തിരുവനന്തപുരം. വാഹനാപകടത്തിൽ യുവാവും യുവതിയും മരിച്ചു.തിരുവനന്തപുരം പള്ളിച്ചലിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.മുക്കോല സ്വദേശി അമൽ ഒപ്പമുണ്ടായിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതി എന്നിവരാണ് മരിച്ചത്. സിഗ്നലിനു സമീപം ബൈക്ക് നിർത്തിയിട്ടിരുന്നപ്പോൾ പിന്നാലെ ലോറി വന്നു ഇടിക്കുകയായിരുന്നു
ലൈംഗിക പീഡന-ഗർഭചിദ്ര കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനു കുരുക്കായി രണ്ടാംപ്രതി ജോബി ജോസഫിന്റെ മൊഴി
തിരുവനന്തപുരം. ലൈംഗിക പീഡന-ഗർഭചിദ്ര കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനു കുരുക്കായി രണ്ടാംപ്രതി ജോബി ജോസഫിന്റെ മൊഴി.രാഹുലിന്റെയും അതിജീവതയുടെയും സുഹൃത്ത് തന്നു
വിട്ട പൊതി അതിജീവിതയ്ക്ക് കൈമാറി
എന്നാണ് ജോബി മൊഴി നൽകിയിരിക്കുന്നത്.
ജോബി ജോസഫിന്റെ ഫോൺ ഹാജരാക്കണമെന്ന് അന്വേഷണ സംഘം
നോട്ടീസ് നൽകിയിട്ടുണ്ട്.
കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫിനു തിരുവനന്തപുരം ജില്ലാ
പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന്
പിന്നാലെ ആയിരുന്നു ചോദ്യം ചെയ്യൽ. അതിജീവിതയ്ക്ക് താൻ ഒരു പൊതി കൈമാറിയിരുന്നു എന്ന് ജോബി ജോസഫ് മൊഴി നൽകി.പൊതിയിൽ എന്താണെന്ന് അറിയില്ലായിരുന്നു.രാഹുലിന്റെയും അതിജീവതയുടെയും സുഹൃത്താണ് പൊതി തന്നു വിട്ടതെന്നും ഇയാൾ മൊഴി നൽകി.
ഗർഭചിദ്രം നടത്താൻ ഗുളിക കൈമാറിയത് ജോബി എന്നായിരുന്നു അതിജീവിതയുടെ മൊഴി.ഫോൺ ഹാജരാക്കാൻ ജോബിക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്.
ചോദ്യം ചെയ്യാൻ എത്തിയപ്പോൾ ഫോൺ കൊണ്ടുവന്നിരുന്നില്ല. ഫോൺ ഹാജരാക്കിയില്ലെങ്കിൽ ജാമ്യം റദ്ദാക്കാൻ നടപടി എടുക്കാനാണ് അന്വേഷണ
സംഘത്തിന്റെ തീരുമാനം.
പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുന്നിൽ സാഹസം , പാപ്പാനും കുഞ്ഞിൻറെ അച്ഛനുമായ കൊട്ടിയം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു
ആലപ്പുഴ. ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുന്നിൽ സാഹസം കാണിച്ച പാപ്പാനും കുഞ്ഞിൻറെ അച്ഛനുമായ കൊട്ടിയം അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിൽ നിന്നാണ് ഹരിപ്പാട് പോലീസ് എത്തി കസ്റ്റഡിയിൽ എടുത്തത്. കുഞ്ഞിൻറെ പേടി മാറ്റാൻ എന്ന പേരിൽ ആനയുടെ കൊമ്പിൽ കുഞ്ഞിനെ ഇരുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻറെ കിഴക്കേ നടയിലെ വലിയ കൊട്ടാരം വളപ്പിൽ പിഞ്ചുകുഞ്ഞിനെ വെച്ച് ആനയ്ക്ക് മുൻപിൽ കൈവിട്ട കളി നടത്തിയത്. കുഞ്ഞിൻറെ അച്ഛനും ആനയുടെ പാപ്പാനുമായ കൊട്ടിയം അഭിലാഷ് കുഞ്ഞിനെ കൊണ്ട് ആനയ്ക്ക് ഉമ്മ നൽകുകയും ആനയുടെ കൊമ്പിൽ ഇരുത്താൻ ശ്രമിക്കുകയും ആയിരുന്നു. ഇതിനിടയിൽ കുഞ്ഞ് നിലത്ത് വീണു. അഭിലാഷും രണ്ടാം പാപ്പാൻ ജിതിൻ രാജും മദ്യ ലഹരിയിൽ ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്. പോലീസ് ദൃശ്യങ്ങൾ കണ്ട് സ്വമേധയാ കേസെടുത്തതിന് പിന്നാലെ അഭിലാഷ് മുങ്ങി. ഇന്ന് പെരുമ്പാവൂർ ഉള്ള ഭാര്യവീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു. ജിതിൻ രാജിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃഗങ്ങളെ ഉപയോഗിച്ച് ആക്രമണം നടത്തുക, ബാലനീതി വകുപ്പ് എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
സിപിഎം നേതാവ് കെ ലതേഷിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഏഴ് ബിജെപി – ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം
കണ്ണൂര്‍. സിപിഎം പ്രാദേശിക നേതാവ് കെ ലതേഷിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഏഴ് ബിജെപി – ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ്. തലശ്ശേരി നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2008ൽ നടന്ന രാഷ്ട്രീയ കൊലപാതകത്തിൽ നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്.
