കൊല്ലം: ജര്‍മനിയിലെ ബോഹൂമില്‍ തീപിടിത്തത്തില്‍ മരിച്ച പെരിനാട് സ്വദേശിനി അഞ്ജലി എസ്. ജോയിക്കും (27) കാലടി മാണിക്യമംഗലം സ്വദേശി സിവിന്‍ ജോണിക്കും എട്ടു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണീരോടെ വിട നല്‍കി ജന്മനാടുകള്‍. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ അഞ്ജലിയുടെ സംസ്‌കാരശുശ്രൂഷകള്‍ നടന്നു. പ്രിയപ്പെട്ടവളെ അവസാനമായി കാണാന്‍ നാടൊന്നാകെ ഒഴുകിയെത്തി. അഞ്ജലിയുടെ വേര്‍പാടില്‍ തകര്‍ന്ന കുടുംബത്തെ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും വിതുമ്പി.
പെരിനാട് ചെമ്മക്കാട് അശ്വിനി നിവാസില്‍ ഡി. ജോയി-ഷീല ജോയി ദമ്പതികളുടെ മകളാണ് അഞ്ജലി. ബി.എഡ്. ബിരുദധാരിയായ അഞ്ജലി കഴിഞ്ഞ ജൂലൈയിലാണ് ജോലിക്കായി ജര്‍മനിയിലെത്തിയത്. സ്വകാര്യ കമ്പനിയുടെ വെയര്‍ഹൗസ് സര്‍വീസിലായിരുന്നു ജോലി. സഹോദരി: അശ്വിനി എസ്. ജോയി.
സിവിന്‍ ജോണിയുടെ അന്ത്യശുശ്രൂഷകള്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ മാണിക്യമംഗലത്തെ കോനൂരാന്‍ വീട്ടില്‍ ആരംഭിച്ചു. മഞ്ഞപ്ര ഫൊറോന വികാരി ഫാ. വര്‍ഗീസ് പൊട്ടക്കിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പ്രാര്‍ഥനാശുശ്രൂഷകളില്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമുള്‍പ്പെടെ വന്‍ജനാവലി പങ്കെടുത്തു. അരമണിക്കൂറോളം നീണ്ട ശുശ്രൂഷകള്‍ക്കുശേഷം മൃതദേഹം ഇടവക ദേവാലയമായ മാണിക്യമംഗലം സെന്റ് റോക്കീസ് പള്ളിയിലേക്ക് കൊണ്ടുപോയി. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മറ്റു ബന്ധുക്കളുടെയും നിലവിളി ഹൃദയഭേദകമായി. മൂന്നരയോടെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി. മാര്‍ തോമസ് ചക്കിയത്ത്, ബെന്നി ബഹനാന്‍ എം.പി. ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഡല്‍ഹിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചെ 1.20നാണ് നെടുമ്പാശേരിയിലെത്തിയത്. ഈ മാസം 14ന് പുലര്‍ച്ചെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിലാണ് അഞ്ജലിയും സുഹൃത്തുക്കളായ സിവിന്‍ ജോണിയും ഇടുക്കി ഇരട്ടയാര്‍ ശാന്തിഗ്രാം കൊച്ചേടാട്ടേല്‍ നോവ സാബുവും മരിച്ചത്.
മൂവരുടെയും പോസ്റ്റ്‌മോര്‍ട്ടം 16ന് പൂര്‍ത്തിയായിരുന്നെങ്കിലും എയര്‍ കാര്‍ഗോ സൗകര്യത്തിന്റെ ലഭ്യതക്കുറവാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് വൈകിപ്പിച്ചത്. നോവ സാബുവിന്റെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍ നടക്കും.



























