എലിസബത്തിന്റെ സംസ്കാരചടങ്ങിന്‌ 500 ലോകനേതാക്കൾ

ലണ്ടൻ: അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ സംസ്കാരചടങ്ങിന് എത്തുക 500 ലോകനേതാക്കൾ. തിങ്കളാഴ്ച ലണ്ടൻ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന ഔദ്യോഗിക സംസ്കാരചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഭാര്യ ജിൽ, കോമൺവെൽത്ത് രാജ്യനേതാക്കൾ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ, ഫ്രാൻസ്, ഇറ്റലി, തുർക്കിയ, ജർമനി, ബ്രസീൽ എന്നീ രാഷ്ട്രങ്ങളിൽനിന്നുള്ള നേതാക്കൾ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

വിവിധ രാജ്യങ്ങളിൽനിന്നുള്ള രാജവംശ പ്രതിനിധികളും പങ്കെടുക്കും.

റഷ്യ, മ്യാന്മർ, ബലാറസ് എന്നീ രാഷ്ട്രങ്ങളുടെ നേതാക്കൾക്ക് ചടങ്ങിലേക്ക് ക്ഷണമില്ല. അതേസമയം, എഡിൻബറയിലെ സെന്റ് ഗൈൽസ് കത്തീഡ്രലിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ചൊവ്വ വൈകിട്ടോടെ മൃതദേഹം ലണ്ടനിലേക്ക് കൊണ്ടുപോയി. അയർലൻഡ് സന്ദർശനം പൂർത്തിയാക്കി ചാൾസ് മൂന്നാമനും ഭാര്യ കമിലയും ലണ്ടൻ വിമാനത്താവളത്തിലെത്തി മൃതദേഹം സ്വീകരിക്കും.
രാജ്ഞിയുടെ വിൽപത്രം 90 വർഷത്തേക്ക് രഹസ്യകേന്ദ്രത്തിലെ ലോക്കറിൽ സൂക്ഷിക്കുമെന്നും റിപ്പോർട്ടുണ്ട്.

Advertisement