കോഴിക്കോട് .മൂന്നാലിങ്കലിൽ അച്ഛൻ മകനെ കുത്തി
പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനാണ് കുത്തേറ്റത്
അച്ഛൻ അബൂബക്കർ സിദ്ദിഖും മകൻ മുഹമ്മദ് ജാബിറും കസ്റ്റഡിയിൽ
പരുക്ക് ഗുരുതരമല്ല
മകൻ ആക്രമിക്കാൻ എത്തിയപ്പോൾ കുത്തിയതാണെന്ന് മൊഴി
ദക്ഷിണാഫ്രിക്കയിൽ ബാറിൽ വെടിവയ്പ് 9 മരണം
ജോഹന്നാസ്‌ബെർഗ്.വെടിവയ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു.
ദക്ഷിണോഫ്രിക്കയിലെ ജോഹന്നാസ്‌ബെർഗിലെ ബെക്കേഴ്‌സ്ഡാൽ ടൗൺഷിപ്പിലെ ബാറിലാണ് വെടിവയ്പുണ്ടായത്
ഇന്നലെ രാത്രി പ്രാദേശിക സമയം ഒരു മണിയോടടുത്താണ് വെടിവയ്പുണ്ടായത്.
അക്രമികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
പത്തു പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് പൊലീസ് പറയുന്നത്.
ഈ മാസം ആദ്യം തലസ്ഥാനമായ പ്രിട്ടോറിയയിൽ ഒരു ബാറിനടുത്ത് നടന്ന വെടിവയ്പിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.
ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച സി.ഐ പ്രതാപചന്ദ്രനെ വാഴ്ത്തി പൊലീസുകാർ പ്രചരിപ്പിച്ച റീൽസ് വിവാദമാകുന്നു
കൊല്ലം:കൊച്ചിയിൽ ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച മുൻ ഇൻസ്പെക്ടറും നിലവിൽ അരൂർ എസ്.എച്ച്.ഒയുമായ കെ.ജി പ്രതാപചന്ദ്രനെ വാഴ്ത്തി പൊലീസുകാർ പ്രചരിപ്പിച്ച റീൽസ് വിവാദമാകുന്നു.പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും വാട്സാപ്പ് സ്റ്റാറ്റസ് അടക്കമുള്ള സമൂഹമാധ്യമ അക്കൗണ്ടുകളിലുമാണ് റീൽസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഹിറ്റായ മമ്മൂട്ടി ചിത്രത്തിലെ ഡയലോഗ് ഉൾക്കൊള്ളിച്ചാണ് റീൽസ് ചിത്രീകരിച്ചത്.”നമ്മുടെ ആത്മാഭിമാനത്തിൻ്റെ മുകളിൽ ഒരുവൻ കാലെടുത്ത് കയറ്റി വയ്ക്കുമ്പോൾ,വച്ച കാലുകൊണ്ടവൻ അവിടെ ചിത്രപണി നടത്തുമ്പോൾ,ഞരമ്പിലൂടെ ഓടുന്നത് കലർപ്പില്ലാത്ത രക്തമാണെങ്കിൽ പൂർവ്വിക പരമ്പരയിലെങ്ങും നപുംസകങ്ങൾ ഇല്ലായെങ്കിൽ നമ്മൾ ചിലപ്പോൾ മാടമ്പിമാരും തമ്പുരാന്മാരുമൊക്കെ ആയിപ്പോകും” എന്ന ഡയലോഗിനൊപ്പം മ്യൂസിക്കും പാട്ടും ഉൾപ്പെടെ മേമ്പൊടികളെല്ലാം ചേർത്ത് ആക്ഷനിലാണ് റീൽസ് ചിത്രീകരിച്ചിരിക്കുന്നത്.അതിനിടെ റീൽസ് വിവാദമായതോടെ പലരും പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.നിയമപാലകനെന്ന തിരിച്ചറിവില്ലാതെ പോലീസ് സ്റ്റേഷനുള്ളിൽ വച്ച് സ്ത്രീത്വത്തെ അപമാനിച്ച സി.ഐയെ വാഴ്ത്തിയുള്ള പോസ്റ്റ് വ്യാപകമായി പ്രചരിപ്പിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായും അറിയുന്നു.
ഒരു വർഷം മുമ്പ് അകാരണമായി ഭർത്താവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടി ചോദ്യം ചെയ്ത് കുട്ടികളുമായി കൊച്ചി നോർത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെയാണ് സി.ഐ ചെകിട്ടത്ത് അടിച്ചത്.ഒരു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഷൈമോൾക്ക് ലഭിച്ചത്.നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രതാപചന്ദ്രനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
മാനവീയം വീഥിയിൽക്രിസ്‌മസ് സാംസ്‌കാരിക സംഗമം ഇന്ന് മുതൽ 24 വരെ
തിരുവനന്തപുരം : ക്രൈസ്തവ ഐക്യ കൂട്ടായ്‌മയായ “പ്ലറോമ” യുടെ നേതൃത്വത്തിൽ വെള്ളയമ്പലം മാനവീയം വീഥിയിൽ ഡിസംബർ 21 മുതൽ 24 വരെ ദിവസവും വൈകുന്നേരം 6.30 മുതൽ 9.30 വരെ ക്രിസ്‌മസ് സാംസ്കാരിക സംഗമം സംഘടിപ്പിക്കും.
