നോർത്തേൺ അയർലൻഡിൽ രണ്ടു മലയാളി വിദ്യാർഥികൾ തടാകത്തിൽ മുങ്ങിമരിച്ചു

ലണ്ടൻഡെറി∙ നോർത്തേൺ അയർലൻഡിലെ ലണ്ടൻഡെറി കൗണ്ടിയിൽ ഇനാഗ് ലോഗ് തടാകത്തിൽ മലയാളികളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കൊളംബസ് കോളജ് വിദ്യാർഥികളായ പതിനാറു വയസുള്ള രണ്ട് ആൺകുട്ടികളാണ് മരിച്ചത്.

സെബാസ്റ്റ്യൻ ജോസഫിന്റെ മകൻ ജോസഫ് സെബാസ്റ്റ്യൻ, ജോഷി സൈമന്റെ മകൻ റുവാൻ ജോ സൈമൺ എന്നീ കുട്ടികളാണ് മരിച്ചത്. കണ്ണൂർ, എരുമേലി സ്വദേശികളാണ്. കുട്ടികളുടെ അമ്മമാർ ഇവിടെ നഴ്‌സായി ജോലി ചെയ്യുകയാണ്.

ഒരാൾ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. മറ്റൊരു കുട്ടിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാമത്തെ കുട്ടി നിലവിളിച്ച് ആളെ കൂട്ടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും അധികൃതർ വ്യക്തമാക്കി. ഒരു കുട്ടി മുങ്ങിത്താഴുന്നത് കണ്ട് സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ 20 വർഷമായി ഇവിടെ സ്ഥിരതാമസമാണ് ഇവരുടെ മാതാപിതാക്കൾ.

Advertisement