2008 ഡിസംബർ 31ന് തലശ്ശേരി ചക്യത്ത് മുക്കിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളിൽ നിന്ന് രക്ഷപ്പെടാൻ സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിക്കയറിയ ലതേഷിനെ വീട്ടിനകത്ത് വെച്ചാണ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ലതേഷിന്റെ സുഹൃത്ത് മോഹൻലാലിനെ വധിക്കാൻ ശ്രമിച്ച കേസിലും ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.തലായി സ്വദേശികളായ സുമിത്ത്, പ്രജീഷ് ബാബു, നിതിൻ, സനൽ, സ്മിജേഷ്, സജീഷ്, ജയേഷ് എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
കൊലപാതകം, വധശ്രമം, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെ അഞ്ച് വകുപ്പുകളിലായി 35 വർഷം തടവുശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. വിചാരണ വേളയിൽ പ്രധാന സാക്ഷികൾ ഉൾപ്പെടെ കൂറുമാറിയത് കേസിനെ ബാധിക്കുമെന്ന് കരുതിയെങ്കിലും പ്രോസിക്യൂഷൻ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകൾ പ്രതികൾക്ക് തിരിച്ചടിയായി. 12 പ്രതികളുണ്ടായിരുന്ന കേസിൽ ഒരാൾ മരണപ്പെടുകയും നാലുപേരെ കോടതി വെറുതെ വിടുകയും ചെയ്തു.
നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി ക്വാറി ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
കോഴിക്കോട്.നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി ക്വാറി ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ക്വാറികളിൽ നിന്ന് നിയമവിരുദ്ധമായി പിഴ ഈടാക്കി ഇതര സംസ്ഥാന ലോബികളെ സർക്കാർ സഹായിക്കുന്നു എന്ന് ആരോപിച്ചാണ് ഈ മാസം 26 മുതൽ ക്വാറികളും ക്രഷറുകളും പ്രവർത്തനം നിർത്തിവയ്ക്കുന്നത്.
സംസ്ഥാനത്ത് ക്വാറി ഉൽപ്പന്നങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുന്നതിനിടെയാണ് ക്വാറികളും ക്രഷറുകളും അടച്ചിടാൻ ഉടമകൾ തീരുമാനിച്ചത്. ലൈസൻസ് പുതുക്കി കിട്ടുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കാരണമെന്ന് ഉടമകൾ പറയുന്നു. ഒരു വർഷം മുൻപ് സംസ്ഥാനത്ത് 700ൽ അധികം ക്വാറികൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് നൂറിൽ താഴെ ക്വാറികൾ മാത്രം. ഉൽപ്പന്നങ്ങളുടെ ക്ഷാമം കാരണം വില കുത്തനെ ഉയരുകയാണ്. ഒരു ക്യൂബിക് എം സാന്റിന് 45ൽ നിന്ന് 65 രൂപയായി ഉയർന്നു. മെറ്റലിനും കല്ലിനും വില വർധിച്ചിട്ടുണ്ട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അന്യായമായി പിഴ ഈടാക്കുകയാണെന്ന് ക്വാറി ഉടമകൾ ആരോപിക്കുന്നു.
