Home Blog Page 536

ട്രയിനിൽ നിന്നു വീണ് കാലുകൾ അറ്റുപോയ മാധ്യമപ്രവർത്തകന് നഷ്ടപരിഹാരം

കൊച്ചി.ട്രെയിനിൽ നിന്ന് വീണ് കാലറ്റു പോയ സംഭവത്തിൽ യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്. മൂന്നുവർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് മാധ്യമപ്രവർത്തകനായ സിദ്ധാർത്ഥ് കെ ഭട്ടതിരി ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയത്. സ്വയം വരുത്തിവെച്ച പരിക്കെന്ന് ട്രൈബ്യൂണൽ ഉത്തരവിനെതിരെയായിരുന്നു സിദ്ധാർത്ഥിന്റെ നിയമ പോരാട്ടം.


2022 നവംബർ 19 ആയിരുന്നു  മാധ്യമപ്രവർത്തകനായ സിദ്ധാർത്ഥ്  ഡൽഹിയിലേക്കുള്ള യാത്രക്കിടെ ഗുജറാത്തിലെ സൂറത്തിൽ വച്ച് അപകടത്തിൽപ്പെടുന്നത്. സിദ്ധാർത്ഥ് സഞ്ചരിച്ച ട്രെയിനിൽ പാൻട്രി ഇല്ലാത്തതിനാൽ ഭക്ഷണം വാങ്ങാനായി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തിരിച്ചു കയറുന്നതിനിടയിലാണ് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് വഴുതി വീണത്. അപകടത്തിൽ സിദ്ധാർത്ഥിന്റെ രണ്ട് കാലും അറ്റു. നഷ്ടപരിഹാരവുമായി റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും സ്വയം വരുത്തിവെച്ച അപകടം എന്നായിരുന്നു മറുപടി. ഇതിനെതിരെയാണ് സിദ്ധാർത്ഥ നിയമ പോരാട്ടം നടത്തി അനുകൂല വിധി നേടിയത്

മനപ്പൂർവമായി വരുത്തിവെച്ച അപകടമല്ലായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു

മനപ്പൂർവ്വം വരുത്തി വയ്ക്കണമെന്ന് ഉദ്ദേശത്തോടെയല്ല അപകടം നടന്നതെന്നും, നോ ഫോൾട്ട് റൂളിന്റെ സുപ്രീംകോടതിയിലുള്ള മുൻകാല വിധികളും സിദ്ധാർത്ഥിന് അനുകൂല ഉത്തരവ് നേടുന്നതിൽ സഹായകമായി. അപകടത്തെ പിന്നാലെ ഉണ്ടായ ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് നിലവിൽ പി.എസ്.ഡി പഠനത്തിലാണ് സിദ്ധാർത്ഥ്

ഇരവിച്ചിറ പടിഞ്ഞാറ് രോഹിണിയിൽ ഗോപാലകൃഷ്ണൻ നായർ നിര്യാതനായി

ശൂരനാട് തെക്ക്: ഇരവിച്ചിറ പടിഞ്ഞാറ് രോഹിണിയിൽ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് കസ്റ്റംസ് & സെൻട്രൽ എക്സൈസ് ഗോപാലകൃഷ്ണൻ നായർ (76) നിര്യാതനായി. സംസ്ക്കാരം നാളെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ കമലമ്മയമ്മ. മക്കൾ ബിന്ദു കെ.,ബിജു.ജി (കെഎംഎംഎൽ) ബിനു ജി.(ബി എസ് എഫ്).
മരുമക്കൾ .ശ്രീകുമാർ ആർ, ഗോപിക എസ് നായർ, സന്ധ്യ (റെയിൽവേ).

