Home Blog Page 530

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 153 ഒഴിവ്; കേരളത്തിലും അവസരം

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ 153 അപ്രന്റിസ് അവസരം. കേരളത്തിൽ 10 ഒഴിവുണ്ട്. ഒരു വർഷമാണു പരിശീലനം. ജനുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. 2021 ജൂലൈ ഒന്നിനു മുൻപു യോഗ്യത നേടിയവരാകരുത്.

∙പ്രായം: 21–28.

2025 ഡിസംബർ ഒന്ന് അടിസ്ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും.

∙സ്റ്റൈപൻഡ്: 9000.

∙അപേക്ഷ: ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് അപേക്ഷിക്കുക. https://nats.education.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തശേഷം അപേക്ഷിക്കണം.

വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക്: www.uiic.co.in

പുരികം മനോഹരമാക്കാൻ ആരും പറയാത്ത 5 ‘സീക്രട്ട്’ ടിപ്സുകൾ

മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ ലോകത്ത് പഴയ ‘പെൻസിൽ വരകൾ’ മാറി ഇന്ന് സ്വാഭാവികതയ്ക്കാണ് മുൻഗണന. കട്ടിയുള്ള പുരികങ്ങൾ മുതൽ തിളക്കമാർന്ന ‘സോപ്പ് ബ്രൗസ്’ വരെ നീളുന്ന പുതിയ മേക്കപ്പ് വിദ്യകൾ ഏതൊരാൾക്കും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതേയുള്ളൂ.

“കണ്ണുകൾ ഹൃദയത്തിന്റെ ജാലകങ്ങളാണെങ്കിൽ, പുരികങ്ങൾ ആ ജാലകത്തിന്റെ ഫ്രെയിമുകളാണ്” എന്നൊരു ചൊല്ലുണ്ട്. നമ്മുടെ മുഖത്തിന്റെ ഭാവങ്ങൾ പ്രകടിപ്പിക്കുന്നതിലും ലുക്കിന് പൂർണ്ണത നൽകുന്നതിലും പുരികങ്ങൾക്കുള്ള പങ്ക് അത്രമേൽ വലുതാണ്. ശരിയായ രീതിയിൽ ഷേപ്പ് ചെയ്തതും എഴുതിയതുമായ പുരികങ്ങൾ ഒരാളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക മാത്രമല്ല, മുഖത്തിന് പെട്ടെന്ന് ഒരു ഫ്രഷ് ലുക്ക് നൽകുകയും ചെയ്യുന്നു. വെറുതെ ഒരു പെൻസിൽ കൊണ്ട് വരയ്ക്കുന്നതിനേക്കാൾ പ്രൊഫഷണൽ ഫിനിഷ് ലഭിക്കാൻ ഈ വഴികൾ പരീക്ഷിച്ചു നോക്കൂ:

  1. സോപ്പ് ബ്രൗസ് – പുതിയ ട്രെൻഡ്
    ഇന്ന് ലോകമെമ്പാടും തരംഗമായിക്കൊണ്ടിരിക്കുന്ന ഒന്നാണിത്. പുരികങ്ങൾ സ്വാഭാവികമായും കട്ടിയുള്ളതും ഉയർന്നു നിൽക്കുന്നതുമായി തോന്നിപ്പിക്കാൻ ഇത് സഹായിക്കും.

ഒരു പുരികം ചീകുന്ന ബ്രഷ് (Spoolie) എടുത്ത് അല്പം ഗ്ലിസറിൻ സോപ്പിൽ തടവുക. ഇത് ഉപയോഗിച്ച് പുരികം മുകളിലേക്ക് ചീകി ഒതുക്കുക. പുരികങ്ങൾ ദിവസം മുഴുവൻ ഒരേ ആകൃതിയിൽ ഇരിക്കാൻ ഇത് സഹായിക്കും.