സമരം ശക്തമായാൽ ദേശീയപാത നിർമ്മാണ പ്രവർത്തികൾ ഉൾപ്പെടെ തടസ്സപ്പെടും. വീട്,മറ്റു കെട്ടിട നിർമ്മാണങ്ങൾ എന്നിവയെയും പ്രതികൂലമായി ബാധിക്കും.
നാലുനാൾ മുമ്പ് കാണാതായ മലപ്പുറം മാന്തടം സ്വദേശി ആദിദേവിനെ കണ്ടെത്തി
മലപ്പുറം.നാലുനാൾ മുമ്പ് കാണാതായ മലപ്പുറം മാന്തടം സ്വദേശി ആദിദേവിനെ കണ്ടെത്തി.ഇന്ന് ഉച്ചയോടെ ചങ്ങരംകുളത്ത് വച്ചാണ് കണ്ടെത്തിയത്.ഞായറാഴ്ച്ചയാണ് പത്താംകാര്സുകാരനെ കാണാതെയായത്.മുടി വെട്ടാണെന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയത് ആയിരുന്നു.ഇന്നു ചങ്ങരംകുളം മദർ ആശുപത്രിക്ക് അടുത്തു വച്ചാണ് കണ്ടെത്തിയത്.വിദ്യാർഥിയുടെ മൊഴി എടുക്കാനായി പോലീസ് കൂട്ടികൊണ്ടുപോയി.
ഡിജിറ്റൽ സർവകലാശാലയിൽ എഐ പ്രൊഫഷണലുകൾക്ക് അവസരം; ജനുവരി 9ന് വാക്ക്-ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ എക്സലൻസ് ഓൺ ജുഡീഷ്യൽ ഇന്റലിജൻസിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ എഐ ഡെവലപ്പർ, എഐ ഡെവലപ്പർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനുവരി 9-ന് തിരുവനന്തപുരത്തുള്ള ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വച്ചാണ് വാക്ക്-ഇൻ ഇന്റർവ്യൂ നടക്കുന്നത്.
ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.
ഇന്റർവ്യൂ സമയം: രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ. കൂടുതൽ വിവരങ്ങൾക്കായി സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://duk.ac.in/notification-nts/) സന്ദർശിക്കുക.
ഒന്നിൽകൂടുതൽ തവണ ചൂടാക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ
ബാക്കിവന്ന ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കുന്നത് ആരോഗ്യകരമാണെന്നാണ് നമ്മൾ കരുതുന്നത്. ഗ്യാസ് സ്റ്റൗവിലും, മൈക്രോവേവിലുമൊക്കെ ഭക്ഷണം ചൂടാക്കാറുണ്ട്. എന്നാൽ എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഇത്തരത്തിൽ ചൂടാക്കാൻ സാധിക്കില്ല. അവ എന്തൊക്കെയാണെന്ന് അറിയാം.
ചോറ്
ബാക്കിവന്ന ചോറ് പലപ്പോഴായി ചൂടാക്കി കഴിക്കുന്ന ശീലം നമുക്കുണ്ട്. എന്നാൽ പാകം ചെയ്ത ചോറ് ദീർഘനേരം റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കാൻ പാടില്ല. ഇത് ചോറിൽ അണുക്കൾ ഉണ്ടാവാൻ കാരണമാകുന്നു. പിന്നീട് ചൂടാക്കിയാലും അണുക്കൾ നശിക്കുകയില്ല.
ഉരുളക്കിഴങ്ങ്
ഫ്രഷായ ഉരുളക്കിഴങ്ങ് പാകം ചെയ്ത് കഴിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ പാകം ചെയ്ത ഉരുളക്കിഴങ്ങ് ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അണുക്കൾ ഉണ്ടാവുകയും ഭക്ഷണം കേടുവരുകയും ചെയ്യുന്നു.
മുട്ട
ചൂടാക്കുന്നതിന് അനുസരിച്ച് മുട്ടയുടെ ഘടനയിലും മാറ്റങ്ങൾ വരുന്നു. ഇത് ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ മുട്ട പെട്ടെന്ന് കേടുവരും. പിന്നീട് ചൂടാക്കിയതുകൊണ്ട് അണുക്കൾ നശിക്കുകയില്ല.