കിഴക്കേ കല്ലടയിൽ ബിജെപി വനിതാ നേതാവിന് നേരെ അക്രമം;വീടു കയറി മർദ്ദിച്ചതായി പരാതി

കിഴക്കേ കല്ലട:കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച വനിതയെ വീടു കയറി ക്രൂരമായി മർദ്ദിച്ചതായി പരാതി.സിപിഎം പ്രവർത്തകനായ ബ്രിജിത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് ആരോപിച്ച് മുട്ടം 12-ാം വാർഡ് സ്ഥാനാർത്ഥിയായിരുന്ന സോജാ മേരി കിഴക്കേ കല്ലട പൊലീസിൽ പരാതി നൽകി.പരാതിയിൽ പറയുന്നത്:കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്.വീടിന്റെ പിൻവാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന പ്രതി വനിതാ നേതാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഇവരുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ മാല പൊട്ടിക്കുകയും ചെയ്തു.മർദ്ദനത്തിൽ യുവതിയുടെ കഴുത്തിലും ശരീരമാസകലം മുറിവുകൾ പറ്റിയിട്ടുണ്ട്.തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത് മുതൽ ബ്രിജിത്തിന്റെ നേതൃത്വത്തിൽ തനിക്ക് നിരന്തരമായ ഭീഷണിയുണ്ടായിരുന്നുവെന്ന് വനിതാ നേതാവ് പറഞ്ഞു.ഇതാണ് വീടു കയറിയുള്ള മർദ്ദനത്തിന് പിന്നിലെന്നും ഇവർ ആരോപിക്കുന്നു.അതിടെ ആക്രമണവുമായി ബന്ധപ്പെട്ട്
പോലീസിൽ പരാതി നൽകിയിട്ടും പ്രതിക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.ഗുരുതരമായ പരിക്കുകളോടെ വനിതാ നേതാവ് ചികിത്സയിലാണ്.പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.

വെസ്റ്റ് കല്ലട സഹകരണ ബാങ്ക് അഞ്ചു കോടി രൂപയുടെ പുതിയ വായ്പകൾ വിതരണം ചെയ്യും

ശാസ്താംകോട്ട:വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്കിന്റെ 2025-26 വർഷത്തെ വാർഷിക പൊതുയോഗം നടന്നു.2024 -25 വർഷത്തെ ബഡ്ജറ്റും റിപ്പോർട്ടും അംഗീകരിച്ചു.അടുത്ത വർഷത്തേക്കുള്ള 83 കോടി രൂപയുടെ ബഡ്ജറ്റ് പൊതുയോഗം പാസാക്കി.അടുത്തവർഷം അഞ്ചു കോടി രൂപയുടെ പുതിയ വായ്പകൾ വിതരണം ചെയ്യാനും പുതിയ ചിട്ടികൾ ആരംഭിക്കുന്നതിനും തീരുമാനിച്ചു.ബാങ്ക് ഭരണസമിതി അംഗം മോഹനൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗം പ്രസിഡന്റ് കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ജെ.ഷീന റിപ്പോർട്ടും ബജറ്റും അവതരിപ്പിച്ചു.ഭരണസമിതി അംഗങ്ങളായ ജ്യോതിസ് രാജ്,ജാസ്മിൻ, സഹകാരികളായ കടപുഴ മാധവൻ പിള്ള,കോട്ടാങ്ങൽ രാമചന്ദ്രൻ പിള്ള,ദിനകർ കോട്ടക്കുഴി,ബ്രാഞ്ച് മാനേജർ വി.ആർ വിഷ്ണു എന്നിവർ സംസാരിച്ചു.ഭരണസമിതി അംഗം സുബ്രഹ്മണ്യൻ സ്വാഗതവും എ.കെ സലീബ് നന്ദിയും പറഞ്ഞു.