  1. ‘ഹെയർ സ്ട്രോക്ക്’ രീതി മാത്രം പരീക്ഷിക്കുക
    പുരികം മൊത്തമായി കറുപ്പിച്ച് വരയ്ക്കുന്ന പഴയ രീതി ഒഴിവാക്കാം. പകരം, പുരികത്തിനിടയിലെ വിടവുകളിൽ ചെറിയ രോമങ്ങൾ വരയ്ക്കുന്നത് പോലെ (Hair-like strokes) വളരെ നേർത്ത വരകൾ വരയ്ക്കുക. ഇത് പുരികത്തിന് സ്വാഭാവികമായ ഭംഗി നൽകും.
  2. രണ്ട് ഷെയ്ഡുകൾ ഉപയോഗിക്കുക (Ombre Effect)
    പുരികത്തിന്റെ തുടക്കം മുതൽ ഒരേ ഡാർക്ക് കളർ നൽകരുത്. പുരികത്തിന്റെ തുടക്കത്തിൽ (മൂക്കിനോട് ചേർന്ന ഭാഗം) ലൈറ്റ് ബ്രൗൺ നിറവും, പകുതിക്ക് ശേഷം അല്പം കൂടി ഡാർക്ക് ആയ നിറവും ഉപയോഗിക്കുക. ഇത് പുരികത്തിന് കൂടുതൽ ആഴവും ഭംഗിയും നൽകും.
  3. ഐഷാഡോ ഉപയോഗിച്ചുള്ള മാജിക്
    പെൻസിലിന് പകരം പുരികത്തിന് അനുയോജ്യമായ ഐഷാഡോ പൗഡർ ഉപയോഗിക്കുന്നത് കൂടുതൽ നാച്ചുറൽ ലുക്ക് നൽകും. പെൻസിൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കടുപ്പം ഒഴിവാക്കാൻ പൗഡർ മേക്കപ്പ് സഹായിക്കും.
  4. ഹൈലൈറ്റർ ട്രിക്ക്
    പുരികം എഴുതിക്കഴിഞ്ഞാൽ പുരികത്തിന് തൊട്ടുതാഴെയുള്ള എല്ലിൽ (Brow Bone) അല്പം തിളക്കമുള്ള ഹൈലൈറ്ററോ കൺസീലറോ പുരട്ടുക. ഇത് നിങ്ങളുടെ പുരികം കൂടുതൽ ഉയർന്നു നിൽക്കുന്നതായും (Lifted Look) കണ്ണുകൾക്ക് കൂടുതൽ പ്രസരിപ്പും നൽകും.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

മുടിയുടെ നിറത്തേക്കാൾ ഒരു ഷെയ്ഡ് കുറഞ്ഞ നിറം ഉപയോഗിക്കുക. ഒരിക്കലും കടും കറുപ്പ് (Jet Black) ഉപയോഗിക്കരുത്.

എപ്പോഴും മുകളിലേക്ക് ചീകി ഒതുക്കുക. പുരികത്തിന്റെ തുടക്കത്തിൽ കട്ടിയായി വരയ്ക്കരുത്.

സ്വാഭാവിക വളർച്ചയ്ക്ക് ആവണക്കെണ്ണ ഉപയോഗിക്കുക. അമിതമായി ത്രെഡ് ചെയ്ത് പുരികം തീരെ ഇല്ലാതാക്കരുത്.

‘കോൺഗ്രസ് ബുൾഡോസറുകൾക്ക് ഹാ എന്തു ഭംഗി, കേരളത്തിലെ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു ലീഗിന്‍റെ മനസിൽ’; കടുത്ത വിമ‍ർശനവുമായി എ എ റഹീം

തിരുവനന്തപുരം: ബെംഗളൂരു കൊഗിലു ലേഔട്ടിൽ അനധികൃത കൈയേറ്റമെന്നാരോപിച്ച് വീടുകൾ തകർത്ത സംഭവത്തിൽ മുസ്ലീം ലീഗിന്‍റെ നിലപാടിനെ വിമർശിച്ച് എ എ റഹീം എംപി. കോൺഗ്രസ് സ്വന്തം നയങ്ങൾ കൊണ്ടും സമീപനങ്ങൾ കൊണ്ടും ചെന്നു പെടുന്ന വലിയ കുഴികളിൽ നിന്നും അവരെ പരിക്ക് കൂടാതെ കൈപിടിച്ച് കയറ്റാൻ കരാർ പണിയെടുത്ത ഒരു കരാർ കമ്പനിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന് റഹീം ഫേസ്ബുക്കിൽ കുറിച്ചു. കർണാടകയിലെ ഫക്കീർ കോളനിയിൽ നിന്നും വസീം ലേ ഔട്ടിൽ നിന്നും ക്രൂരമായി കുടിയിറക്കപ്പെട്ടവരിൽ എല്ലാവരും മുസ്ലിങ്ങളും ദളിതരും മാത്രമാണ്.

