്റെ ഭാരം.

Advertisement