അറ്റുപോയ ചെവി അപൂര്‍വ ശസ്ത്രക്രിയയിലൂടെ കാലില്‍ തുന്നിച്ചേര്‍ത്തു

യുവതിയുടെ അറ്റുപോയ ചെവി അപൂര്‍വ ശസ്ത്രക്രിയയിലൂടെ വീണ്ടും തുന്നിച്ചേര്‍ത്ത് ഡോക്ടര്‍മാര്‍. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ജിനാന്‍ നഗരത്തിലുള്ള ആശുപത്രിയിലാണ് സംഭവം. അറ്റുപോയ ചെവി യുവതിയുടെ കാലില്‍ തുന്നിച്ചേര്‍ക്കുകയും പിന്നീട് മാസങ്ങള്‍ക്കുശേഷം യഥാസ്ഥാനത്ത് തിരികെ വെക്കുകയുമായിരുന്നുവെന്ന് സൗത്ത് ചൈനാ മോണ്ങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നത്.
ജോലിസ്ഥലത്തെ വലിയ മെഷീനില്‍ കുടുങ്ങിയാണ് യുവതിക്ക് അപകടമുണ്ടായത്. ജീവന് ഭീഷണിയായേക്കാവുന്ന പരിക്കുകളാണ് യുവതിക്ക് ഉണ്ടായിരുന്നതെന്ന് ഷാന്‍ഡോങ് പ്രവിശ്യയിലെ ആശുപത്രിയിലെ മൈക്രോ സര്‍ജറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ക്വി ഷെന്‍ക്വിയാങ് പറഞ്ഞു. ശിരോചര്‍മത്തിന്റെ വലിയൊരു ഭാഗവും മുഖത്തെയും കഴുത്തിലെയും ചര്‍മഭാഗങ്ങളും നഷ്ടമായിരുന്നു.
സ്ത്രീയുടെ തലയില്‍ ചെവി വീണ്ടും തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും രക്തക്കുഴലുകള്‍ക്കും ടിഷ്യുകള്‍ക്കും വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇത് സാധ്യമായില്ല. തുടര്‍ന്ന് തലയോട്ടിയിലെ മുറിവ് ഭേദമാകുന്നതുവരെ ചെവിയെ ‘ജീവനോടെ’ നിലനിര്‍ത്തുന്നതിനായി യുവതിയുടെ കാലിന്റെ മുകള്‍ഭാഗത്ത് ചെവി ഗ്രാഫ്റ്റ് ചെയ്യുകയായിരുന്നു. കാലിലെ ധമനികളും സിരകളും ചെവിയിലെ രക്തക്കുഴലുകളുമായി പൊരുത്തപ്പെടുന്നതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

10 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ചെവി കാലില്‍ ഗ്രാഫ്റ്റ് ചെയ്തത്. ഇതിനിടെ യുവതിയുടെ വയറ്റില്‍ നിന്നെടുത്ത ചര്‍മം തലയില്‍ ഗ്രാഫ്റ്റ് ചെയ്യുന്ന ശസ്ത്രക്രിയയും നടത്തി. അഞ്ച് മാസത്തിന് ശേഷം വീക്കം ഇല്ലാതാവുകയും മുറിവുകള്‍ ഉണങ്ങുകയും ചെയ്തതോടെ കാലില്‍ ഘടിപ്പിച്ചിരുന്ന ചെവി തലയില്‍ തന്നെ തിരികെ തുന്നിച്ചേര്‍ത്തും. ആറ് മണിക്കൂറില്‍ കൂടുതല്‍ സമയമെടുത്താണ് ചെവി യഥാസ്ഥാനത്ത് തുന്നിച്ചേര്‍ത്തത്.