പേരിൽ ഇന്ത്യൻ യൂണിയൻ എന്നൊക്കെയുണ്ടല്ലോ, രാജ്യത്തെ ‘മുസ്ലിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന ലീഗ്’ കണ്ടീഷണൽ ആകുന്നതിന്‍റെ കാരണം യുക്തിസഹമായി വിശദീകരിക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ബുൾഡോസറുകൾ ഇടിച്ചു നിരത്തിയ കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ കിടക്കേണ്ടി വന്ന മനുഷ്യരായിരുന്നില്ല, വരാനിരിക്കുന്ന കേരളത്തിലെ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു ലീഗിന്‍റെ മനസിൽ. ‘കോൺഗ്രസിന് പോറലേൽക്കരുത്’എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു ലീഗിന്.

പി കെ കുഞ്ഞാലിക്കുട്ടിയും മറ്റ് ലീഗ് നേതാക്കളും നടത്തിയ ന്യായീകരണ ശ്രമങ്ങൾ വസ്തുതകൾക്കോ ധാർമികതയ്ക്കോ ഒട്ടും നിരക്കുന്നതായിരുന്നില്ല. ബിജെപി സർക്കാരുകൾ നടത്തിയ ബുൾഡോസർ രാജിൽ നിന്ന് വ്യത്യസ്തമാണ് കോൺഗ്രസ് നടത്തിയത് എന്ന് കുഞ്ഞാലിക്കുട്ടി സാഹിബ്‌ പറഞ്ഞത് കോൺഗ്രസിനുണ്ടായ ‘ഡാമേജ് മാനേജ്‌മെന്‍റ്’ മാത്രമാണ്.

മുസ്ലിങ്ങൾ മാത്രമല്ല,‘എല്ലാ സമുദായക്കാരുമുണ്ട്’എന്ന് പറഞ്ഞതും പച്ചക്കള്ളം. സത്യം കണ്മുന്നിൽ കാണുമ്പോഴും, ഒരു രീതിയിലും കോൺഗ്രസ് സർക്കാർ ചെയ്തത് നീതീകരിക്കാൻ ആർക്കും സാധിക്കാതിരിക്കുമ്പോഴും വളരെ ദുർബലമായ ന്യായീകരണ വാദങ്ങൾ ഉയർത്തി കോൺഗ്രസിന് പറ്റിയ ‘ഡാമേജ്’ പരിഹരിക്കാനുള്ള ശ്രമങ്ങൾ ലീഗ് നടത്തികൊണ്ടിരുന്നു. ബാബരി മസ്ജിദ് തകർത്തപ്പോഴും ലീഗ് കോൺഗ്രസിനോട് മൃദു ഭാവം കാട്ടി.

കോൺഗ്രസ് കാട്ടിയ ആ ചതിയിൽ നിന്നാണ് സംഘപരിവാർ ഇന്ന് ഇന്ത്യ ഭരിക്കുന്ന പാർട്ടിയായി വളർന്നത്. കൂടുതൽ പറയുന്നില്ല, ലീഗിനൊപ്പം മറ്റൊരു കൂട്ടർ കൂടി ഫക്കീർ കോളനിയിലെയും വസീം ലേ ഔട്ടിലെയും മനുഷ്യത്വ വിരുദ്ധമായ ഈ നടപടിയെ ന്യായീകരിച്ചിട്ടുണ്ട്, അത് കർണാടകയിലെ പ്രതിപക്ഷമാണ്. ബിജെപിയാണ് അവിടെ പ്രതിപക്ഷം.