ഇലക്കറികൾ
ഒന്നിൽ കൂടുതൽ തവണ ഇലക്കറികൾ ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കണം. ഇവ ഫ്രഷായോ പാകം ചെയ്ത ഉടനെയോ കഴിക്കുന്നതാണ് ഉചിതം.
ഇറച്ചി
ധാരാളം പ്രോട്ടീൻ ഗുണങ്ങളുള്ള ഭക്ഷണമാണ് മാംസം. ശരിയായ രീതിയിൽ പാകം ചെയ്യാതെ കഴിച്ചാൽ നല്ല ദഹനം ലഭിക്കുകയില്ല. കൂടാതെ ഇതിൽ അണുക്കളും ഉണ്ടാകുന്നു. രണ്ടാമത് ചൂടാക്കുമ്പോൾ ഇവ നശിക്കുകയില്ല.
16 സീറ്റുകൾ പാർട്ടിയോട് ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ്, ഒ ജെ ജനീഷും അബിൻ വർക്കിയും ഉൾപ്പെടെയുള്ളവരുടെ പേരുകൾ ലിസ്റ്റില്‍
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകൾ പാർട്ടിയോട് ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തീരുമാനം. ഒ ജെ ജനീഷ്, ബിനു ചുള്ളിയിൽ, അബിൻ വർക്കി, കെ എം അഭിജിത്, ജിൻഷാദ് ജിന്നാസ്, ജോമോൻ ജോസ്, ജയഘോഷ് എന്നിവരെ യഥാക്രമം കൊടുങ്ങല്ലൂർ, ചെങ്ങന്നൂർ, ആറൻമുള, നാദാപുരം / കൊയിലാണ്ടി, അരൂർ, തൃക്കരിപ്പൂർ, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ മത്സരിപ്പിക്കണം എന്ന ആവശ്യം ഉന്നയിക്കാനാണ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ധാരണയായിരിക്കുന്നത്.
അതിനിടയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്. അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എഐസിസി സ്ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും. രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ എഐസിസി നിരീക്ഷകരും ഉടന്‍ കേരളത്തിലെത്തും. കനഗോലുവിന്‍റെ റിപ്പോര്‍ട്ടും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മാനദണ്ഡമാക്കും.
വേഗത്തിലൊരുങ്ങാൻ കോണ്‍ഗ്രസ്
തെരഞ്ഞെടുപ്പിന് വേഗത്തിലൊരുങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ പ്രചാരണത്തിലേക്ക് കടക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ആദ്യ പടിയായി മധുസൂദന്‍ മിസ്ത്രി ചെയര്‍മാനായ നാലംഗ സ്ക്രീനിങ് കമ്മിറ്റി നടപടികള്‍ തുടങ്ങുകയാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി തിരുവനന്തപുരത്ത് മിസ്ത്രി നേതാക്കളെ കാണും. സിറ്റിങ് സീറ്റുകളിലും തര്‍ക്കമില്ലാത്ത ഇടങ്ങളിലും ആദ്യം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. ആദ്യ പട്ടിക ജനുവരി അവസാനത്തോടെ പുറത്തു വിടാനാണ് ആലോചന.
ഫെബ്രുവരി പകുതിയോടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിക്കും. യുവത്വവും അനുഭവസമ്പത്തുമായിരിക്കും മാനദണ്ഡങ്ങളെന്ന് എഐസിസി വ്യക്തമാക്കി കഴിഞ്ഞു. സ്ക്രീനിങ് കമ്മിറ്റിക്ക് മൂന്ന് സിറ്റിങ്ങെങ്കിലും നടത്തേണ്ടി വരും. കമ്മിറ്റിയിലുള്ളത് ദേശീയ നേതാക്കളായതിനാല്‍ ഡൽഹി ഇടപെടല്‍ കാര്യമായി പ്രതീക്ഷിക്കാം. മുമ്പ് കേരളത്തിന്‍റെ ചുമതലയുണ്ടായിരുന്ന നേതാവായതിനാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ സമവാക്യങ്ങള്‍ മധുസൂദന്‍ മിസ്ത്രിക്ക് നന്നായറിയാം. നിരീക്ഷകരായ സച്ചിന്‍ പൈലറ്റ്, കനയ്യ കുമാര്‍, ഇമ്രാന്‍ പ്രതാപ് ഗഡി, കര്‍ണ്ണാടക ഊര്‍ജ്ജമന്ത്രി കെ ജെ ജോര്‍ജ് തുടങ്ങിയവരും രണ്ടാഴ്ചക്കുള്ളില്‍ കേരളത്തിലെത്തുമെന്നാണ് വിവരം.