‘തിയോഫനി 2025’ കാരൾ മത്സരം ആവേശമായി; ഐക്യത്തിന്റെ സന്ദേശവുമായി കെ.സി.സി യുവജനങ്ങൾ

തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) യൂത്ത് കമ്മീഷൻ സൗത്ത് റീജിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘തിയോഫനി 2025’ ക്രിസ്തുമസ് കാരൾ  മത്സരം പേരൂർക്കട കാൽവറി ലൂഥറൻ ചർച്ചിൽ നടന്നു. ദക്ഷിണ കേരളത്തിലെ വിവിധ സഭകളിൽ നിന്നുള്ള യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി, സഭകൾ തമ്മിലുള്ള ഐക്യത്തിന്റെയും കൂട്ടായ്മയുടെയും വേദി കൂടിയായി മാറി.
സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് റൈറ്റ് റവ. ഡോ. ഓസ്റ്റിൻ എം.എ. പോൾ ഉദ്ഘാടനം ചെയ്തു.കെ സി സി വട്ടിയൂർകാവ് അസംബ്ലി പ്രസിഡൻ്റ് റവ. ഫാ. സാം കാഞ്ഞിക്കൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
കെ.സി.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റവ. എ.ആർ. നോബിൾ, കാൽവറി ലൂഥറൻ ചർച്ച് വികാരി റവ. ജെ.എച്ച്. പ്രമോദ് എന്നിവർ ആശംസകൾ അർപ്പിച്ചു .
ആവേശകരമായ മത്സരത്തിൽ കാൽവറി ലൂഥറൻ യൂത്ത് ക്വയർ ഒന്നാം സ്ഥാനവും മുത്തൂറ്റ് ഫിൻകോർപ്പ് സ്പോൺസർ ചെയ്ത 10,001 രൂപയും മെമെന്റോയും നേടി. കെ.സി.സി വട്ടിയൂർക്കാവ് അസംബ്ലി യൂത്ത് ക്വയർ ടീം 7001 രൂപ ക്യാഷ് പ്രൈസോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മെട്രോ സ്കാൻസ് ആൻഡ് ലബോറട്ടറി സ്പോൺസർ ചെയ്ത 5001 രൂപയും മെമെന്റോയും നേടി വിന്നേഴ്സ് ഫോർ ജീസസ് ക്വയർ ഗ്രൂപ്പ് മൂന്നാം സ്ഥാനത്തെത്തി. വിജയികൾക്ക് അതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
കെ.സി.സി യൂത്ത് കമ്മീഷൻ സൗത്ത് റീജിയൻ ചെയർപേഴ്സൺ അഡ്വ. ആൽബി അന്ന എബി സ്വാഗതവും,കെ.സി.സി വട്ടിയൂർക്കാവ് അസംബ്ലി സെക്രട്ടറി അശ്വിൻ ഇ. ഹാംലെറ്റ് നന്ദിയും പറഞ്ഞു.

ഒരു തവണയെങ്കിലും നാരങ്ങാവെള്ളം കുടിക്കാം…. ഗുണങ്ങളേറെ

ദിവസത്തില്‍ ഒരു തവണയെങ്കിലും നാരങ്ങാവെള്ളം കുടിക്കാം. വെറുതെ പറയുന്നതല്ല, ഗുണങ്ങള്‍ ഏറെയാണ്. വിശപ്പും ദാഹവും എല്ലാം അകറ്റാന്‍ ഈ പാനീയത്തിനാകും. മാത്രമല്ല ആരോഗ്യവും സൗഖ്യവും പകരാനും നാരങ്ങാവെള്ളം സഹായിക്കും. വൈറ്റമിന്‍ സി യും ആന്റിഓക്‌സിഡന്റുകളും ധാരാളമടങ്ങിയ നാരങ്ങയില്‍ ഫോളേറ്റ്, പൊട്ടാസ്യം, ബി വൈറ്റമിനുകളും ആവോളമുണ്ട്. ഊര്‍ജമേകുന്നതോടൊപ്പം തന്നെ ഇവയെല്ലാം ഫിറ്റ്‌നെസ് നിലനിര്‍ത്താനും സഹായിക്കും. നാരങ്ങാവെള്ളം കുടിച്ചാല്‍ ലഭിക്കുന്ന ചില ഗുണങ്ങള്‍ താഴെപ്പറയുന്നവയാണ്:

ആന്റി ഓക്‌സിഡന്റുകള്‍
നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളില്‍ ആന്റി ഓക്‌സിഡന്റായ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരകോശങ്ങളെ ഫ്രീറാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ശരീരത്തില്‍ ഇന്‍ഫ്‌ലമേഷന്‍ ഉണ്ടാക്കുകയും കാന്‍സര്‍, ടൈപ്പ് 2 പ്രമേഹം, വൃക്കത്തകരാര്‍, കരള്‍ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യുന്ന തന്മാത്രകളാണ് ഫ്രീറാഡിക്കലുകള്‍. കൂടാതെ വൈറ്റമിന്‍ സി പ്രോട്ടീന്റെ ഉപാപചയ പ്രവര്‍ത്തനത്തിലും അരുണ രക്താണുക്കളുടെ ഉല്‍പാദനത്തില്‍ അയണിന്റെ ആഗിരണത്തിനും ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനും പ്രധാന പങ്കുവഹിക്കുന്നു.

ശരീരഭാരം കുറയ്ക്കും
ശരീരത്തിലെ ജലാംശം കൂട്ടുന്നതുകൊണ്ടു തന്നെ ശരീരഭാരം കുറയാന്‍ സഹായിക്കും.

വൃക്കയില്‍ കല്ല് വരാതെ തടയുന്നു
വൃക്കയിലെ കല്ലിന്റെ രൂപീകരണം നാരങ്ങയിലടങ്ങിയ സിട്രിക് ആസിഡ് തടയുന്നു. സിട്രിക് ആസിഡിലെ ഒരു ഘടകമാണ് സിട്രേറ്റ്. ഇത് മൂത്രത്തിലെ അമ്ലഗുണം കുറക്കും. കൂടാതെ ചെറിയ കല്ലുകളെ ഇത് വിഘടിപ്പിക്കാനും സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് കുടിക്കുന്നത് വൃക്കയില്‍ കല്ല് വരാതെ തടയും.

പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും
പായ്ക്കറ്റില്‍ ലഭ്യമായ മറ്റ് ജ്യൂസുകളിലും സോഡകളിലുമെല്ലാം ധാരാളംം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കുടിക്കുന്നത് പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. മറ്റ് അഡിറ്റീവുകള്‍ ഒന്നും അടങ്ങിയിട്ടില്ലാത്ത വളരെ നാച്വറല്‍ ആയ പാനീയമാണ് നാരങ്ങാവെള്ളം. ദാഹമകറ്റുന്നതിനോടൊപ്പം ഊര്‍ജമേകുകയും ദന്താരോഗ്യവും വായയുടെ ആരോഗ്യവും നിലനിര്‍ത്തുകയും ചെയ്യും.

ദഹനത്തെ എളുപ്പമാക്കും
ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനത്തെ എളുപ്പമാക്കും. നാരങ്ങയ്ക്ക് ഉദരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഒരു ഡൈജസറ്റീവ് ഫ്‌ലൂയ്ഡ് ആയ ഗ്യാസ്ട്രിക് ആസിഡിന്റെ ഉല്‍പാദനം കൂട്ടാന്‍ കഴിയും. ഭക്ഷണത്തെ വിഘടിപ്പിക്കാനും ദഹിപ്പിക്കാനും സഹായിക്കുന്നത് ഈ ആസിഡ് ആണ്. ദഹനപ്രശ്‌നങ്ങളായ ആസിഡ് റിഫ്‌ലക്‌സ് അകറ്റാനും മലബന്ധമകറ്റാനും നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ കഴിയും.