കർണാടകയിൽ ബിജെപി ചെയ്യാൻ ആഗ്രഹിച്ചത്, രാജ്യത്ത് എല്ലായിടത്തും അവർ ചെയ്യുന്നത്, കർണാടകയിലെ കോൺഗ്രസ് ചെയ്തു. കോൺഗ്രസ് സർക്കാരിന് പ്രതിരോധം തീർക്കാൻ അവിടുത്തെ പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തി. കർണാടകയിൽ കോൺഗ്രസ് ചെയ്തത് സംഘപരിവാർ കേന്ദ്രങ്ങൾക്ക് കൂടി സ്വീകര്യമായ ഒന്നായിട്ടും ലീഗ് ആ കൃത്യത്തെ ന്യായീകരിച്ചു. ‘കോൺഗ്രസ് ബുൾഡോസറുകൾക്ക് ഹാ എന്തു ഭംഗി’ എന്നും എ എ റഹീം കൂട്ടിച്ചേർത്തു.

മറ്റത്തൂർ കൂറുമാറ്റ വിവാദം: അനുനയത്തിന് കോൺ​ഗ്രസ് വിമതർ; കോൺ​ഗ്രസിന് ഒപ്പം തന്നെയെന്ന് വിമത അം​ഗങ്ങൾ

തിരുവനന്തപുരം: മറ്റത്തൂർ കൂറുമാറ്റ വിവാദത്തിൽ അനുനയത്തിന് തയ്യാറായി കോൺ​ഗ്രസ് വിമതർ. റോജി എം ജോണുമായി നടത്തിയ ചർച്ച പൂർത്തിയായി. കോൺ​ഗ്രസിന് ഒപ്പം തന്നെയെന്ന് വിമത അം​ഗങ്ങൾ റോജി എം ജോണിനെ അറിയിച്ചു. എട്ടു പേരിൽ ഒരാൾ പോലും ബിജെപിയിൽ ചേർന്നിട്ടില്ല.

പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണമെന്ന് പാർട്ടി പറഞ്ഞാൽ അനുസരിക്കും. ജയിച്ച എട്ടു മെമ്പർമാരിൽ ഒരാൾ പോലും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും ബിജെപിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വിമത അംഗങ്ങള്‍ അറിയിച്ചു.

സിപിഎമ്മിനെതിരെ പ്രാദേശികമായി നടത്തിയ രാഷ്ട്രീയ നീക്കം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും കോൺഗ്രസ് പുറത്താക്കിയ ഡിസിസി ജനറൽ സെക്രട്ടറി ചന്ദ്രനും സംഘവും റോജി എം ജോണിനെ അറിയിച്ചു. മെമ്പർമാരിൽ ഒരാൾ പോലും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തില്ല. സ്വതന്ത്രനായി ജയിച്ച അംഗത്തെ പ്രസിഡൻറ് ആക്കാൻ ബിജെപിക്കാരും വോട്ട് ചെയ്യുകയായിരുന്നു എന്നും ചന്ദ്രനും മറ്റ് അംഗങ്ങളും റോജിക്കു മുന്നിൽ വിശദീകരിച്ചു. പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്തശേഷം തുടർ തീരുമാനമെന്ന് റോജി എം ജോൺ അറിയിച്ചു. പ്രശ്നപരിഹാരത്തിന് കെപിസിസി ചുമതലപ്പെടുത്തിയത് റോജിയെയാണ്.

പ്രിയങ്കാ ​ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ വിവാഹ നിശ്ചയ കഴിഞ്ഞതായി റിപ്പോർട്ട്

ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകൻ റൈഹാൻ വാദ്രയുടെ (25) വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. തന്റെ ദീർഘകാല കാമുകിയായിരുന്ന അവീവ ബെയ്ഗുമായാണ് വിവാഹമോതിരം കൈമാറിയത്. ഇരുകുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു.