കേരളത്തിന് റെയിൽവേയുടെ പുതുവർഷ സമ്മാനം! 16 ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിച്ചു
തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ മന്ത്രാലയം. 16 ട്രെയിനുകൾക്കാണ് വിവിധ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിച്ചത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പുറത്തുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും നന്ദി അറിയിച്ചുകൊണ്ടാണ് ജോർജ് കുര്യൻ വിവരം പുറത്തുവിട്ടത്. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്തുമാണ് റെയിൽവേ മന്ത്രാലയത്തിന്റെ നടപടി. പുതുതായി അനുവദിച്ച സ്റ്റോപ്പുകൾ നിലവിൽ വരുന്നതോടെ ചെറുകിട സ്റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാർക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ പ്രയോജനം ലഭിക്കും. സ്റ്റോപ്പുകൾ സംബന്ധിച്ച കൃത്യമായ സമയക്രമവും ഏതൊക്കെ ട്രെയിനുകൾക്ക് എവിടെയൊക്കെയാണ് പുതിയ സ്റ്റോപ്പുകൾ എന്നതിന്റെ വിശദവിവരങ്ങളും ഉടൻ തന്നെ റെയിൽവേ പുറത്തുവിടുമെന്നാണ് സൂചന. വൈകാതെ തന്നെ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
പുതിയ സ്റ്റോപ്പുകൾ
16127, 16128 ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്പ്രസിന് അമ്പലപ്പുഴയിൽ പുതിയ സ്റ്റോപ്പ്
16325, 16325 നിലമ്പൂർ റോഡ് – കോട്ടയം എക്‌സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്‌റ്റേഷനുകളിൽ പുതിയ സ്റ്റോപ്പുകൾ
16327, 16328 മധുരൈ-ഗുരുവായൂർ എക്‌സ്പ്രസ് ചെറിയനാട് സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്
16334 തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളിൽ പുതിയ സ്റ്റോപ്പുകൾ
16336 നാഗർകോവിൽ – ഗാന്ധിധാം വീക്ക്‌ലി എക്‌സ്പ്രസ് പരപ്പനങ്ങാടി സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്
16341 ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിന് പൂങ്കുന്നം സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്
16366 നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസ് : ധനുവച്ചപുരം സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്
16609 തൃശൂർ – കണ്ണൂർ എക്‌സ്പ്രസ് : കണ്ണൂർ സൗത്ത് സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്
16730 പുനലൂർ-മധുരൈ എക്‌സ്പ്രസ് : ബാലരാമപുരം സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്
16791 ടൂട്ടിക്കോറിൻ-പാലക്കാട് പാലരുവി എക്‌സ്പ്രസ് : കിളിക്കൊല്ലൂർ സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്
19259 തിരുവനന്തപുരം നോർത്ത് – ഭാവ്‌നഗർ എക്‌സ്പ്രസ് : വടകര സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്
22149, 22150 എറണാകുളം – പുണെ എക്‌സ്പ്രസ് : വടകര സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്
16309, 16310 എറണാകുളം – കായംകുളം മെമു : ഏറ്റുമാനൂർ സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്
22475, 22476 ഹിസാർ-കോയമ്പത്തൂർ എക്‌സ്പ്രസ് – തിരൂർ സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്
22651, 22652 ചെന്നൈ സെൻട്രൽ – പാലക്കാട് എക്‌സ്പ്രസ് : കൊല്ലങ്കോട് സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്
66325, 66326 നിലമ്പൂർ റോഡ് ഷൊർണൂർ മെമു : തുവ്വൂർ സ്‌റ്റേഷനിൽ പുതിയ സ്റ്റോപ്പ്


