തൊഴിൽ വൈദഗ്ധ്യമുള്ളവർക്ക് സ്വാഗതം, ചട്ടങ്ങൾലളിതമാക്കാൻ ഏജൻസിയുമായി ജർമനി

കൊച്ചി: ‘തൊഴിൽ വൈദഗ്ധ്യമുള്ള ഒട്ടേറെ ചെറുപ്പക്കാർ ഇന്ത്യയിലുണ്ട്. ജർമനിയിലേക്കു വരാൻ താത്പര്യമുള്ളവരെ സ്വാഗതം ചെയ്യുന്നു. അവർക്കായി നടപടിക്രമങ്ങൾ ലളിതമാക്കാനായി വർക്ക് ആൻഡ് സ്റ്റേ ഏജൻസി ആരംഭിക്കുകയാണ് ജർമനി. ഔദ്യോഗിക ചിട്ടവട്ടങ്ങൾ ആകർഷകമാക്കാനാണ് ഈ ഓൺലൈൻ ഏകജാലകസംവിധാനം’ -ജർമൻ പാർലമെന്റിലെ മുതിർന്ന അംഗം ജോസഫ് ഓസ്റ്റർ പറയുന്നു. ചാവറ കൾച്ചറൽ സെന്ററിൽ സന്ദർശനത്തിന് എത്തിയ ജർമൻ പാർലമെന്റ് അംഗങ്ങളുടെ സംഘത്തെ നയിക്കുന്നത് ജോസഫ് ഓസ്റ്റർ ആണ്.

‘വിദേശ രാജ്യങ്ങളിൽ ഇന്ത്യയാണ് ജർമനിക്ക് ഏറെ പ്രധാനം. ഇരു രാജ്യങ്ങൾക്കും വലിയ സാംസ്കാരിക പൈതൃകവും നല്ല നയതന്ത്രബന്ധവുമുണ്ട്. ജർമനിയിലേക്ക് വരാൻ താത്പര്യമുള്ള വിദഗ്ധരായ ചെറുപ്പക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതും ഞങ്ങളുടെ ഈ സന്ദർശനത്തിന്റെ ഒരു ലക്ഷ്യമാണ്’-അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റം പരമാവധി കുറയ്ക്കാൻ പല നടപടികളും ജർമനി എടുത്തുവെന്ന് ജോസഫ് ഓസ്റ്റർ പറഞ്ഞു. അതിർത്തി സുരക്ഷയും പോലീസ് നിരീക്ഷണവും വർധിപ്പിച്ചു. ഇപ്പോൾ യൂറോപ്പിലെ കുടിയേറ്റ നിയമങ്ങളിൽ പൊളിച്ചെഴുത്ത് നടക്കുകയാണ്. പക്ഷേ, അതെല്ലാം അനധികൃത കുടിയേറ്റത്തിന്റെ കാര്യത്തിലാണ്. നിയമാനുസൃതം വരുന്നവർക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല. ജർമനി ഏറ്റവും സുരക്ഷിതമായ രാജ്യമാണ്.

മതഭേദമില്ലാതെ എല്ലാവർക്കും മനുഷ്യാവകാശങ്ങൾ ജർമനി ഉറപ്പുനൽകുന്നുണ്ട്. പാർലമെന്റ് മന്ദിരത്തിലുള്ളത് പൊതുപ്രാർഥനാമുറിയാണ്. എല്ലാ മതക്കാർക്കും അത് ഉപയോഗിക്കാം. വരുന്നവർ അവരുെട മതചിഹ്നങ്ങൾ വച്ച് അവരുടേതായ രീതിയിൽ പ്രാർഥിക്കുന്നു.

സോഷ്യൽ മീഡിയയിലെ വിദ്വേഷപ്രചാരണവും കുപ്രചാരണവും ലോകത്തെങ്ങുമുള്ളതുപോലെ ജർമനിയിലുമുണ്ട് എന്ന് ജോസഫ് ഓസ്റ്റർ പറഞ്ഞു. അത് ജനാധിപത്യത്തിലെ ഒരു പൊതുപ്രശ്നമാണ്. ജർമനി അതിനെ ചെറുക്കാൻ ബോധവത്കരണവും ഇന്റലിജൻസ് സംവിധാനവും ശക്തിപ്പെടുത്തുന്നുണ്ട്.