കൂടുതൽ വിപുലമായ വിവാഹനിശ്ചയ ചടങ്ങ് രാജസ്ഥാനിലെ രൺതംബോറിൽ നടക്കും. ഡൽഹിയിലാണ് അവീവയും കുടുംബവും താമസിക്കുന്നത്. മോഡേൺ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയായ ഇവർ ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദം നേടി. ഇന്ത്യയിലുടനീളമുള്ള ഏജൻസികൾ, ബ്രാൻഡുകൾ, ക്ലയന്റുകൾ എന്നിവരുമായി പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫിക് സ്റ്റുഡിയോയും പ്രൊഡക്ഷൻ കമ്പനിയുമായ അറ്റലിയർ 11 ന്റെ സഹസ്ഥാപകയാണ്.

ഡൽഹി ആസ്ഥാനമായുള്ള ഒരു ഫോട്ടോഗ്രാഫറാണ് അവീവ ബെയ്ഗ്. നിരവധി പ്രദർശനങ്ങൾ നടത്തി. അവീവ ഫുട്ബോൾ താരം കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ 11,000 ഫോളോവേഴ്‌സ് ഉണ്ട്. അച്ഛൻ ഇമ്രാൻ ബെയ്ഗ് ഒരു ബിസിനസുകാരനും അമ്മ നന്ദിത ബെയ്ഗ് ഒരു ഇന്റീരിയർ ഡിസൈനറുമാണ്.

ഫോട്ടോഗ്രാഫില്‍ അതീവ തല്‍പരനാണ് റൈഹാന്‍ വാദ്ര. ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ (SOAS) ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പത്ത് വയസ്സുമുതൽ ഫോട്ടോഗ്രഫിയില്‍ താല്‍പര്യം പ്രകടിപ്പിച്ചു. മുംബൈയിലെ കൊളാബയിലെ സമകാലിക ആർട്ട് ഗാലറിയില്‍ റൈഹാന്‍റെ നിരവധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2021-ൽ, ജൂനിയർ വാദ്ര തന്റെ ആദ്യ സോളോ എക്സിബിഷൻ, ‘ഡാർക്ക് പെർസെപ്ഷൻ’ ന്യൂഡൽഹിയിലെ ബിക്കാനീർ ഹൗസിൽ അരങ്ങേറി, ഭാവനാ സ്വാതന്ത്ര്യം എന്ന വിഷയം പര്യവേക്ഷണം ചെയ്തു. 2017-ൽ ഒരു സ്കൂൾ ക്രിക്കറ്റ് മത്സരത്തിനിടെ കണ്ണിന് പരിക്കേറ്റിരുന്നു.

സർക്കാരിന്റെ ബ്രാൻഡിക്ക് ഒരു പേരുവേണം; മികച്ച പേരിന് 10,000 രൂപ സമ്മാനം

പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറിസ് ലിമിറ്റഡില്‍ നിന്നും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് പേര് നല്‍കാം. മദ്യത്തിന്റെ ലോഗോയും പേരും നിര്‍ദേശിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. മികച്ച പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കും.

malabardistilleries@gmail.com എന്ന മെയില്‍ ഐഡിയിലേക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. ജനുവരി ഏഴുവരെയാണ് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള സമയപരിധി.

ജവാന്‍ ഡീലക്‌സ് ത്രീഎക്‌സ് റമ്മിന്റെ വന്‍ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യമായി സ്വന്തമായി ബ്രാന്‍ഡി ഉല്‍പ്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഉല്‍പ്പാദനം ആരംഭിക്കുക.

എല്ലാം അയ്യപ്പന്‍ നോക്കിക്കോളുമെന്ന് എ. പത്മകുമാര്‍…. ദൈവതുല്യന്‍ വേട്ടനായ്ക്കള്‍ അല്ലെന്നും പ്രതികരണം

