എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ രാഷ്ട്രപതി ലണ്ടനിലേക്ക്

ന്യൂഡൽഹി: അന്തരിച്ച ബ്രിട്ടീഷ്‌ രാജ്ഞി എലിസബത്തിന്റെ സംസ്കാരചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. 500 ലോകനേതാക്കളാണ് ചടങ്ങിൽ പങ്കെടുക്കുക. തിങ്കളാഴ്ച ലണ്ടൻ വെസ്‌റ്റ്‌മിനിസ്‌റ്റർ ആബിയിലാണ് ഔദ്യോഗിക സംസ്കാരചടങ്ങ് നടക്കുക.

സെപ്തംബർ 17 മുതൽ 19 വരെയാണ് ഇന്ത്യൻ രാഷ്ട്രപതിയുടെ ലണ്ടൻ സന്ദർശനം. നേരത്തെ രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപരാഷ്ട്രപതി ജ​ഗദീപ് ധൻകറും രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ സെപ്തംബർ 12ന് ദില്ലിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സന്ദർശിച്ച് ഇന്ത്യയുടെ അനുശോചനം അറിയിച്ചിരുന്നു. രാജ്ഞിയോടുള്ള ആദരസൂചകമായി ഞായറാഴ്ച ഇന്ത്യയിൽ ദുഖാചരണം ഉണ്ടായിരുന്നു.

അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ, ഭാര്യ ജിൽ, കോമൺവെൽത്ത്‌ രാജ്യനേതാക്കൾ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്‌, കാനഡ, ഫ്രാൻസ്‌, ഇറ്റലി, തുർക്കി, ജർമനി, ബ്രസീൽ എന്നീ രാഷ്ട്രങ്ങളിൽനിന്നുള്ള നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ എത്തുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. വിവിധ രാജ്യങ്ങളിൽനിന്നുള്ള രാജവംശ പ്രതിനിധികളും പങ്കെടുക്കും. റഷ്യ, മ്യാന്മർ, ബലാറസ്‌ എന്നീ രാഷ്ട്രങ്ങളുടെ നേതാക്കൾക്ക്‌ ചടങ്ങിലേക്ക്‌ ക്ഷണമില്ല.

എഡിൻബറയിലെ സെന്റ്‌ ഗൈൽസ്‌ കത്തീഡ്രലിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ മൃതദേഹം ലണ്ടനിലേക്ക്‌ കൊണ്ടുപോയിരുന്നു. രാജ്ഞിയുടെ വിൽപത്രം 90 വർഷത്തേക്ക്‌ രഹസ്യകേന്ദ്രത്തിലെ ലോക്കറിൽ സൂക്ഷിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. സെപ്തംബർ എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്.

ജോർജ് ആറാമൻ രാജാവായിത്തീർന്ന ആർബർട്ട് ഫ്രഡറിക് ആർതർ ജോർജിന്റെയും എലിസബത്തിന്റെയും മകളായി 1926 ഏപ്രിൽ 21 ന് ലണ്ടനിലെ മേഫെയറിലുള്ള വസതിയിലായിരുന്നു എലിസബത്തിന്റെ ജനനം. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ 1936ൽ സ്ഥാനത്യാഗം ചെയ്തതോടെയാണ് എലിസബത്തിന്റെ പിതാവ് രാജാവായത്. 1952 ൽ അദ്ദേഹം അന്തരിച്ചതോടെ 25ാം വയസ്സിൽ എലിസബത്ത് ബ്രിട്ടിഷ് രാജ്‍ഞിയായി സ്ഥാനമേറ്റു. 1952 ഫെബ്രുവരി 6 മുതൽ മരിക്കും വരെ, 70 വർഷം 214 ദിവസം ഭരണത്തിലിരുന്നു. ഭർത്താവ് ഫിലിപ്പ് രാജകുമാരൻ 2021 ഏപ്രിലിലാണ് അന്തരിച്ചത്. രാജ്ഞിയുടെ മരണത്തോടെ രാജാവായിത്തീർന്ന ചാൾസിനെക്കൂടാതെ ആൻ, ആൻഡ്രൂ, എഡ്വേഡ് എന്നിവരാണു എലിസബത്തിന്റെ മക്കൾ.

Advertisement