സഹിഷ്ണുതയുടെ കാര്യത്തിൽ ലോകത്ത് പലയിടത്തും വെല്ലുവിളികളുണ്ട് എന്നത് വാസ്തവമാണ്. നിങ്ങളുടെ നാട് വ്യത്യസ്തമാണ്. ഈ സാംസ്കാരികവൈവിധ്യവും സഹിഷ്ണുതയും ശ്രദ്ധേയമാണ് -അദ്ദേഹം പറഞ്ഞു.

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും കഴിക്കേണ്ട 6 നട്സുകൾ ഇതാണ്

അവധി ദിവസങ്ങളിൽ വീട്ടിൽ നിൽക്കുമ്പോഴും ദൂരയാത്ര പോകുമ്പോഴൊക്കെയും ലഘുഭക്ഷണങ്ങൾ നമ്മൾ കഴിക്കാറുണ്ട്. എന്നാൽ വെറുതെ എന്തെങ്കിലും കഴിച്ചതുകൊണ്ട് കാര്യമില്ല. പോഷക ഗുണമുള്ള ഭക്ഷണങ്ങൾ തന്നെ കഴിക്കേണ്ടതുണ്ട്. ഈ നട്സ് കഴിക്കൂ.

വാൽനട്ട്

വാൽനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡ് ഉണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിന് പ്രധാന പങ്കുവഹിക്കുന്നു. കൂടാതെ വാൽനട്ടിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

ബദാം

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് ബദാം. ഇത് ചീത്ത കൊളസ്റ്ററോളിനെ ഇല്ലാതാക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും ബദാം കഴിക്കുന്നത് നല്ലതാണ്.

അണ്ടിപ്പരിപ്പ്

നിരവധി ഗുണങ്ങൾ അടങ്ങിയതാണ് അണ്ടിപ്പരിപ്പ്. ദിവസവും ഇത് കഴിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വിറ്റാമിൻ, മിനറൽ, മഗ്നീഷ്യം, കോപ്പർ, സിങ്ക് എന്നിവ അണ്ടിപ്പരിപ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

പീനട്ട്

പീനട്ട് വറുത്ത് കഴിക്കുന്നതാണ് നല്ലത്. ഇതിൽ ധാരാളം പ്രോട്ടീനുകളും ആരോഗ്യമുള്ള കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്റ്ററോളിനെ ഇല്ലാതാക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പൈൻ നട്‌സ്

പൈൻ നട്‌സിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് ശീലമാക്കാം. വിശപ്പ് നിയന്ത്രിക്കാൻ പൈൻ നട്‌സ് കഴിക്കുന്നത് നല്ലതാണ്.

പിസ്ത

പിസ്തയിൽ ധാരാളം വിറ്റാമിൻ ബി6 ഉം മറ്റ് പോഷകഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.

ഇക്കാര്യം ശ്രദ്ധിക്കൂ….നെഞ്ചെരിച്ചില്‍ ഒഴിവാക്കാം….

പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് നെഞ്ചെരിച്ചല്‍. പ്രായഭേദമന്യേ എല്ലാവരെയും ഇത് ബുദ്ധിമുട്ടിക്കാറുണ്ട്. നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ ചെറിയ ഒരു ശ്രദ്ധ വരുത്തിയാല്‍ നെഞ്ചെരിച്ചലിന് പരിഹാരം കാണാനാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ആമാശയത്തിലെ ആസിഡ് തൊണ്ടയിലേക്ക് തികട്ടി വരുന്നതുമൂലം നെഞ്ചിലുണ്ടാകുന്ന പുകച്ചിലാണ് നെഞ്ചെരിച്ചലിന് കാരണം. തുടര്‍ച്ചയായി ഈ പ്രശ്‌നമുണ്ടാകുമ്പോള്‍ അതിനെ ഗ്യാസ്‌ട്രോ-ഈസോഫാഗല്‍ റിഫ്‌ലക്‌സ് ഡിസീസ് എന്ന് വിളിക്കും. ഭക്ഷണ സാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ മാത്രമല്ല മാനസിക സമ്മര്‍ദം പോലും നെഞ്ചെരിച്ചലിന് കാരണമാകാറുണ്ട്.
നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നത് പലപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷമാണ്. നെഞ്ചെരിച്ചില്‍, നെഞ്ചില്‍ അനുഭവപ്പെടുന്ന പുകച്ചില്‍, വായില്‍ പുളിയോ കയ്‌പ്പോ അനുഭവപ്പെടുന്നത്, വയറുവീര്‍ക്കുന്നത്, ഏമ്പക്കം എന്നിങ്ങനെ പോകുന്നു ലക്ഷണങ്ങള്‍. രാവിലെ ഉണ്ടാകുന്ന ശബ്ദമടപ്പ്, തൊണ്ടവേദന, തൊണ്ടയില്‍ എന്തോ കുടുങ്ങിയതുപോലെയുള്ള തോന്നല്‍ എന്നിവയും നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങളില്‍പ്പെടും.
ഇന്ന് പലരും രാത്രി ഏറെ വൈകിയും ഭക്ഷണം കഴിക്കുന്നവരാണ്. അതൊരു ശീലമായി മാറി. ആളുകളുടെ ജോലിസമയവും എളുപ്പത്തില്‍ ലഭ്യമാകുന്ന ഇന്‍സ്റ്റന്റ് ഭക്ഷണങ്ങളും മൂലം രാത്രി പത്തിന് ശേഷമാണ് പലരും ഡിന്നര്‍ കഴിക്കുന്നത്. ഈ ശീലം ദഹനവ്യവസ്ഥയ്ക്ക് പണി തരുമെന്ന് മുന്നറിയിപ്പ് തരുകയാണ് വിദഗ്ധര്‍.
ദഹനത്തെ മാത്രമല്ല ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഈ ശീലം കാരണമായേക്കും. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് നന്നല്ല. ശരീരം വിശ്രമിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് വയറിങ്ങനെ നിറഞ്ഞിരിക്കുന്നത് എന്നോര്‍ക്കണം. ഉറങ്ങാന്‍ കിടക്കുമ്പോള്‍ വയറും അന്നനാളവും ഒരേ തലത്തില്‍ വരികയും ഇത് ആസിഡ് മുകളിലേക്ക് വരുന്നതിന് കാരണമാകുകയും ചെയ്യും. തുടര്‍ച്ചയായ നെഞ്ചെരിച്ചില്‍, തൊണ്ടയില്‍ അസ്വസ്ഥത എന്നിവയിലേക്ക് ഇത് നയിക്കും.
ഉറക്കത്തേയും രാത്രി വൈകിയുള്ള ഈ ഭക്ഷണം കഴിക്കല്‍ പ്രതികൂലമായി ബാധിച്ചേക്കും. ഭക്ഷണം കഴിച്ച ഉടന്‍ ഉറങ്ങുന്നതുമൂലം കുടലില്‍ അസ്വസ്ഥതയുണ്ടാകും. ഇത് ഉറക്കം നഷ്ടപ്പെടുത്തും, നിങ്ങളെ ക്ഷീണിതരാക്കും. രാത്രിയിലെ ശീലങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് ആരോഗ്യത്തില്‍ വലിയ ഗുണം ചെയ്യും. നേരത്തെ അത്താഴം കഴിക്കുന്നത് ഒരു ശീലമാക്കാം. കൊഴുപ്പും എണ്ണമയവുമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും പതിവായി കഴിക്കാതെ ഇരിക്കുന്നതും നല്ലതാണ്.