കൊല്ലം: എല്ലാം അയ്യപ്പന്‍ നോക്കിക്കോളുമെന്ന് എ. പത്മകുമാര്‍. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പതിനാല് ദിവസത്തേക്ക് പത്മകുമാറിനെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു.
ദൈവ തുല്യരായ പലരും പിന്നില്‍ ഉണ്ട് എന്ന് പറഞ്ഞിരുന്നു, ആരാണത് എന്ന ചോദ്യത്തിന് ‘വേട്ടനായ്ക്കള്‍ അല്ല’ എന്നായിരുന്നു മറുപടി. പ്രതികളെല്ലാം പത്മകുമാറിന്റെ പേര് ആണ് പറഞ്ഞിരിക്കുന്നത് എന്ന ചോദ്യത്തിന്, ‘അയ്യപ്പന്‍ നോക്കിക്കോളും. ദൈവ തുല്യന്‍ ശവംതീനിയല്ലെന്നും അദ്ദേഹം പറഞ്ഞു.
റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പത്മകുമാറിനെ ചൊവ്വാഴ്ച കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കേസ് പരിഗണിച്ച കോടതി 14 ദിവസത്തേക്ക് കൂടി പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ ജനുവരി 7-ന് പരിഗണിക്കും.
അതേസമയം, സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു എസ്‌ഐടി കടകംപള്ളിയുടെ മൊഴി രേഖപ്പെടുത്തിയത്. തന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയെന്ന് കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം.
കഴിഞ്ഞ പത്ത് വർഷമായി പക്ഷാഘാതത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മോഹൻലാൽ വീട്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം അമ്മയുടെ 89-ാം പിറന്നാൾ മോഹൻലാൽ ആഘോഷമാക്കിയിരുന്നു. സംഗീതാർച്ചനയും നടത്തിയിരുന്നു.


പരേതനായ വിശ്വനാഥൻ നായർ ആണ് ഭർത്താവ്. ഇടയ്ക്കിടെ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മോഹന്‍ലാലിന്‍റെ അച്ഛനും സഹോദരന്‍ പ്യാരിലാലും അന്തരിച്ച ശേഷം ശാന്തകുമാരി അമ്മ മോഹന്‍ലാലിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.മോഹൻലാലിന്റെ ചാരിറ്റി സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷൻ, അമ്മയുടെയും അച്ഛന്റെയും പേരുകൾ ചേർത്തുകൊണ്ടുള്ളതാണ്. പ്യാരിലാൽ, മോഹൻലാൽ എന്നിവരാണ് വിശ്വനാഥൻ-ശാന്തകുമാരി ദമ്പതികളുടെ മക്കൾ. സഹോദരന്റെയും അച്ഛന്റെയും മരണശേഷം മോഹൻലാൽ അമ്മയെ പരിപാലിച്ചു കൊണ്ട് കൂടെയുണ്ടായിരുന്നു.

സംസ്കാരം നാളെ തിരുവനന്തപുരത്തായിരിക്കുമെന്നാണ് സൂചന

പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ മദ്യപൻ്റെ അതിക്രമം

കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം
മദ്യപനായ യുവാവ് പ്രതിമയ്ക്ക് മുകളിൽ കയറി അസഭ്യവർഷം നടത്തി. ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ചു. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്. സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തി. ഇയാൾ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ. മുഖ്യമന്ത്രിയുടെ നവകേരള സദസിൽ എത്തി ബഹളം ഉണ്ടാക്കിയിരുന്നു. പിങ്ക് പോലീസിന്റെ വാഹനത്തിൻറെ ചില്ലടിച്ച് തകർത്ത കേസിലെയും പ്രതിയാണ്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പുനലൂർ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

പുത്തനമ്പലം കോന്തപ്പള്ളി മുക്കിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു;യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കുന്നത്തൂർ:പുത്തനമ്പലം കോന്തപ്പള്ളി മുക്കിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു.കാറിൽ ഉണ്ടായിരുന്ന രണ്ട്
യുവാക്കൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.പാങ്ങോട് എസ്.എൻ ആയൂർവേദ കോളേജ് ജീവനക്കാരും പുത്തനമ്പലം സ്വദേശികളുമായ ശ്രീജിത്ത്,സൂരജ് എന്നിവരാണ് രക്ഷപ്പെട്ടത്.അപകടത്തിൽ
കാറിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു.

തിങ്കൾ രാത്രിയാണ് സംഭവം.വേമ്പനാട്ടഴികത്ത് ഭാഗത്തു നിന്നുമെത്തിയ കാർ നിയന്ത്രണം വിട്ട് താഴ്ചയിൽ മരങ്ങളിൽ ഇടിച്ച് മറിയുകയായിരുന്നു.