ഇന്ന് വൈകിട്ട് 6.30 ന് സംഘാടക സമിതി ചെയർമാൻ ഷെവ. ഡോ. കോശി എം. ജോർജിന്റെ അദ്ധ്യക്ഷതയിൽ വി.കെ. പ്രശാന്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
രക്ഷാധികാരി റവ. അസറിയ ജോസഫ് ക്രിസ്‌മസ് സന്ദേശം നൽകും. “രക്ഷകൻ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വേൾഡ് ഇംപാക്ട് ചർച്ചും ഹൗസ് ഓഫ് പ്രയറും വിവിധ പ്രോഗ്രാമുകൾ അവതരിപ്പിക്കും.
22 ന് വൈകിട്ട് 6.30 മുതൽ സാൽവേഷൻ ആർമി ടെറിറ്റോറിയൽ
ഹെഡ്ക്വാർട്ടേഴ്സ് ക്വയർ, പിആർഎസ്, ഹാർവസ്റ്റ് സിംഗേഴ്സ്, കേശവദാസപുരം സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്, വെട്ടുകാട് കാത്തലിക് ചർച്ച്, പോങ്ങുംമൂട് സെന്റ് മേരീസ് യാക്കോബായ ചർച്ച്, പാറോട്ടുകോണം ലൈഫ് ഫെലോഷിപ്പ്, പേരൂർക്കട കാൽവറി ലൂഥറൻ ചർച്ച്, യുണൈറ്റഡ് ക്വയർ, ഇന്ത്യ കാമ്പസ് ക്രൂസേഡ് എന്നീ ക്വയറുകൾ ക്രിസ്‌മസ് കാരൾ ഗാനങ്ങൾ ആലപിക്കും. പാളയം വാർഡ് കൗൺസിലർ ഷേർലി ചാൾസ് മുഖ്യാതിഥി ആയി പങ്കെടുക്കും.
23-ന് “ഇമ്മാനുവൽ” എന്ന പ്രമേയത്തെ അധികരിച്ച് ഹൈലാൻ്റ് ചർച്ചിന്റെ അവതരണം, ന്യൂ പേരയം സിഎസ്ഐ ക്വയറിൻ്റെ കാരൾ, ലെൻസ് ആന്റ് ലൈറ്റ് പ്രദർശനം എന്നിവ ഉണ്ടായിരിക്കും.
സമാപന ദിവസമായ 24-ന് “സ്നേഹിതൻ” എന്ന വിഷയത്തിൽ ഫ്രീഡം മിനിസ്ട്രി, ബ്ലസിംഗ് ടുഡേ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിക്കും.
വിവിധ സഭാ-സാംസ്‌കാരിക നേതാക്കൾ 4 ദിവസത്തെ പ്രോഗ്രാമുകളിൽ പങ്കെടുത്ത് സംസാരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സനൽ കുമാർ, ജെറിൻ ദാസ് എന്നിവർ അറിയിച്ചു.
രണ്ടു തേക്കുവച്ചാ മതിയായിരുന്നു…. തേക്കിൻ തടി ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്
വില കേട്ടാൽ രണ്ടു തേക്കുവച്ചാ മതിയായിരുന്നുവെന്ന് തോന്നും. അത്രയ്‌ക്കുണ്ട്! ഒരു തേക്ക് തടിയുടെ രണ്ട് കഷ്ണങ്ങൾക്കുംകൂടി നികുതി ഉൾപ്പെടെ ലഭിച്ചത് 31,85,828 രൂപയാണ്. വനംവകുപ്പിന്റെ അരുവാക്കോട് സെൻട്രൽ ഡിപ്പോയിലാണ് തേക്ക് തടികളുടെ ഇൗ റെക്കോഡ് വിൽപ്പന. ഒരു തേക്ക് തടിയുടെ രണ്ട് കഷ്ണങ്ങൾക്കുംകൂടി നികുതി ഉൾപ്പെടെ ലഭിച്ചത് 31,85,828 രൂപ.
ബി കയറ്റുമതി ഇനത്തിൽപ്പെട്ട 1.836 ഘനമീറ്ററുള്ള തേക്ക് തടിക്ക് ഒരു ഘനമീറ്ററിന് 5,43,000 രൂപ പ്രകാരം 9,96,948 രൂപയാണ് ലഭിച്ചത്. ജിഎസ്ടി ഉൾപ്പെടെ 26.5 ശതമാനം നികുതികൂടി കൂട്ടിയാൽ ഒറ്റ കഷ്ണത്തിന് 12,59,922 രൂപ. സി ക്ലാസിൽ കയറ്റുമതി ഇനത്തിൽപ്പെട്ട 2.925 ഘനമീറ്ററുള്ള രണ്ടാം കഷ്ണത്തിന് ഘനമീറ്ററിന് 5,21,000 രൂപ പ്രകാരം 15,23,925 രൂപ ലഭിച്ചു. 26.5 ശതമാനം നികുതി ഉൾപ്പെടെ 19,25,906 രൂപ. ഇതടക്കമാണ് 31,85,828 രൂപ വനം വകുപ്പിന് ലഭിച്ചത്.
വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനം സ്റ്റേഷൻ പരിധിയിൽ പുഞ്ചക്കൊല്ലി ആദിവാസി നഗറിനുസമീപം ഭീഷണിയായിനിന്നിരുന്ന 100 വർഷത്തിലേറെ പഴക്കമുള്ള തേക്ക് തടിയാണ് മുറിച്ച് നിലമ്പൂരിലെ അരുവാക്കോട് ഡിപ്പോയിൽ ലേലത്തിനുവച്ചത്. കഴിഞ്ഞ ദിവസം നടന്ന ഇ ലേലത്തിലാണ് ക്ഷേത്ര നിർമാണത്തിനായി ഗുജറാത്തിലെ ഒരു സ്ഥാപനം ബി കയറ്റുമതി ഇനത്തിലെ തേക്ക് സ്വന്തമാക്കിയത്. തമിഴ്‌നാട് സ്വദേശിയാണ് വീട് നിർമാണത്തിന് സി കയറ്റുമതി ഇനത്തിൽപ്പെട്ട തേക്ക് തടി കൈവശമാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് നിലമ്പൂർ തേക്ക് ഇത്രയും വലിയ വിലയ്ക്ക് ലേലത്തിൽ പോകുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10നും കോർപറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. നിലവിലെ ഭരണസമിതിയുടെ കാലാവധി ശനിയാഴ്‌ച അവസാനിച്ചിരുന്നു.
മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലെയും ചെയർപേഴ്സൺ, മേയർ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് പകൽ 2.30നും നടത്തും. ത്രിതല പഞ്ചായത്തുകളിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പകൽ 2.30നും നടക്കും.
പേനയും പേപ്പറും നെഞ്ചോട് ചേർത്ത് ശ്രീനിയുടെ മടക്കം
മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയങ്ങൾ കീഴടക്കിയ പ്രിയ നടൻ ശ്രീനിവാസന് വിട നൽകി കേരളം. ഇന്ന് രാവിലെ 11:50 ഓടെ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അങ്ങേയറ്റം വൈകാരിക നിമിഷങ്ങൾക്കാണ് കണ്ടനാട്ടെ വീടും പരിസരവും സാക്ഷിയായത്. മക്കളായ വിനീതും ധ്യാനും അന്ത്യകർമങ്ങൾ നിർവഹിച്ചു. മൂത്തമകൻ വിനീത് ശ്രീനിവാസൻ ആണ് ചിതയ്ക്ക് തീ കൊളുത്തിയത്.
ഒരേസമയം മലയാളത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസനെ പേനയും പേപ്പറും നെഞ്ചോട് ചേർത്താണ് ആത്മസുഹൃത്ത് സത്യൻ അന്തിക്കാട് യാത്രയാക്കിയത്. അവാസാനമായി പ്രിയ താരത്തെ ഒരു നോക്ക് കാണാൻ കണ്ടനാട്ടെ വീട്ടിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ശനിയാഴ്ച എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിനും ജനസാഗരമാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്.
രാഷ്ട്രീയ – സിനിമ- സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചത്. മലയാളികളുടെ മുഴുവൻ ഇഷ്ടവും നെഞ്ചിലേറ്റിയാണ് ശ്രീനിവാസൻ മടങ്ങുന്നത്. ഇന്നലെ രാവിലെയാണ് മലയാളിയുടെ പ്രിയപ്പെട്ട ശ്രീനി വിടപറഞ്ഞത്. ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.
അതിഥി തൊഴിലാളി ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് നിഗമനം
പാലക്കാട് വാളയാറിൽ മോഷണകുറ്റം ആരോപിച്ച് അതിഥി തൊഴിലാളി ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് നിഗമനം. രണ്ടു മണിക്കൂർ നീണ്ട ആക്രമണത്തിൽ ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ ചില സ്ത്രീകളും മർദിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം.
അന്വേഷണമേറ്റെടുത്ത ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം പരിശോധിക്കും. ആക്രമണത്തിൽ പതിനഞ്ചോളം പേർ പങ്കാളികളായെന്നും ഇതിൽ ചിലർ നാടുവിട്ടെന്നുമാണ് പൊലീസ് കരുതുന്നത്.
കഴിഞ്ഞ ബുധൻ രാത്രിയിലാണ് ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ഭയ്യാർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കേസിൽ ഇതുവരെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പേരെ അടുത്ത ദിവസങ്ങളിൽ അറസ്റ്റ് ചെയ്തേക്കും.






































