ചരിത്രവും ആയോധനവീര്യവും ഇഴചേർന്നുകിടക്കുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൻ്റെ പടനിലം മിഥുനപ്പടയൊരുക്കത്തിൻ്റെ ആവേശക്കടലായി. കായംകുളം രാജാവിൻ്റെയും വേണാട്ടു രാജാവിൻ്റെയും പടയാളികൾ തമ്മിൽ കൊമ്പുകോർത്ത യുദ്ധസ്‌മരണകളിലേക്ക് കേരളക്കരയെ തിരികെക്കൂട്ടിക്കൊണ്ടുപോകാൻ ഓച്ചിറക്കളിക്ക് അങ്കച്ചുവടുകളുമായി പടയാളികൾ പടനിലത്തിറങ്ങിക്കഴിഞ്ഞു. പോരാട്ടവീര്യം നെഞ്ചിലേറ്റിയ യോദ്ധാക്കൾ കൈയുംമെയ്യും മറന്ന് ഏറ്റുമുട്ടി.
തിങ്കളാഴ്ച പുലർച്ചെ കളരികളിൽ പ്രത്യേക വഴിപാടുകളും പൂജകളും നടത്തി യോദ്ധാക്കൾ പ്രത്യേക വേഷവിധാനങ്ങളോടെ തലപ്പാവും ധരിച്ച് പടനിലത്തേക്ക് എത്താൻ തുടങ്ങി. ക്ഷേത്രഭരണസമിതി നൽകിയ ചുവപ്പ്, വെള്ള, സ്വർണവർണങ്ങളിലുള്ള വേഷങ്ങൾ യോദ്ധാക്കളും കളി ആശാൻമാരും ധരിച്ചെത്തിയതോടെ പടനിലം ആവേശത്തിൽ ആറാടി. തുടർന്ന് പടനിലത്തെ വിവിധയിടങ്ങളിൽ നിരന്ന് യോദ്ധാക്കൾ കരക്കളി നടത്തി.
11.30-ന് ഓച്ചിറക്കളിയുടെ ഉ്ദഘാടനം സി.ആർ. മഹേഷ് എം.എൽ.എ. നിർവഹിച്ചു. തുടർന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി ബി.എസ്. വിനോദ് പടത്തലവൻമാർക്ക് ധ്വജം കൈമാറിയതോടെ ഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്രയ്ക്ക് ക്ഷേത്രഭരണസമിതി സെക്രട്ടറി ബി.എസ്. വിനോദ്, പ്രസിഡന്റ് രാജീവ് കടകംപള്ളിൽ, വൈസ് പ്രസിഡന്റ് ആർ.ഡി. പത്മകുമാർ, ട്രഷറർ സാഗർ മക്കാടം, കാര്യനിർവഹണസമിതി അംഗങ്ങൾ, കരനാഥൻമാർ, സ്ഥാനികൾ, കളരിഗുരുക്കൻമാർ തുടങ്ങിയവർ നേതൃത്വം നൽകി.
അലങ്കരിച്ച ഋഷഭവീരൻമാർ, വാദ്യമേളങ്ങൾ, കൊടിതോരണങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടുള്ള ഘോഷയാത്ര അന്നദാനമന്ദിരത്തിനു മുന്നിൽനിന്ന് ആരംഭിച്ച് പടനിലംചുറ്റി തിരികെ എട്ടുകണ്ടത്തിന്റെ വടക്കുഭാഗത്തെത്തി. കൃഷ്ണപ്പരുന്ത് എട്ടുകണ്ടത്തിനു മുകളിൽ വട്ടമിട്ടുപറന്നതോടെ ക്ഷേത്രഭരണസമിതി അംഗങ്ങൾ, കരനാഥൻമാർ തുടങ്ങിയവർ എട്ടുകണ്ടത്തിന് മധ്യത്തിലെത്തി കരപറഞ്ഞ് ഹസ്തദാനം ചെയ്തതോടെ
ഇരുകരകളിലുമായി നിലയുറപ്പിച്ച യോദ്ധാക്കൾ എട്ടുകണ്ടത്തിലിറങ്ങി പോരാട്ടം നടത്തി.
തുടർന്ന് ആയോധനമുറകൾ പരബ്രഹ്മസന്നിധിയിലും അവതരിപ്പിച്ചശേഷം ക്ഷേത്രക്കുളത്തിൽ സ്നാനവും നടത്തി കളരികളിലേക്കു മടങ്ങി. ഓച്ചിറക്കളിയുടെ രണ്ടാംദിവസമായ ഇന്ന് സമാനമായ ചടങ്ങുകളോടെ പോരാട്ടം നടക്കും.





























