ആ​ഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107ാം സ്ഥാനത്ത്


ന്യൂഡൽഹി∙ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 121 രാജ്യങ്ങളിൽ 107ാം സ്ഥാനത്ത്. അയൽ രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ഇന്ത്യയേക്കാൾ മുന്നിലാണ്.

കഴിഞ്ഞ വർഷം 101ാം സ്ഥാനത്തായിരുന്ന ഇന്ത്യ ആറ് സ്ഥാനം കൂടി പിന്നോട്ടു പോയി. 29.1 ആണ് ഇന്ത്യയുടെ സ്കോർ. ചൈന, തുർക്കി, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിൽ. ഐറിഷ് സഹകരണത്തോടെ ജർമൻ സംഘടനയായ വെൽറ്റ് ഹങ്കർ ഹിൽഫ് ആണ് റിപ്പോർട്ട് തയാറാക്കിയത്. ഇന്ത്യയിലെ സാഹചര്യം ഗുരുതരമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ചൈന–4, പാക്കിസ്ഥാൻ –99, ബംഗ്ലാദേശ് –84, നേപ്പാൾ –81 എന്നിങ്ങനെയാണ് അയൽ രാജ്യങ്ങളുടെ റാങ്ക്. ഏഷ്യൻ രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാൻ മാത്രമാണ് പട്ടികയിൽ ഇന്ത്യയ്ക്ക് പിന്നിലുള്ളത്. 109-ാം റാങ്കാണ് അഫ്ഗാനിസ്ഥാന്റേത്. ബെലറൂസ് ആണ് പട്ടികയിൽ ഒന്നാമത്. ബോസ്നിയ, ചിലെ എന്നീ രാജ്യങ്ങൾ രണ്ടും മൂന്നും സ്ഥാനത്താണ്.

പട്ടിണി സൂചിക തയ്യാറാക്കുന്ന രീതി അശാസ്ത്രീയമെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോർട്ടിനെ കേന്ദ്രസർക്കാർ തള്ളിയിരുന്നു. സൂചികയിൽ ഇന്ത്യയുടെ റാങ്ക് മോശമായ സാഹചര്യത്തിൽ വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു അന്ന് കേന്ദ്രത്തിന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നത്. പി.ചിദംബരം ഉൾപ്പെടെ മുതിർന്ന നേതാക്കൾ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തി. രാജ്യത്തെ 22.4 കോടി ജനങ്ങൾക്ക് പോഷകാഹാരം ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Advertisement