Home Blog Page 470

മൈനാഗപ്പള്ളി കടപ്പ കുരുമ്പോലിൽ ചന്ദ്രികാ ദേവി അമ്മ നിര്യാതയായി

മൈനാഗപ്പള്ളി :മൈനാഗപ്പള്ളി കടപ്പ കുരുമ്പോലിൽ പരേതനായ കെ ജി മാധവൻ നായരുടെ സഹധർമ്മിണി ചന്ദ്രികാ ദേവി അമ്മ (83) നിര്യാതയായി. മക്കൾ :അംബികദേവി, അനിത, അജിത്, ഗോപാലകൃഷ്ണൻ (late) മരുമക്കൾ : ഗംഗാധരൻ പിള്ള, പുരുഷോത്തമ പണിക്കർ, ലേഖ ഉണ്ണിത്താൻ, സുധ. സഞ്ചയനം. 6,തിങ്കളാഴ് ച

ശൂരനാട് വടക്ക് പഞ്ചായത്തിൽയോഗാദിന സന്ദേശവും യോഗ പരിശീലനവും സംഘടിപ്പിച്ചു

ശൂരനാട്:ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിന്റെയും ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗാദിന സന്ദേശവും, യോഗ പരിശീലനവും സംഘടിപ്പിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ഷാജി അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ഉദ്ഘാടനം നിർവഹിച്ചു,വൈസ് പ്രസിഡന്റ് സുമംഗല ടീച്ചർ,അംഗങ്ങളായ ലെത്തീഫ് പെരുംകുളം,ബിനു,ബിജു പട്ടാറ,ശാന്തകുമാരി,ഗ്രീഷ്മ ശ്രീകുമാർ,ബിജു തെന്നില,ഡോ.ഷിമി എന്നിവർ പങ്കെടുത്തു.

മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവൽ തുടങ്ങി

മൈനാഗപ്പള്ളി: പതിനൊന്നാമത് മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവൽ ആരംഭിച്ചു.ആധുനിക കാലഘട്ടത്തിൽ ക്ലാസ്സിക്കൽ കലകളെ കൂടുതൽ ജനകീയമാക്കുന്നതിനുള്ള കേരളത്തിലെ മഹത്തായ വേദിയാണ് മണ്ണൂർക്കാവെന്നും, സാംസ്കാരികപ്രവർത്തനത്തെ ആരാധനയുടെകൂടി ഭാഗമാക്കി മാറ്റിയ ക്ഷേത്രമാണിതെന്നും ഉത്ഘാടനം നിർവ്വഹിച്ചുകൊണ്ട് ചലച്ചിത്ര നടനും സംവിധായകനുമായ മധുപാൽ പറഞ്ഞു.

വിദ്യാർത്ഥികൾക്കും,കലാപ്രതിഭകൾക്കുമുള്ള അവാർഡുദാനം ഉല്ലാസ്കോവൂർ എം.എൽ.എ.നിർവ്വഹിച്ചു.സി.ആർ.മഹേഷ്‌ എം.എൽ.എ. മുഖ്യപ്രസംഗം നടത്തി.ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവിമൈനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.പി. രാജേന്ദ്രപ്രസാദ്, പി. കെ. ഗോപൻ, രാജി പ്രസാദ്, എസ്. അജയൻ, വൈ. ഷാജഹാൻ, സന്ധ്യാ മധു,എ.എസ്. അമൽ, കലാമണ്ഡലം പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി സുരേഷ് ചാമവിള സ്വാഗതവും, പ്രസാദ് മണ്ണൂർക്കാവ് നന്ദിയും പറഞ്ഞു.

നാളെ വൈകിട്ട് 3 ന് കേളികൊട്ട്, തുടർന്ന് മുഖമൊഴി, വിഷയം:കഥകളി ചരിത്ര വഴികളിലൂടെ,ശ്രി. കുരുമ്പോലിൽ ശ്രീകുമാർ വിഷയം അവതരിപ്പിക്കും.4.30 ന് മണ്ണൂർക്കാവ് കഥകളി പഠനകേന്ദ്രം മേളം വിഭാഗത്തിലെ 8 വിദ്യാർത്ഥികളുടെ അരങ്ങേറ്റം.6 ന് കഥകളി,കഥ. നളചരിതം ഒന്നാം ദിവസം എന്നിവയാണ് പരിപാടികൾ.

റവ. എ ആർ നോബിൾ കേരള കൗൺസിൽ ഓഫ് ചർച്ചസ് അസോസിയേറ്റ് സെക്രട്ടറി

തിരുവനന്തപുരം:
വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ കേരള ഘടകമായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ അടുത്ത മൂന്ന് വർഷത്തേക്കുള്ള അസോസിയേറ്റ് സെക്രട്ടറിയായി സി എസ് ഐ ദക്ഷിണ കേരള മഹായിടവകയിലെ പുരോഹിതനായ റവ. എ ആർ നോബിളിനെ തിരഞ്ഞെടുത്തു. കെ സി സി പ്രസിഡന്റ്‌ അലക്സിയോസ് മാർ യൗസേബിയസ് മെത്രാപ്പൊലിത്തയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം എൽഎംഎസ് കോമ്പൗണ്ടിലെ വിമൻസ് സെന്ററിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഐക്യകണ്ഠേനയായിരുന്നു തെരെഞ്ഞെടുപ്പ്.
കെ സി സി ക്ലർജി കമ്മീഷൻ സംസ്ഥാന ചെയർമാനായും കെസിസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവർത്തിക്കുന്നു. കഴക്കൂട്ടം സി എസ് ഐ സഭയുടെ പുരോഹിതനാണ്. തിരുവനന്തപുരം വെള്ളറട സ്വദേശിയാണ്.

മൈനാഗപ്പള്ളി,കല്ലുമല,നാലുകോടി റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനുള്ള ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്ങിന് അംഗീകാരമായി

ശാസ്‌താംകോട്ട(കൊല്ലം):മാവേലിക്കര പാർലമെൻ്റ് മണ്ഡലത്തിലെ മൈനാഗപ്പള്ളി,കല്ലുമല,നാലുകോടി റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനുള്ള ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്ങിന് (ജിഎഡി) ദക്ഷിണ റെയിൽവേ അന്തിമ അംഗീകാരം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.പദ്ധതികൾ നിർമ്മാണ ഘട്ടത്തിലേക്ക് കടക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക അനുമതിയാണിത്.മൂന്ന് മേൽപ്പാലങ്ങൾക്കായി 2021-ൽ തന്നെ റെയിൽവേയുടെ ഭരണാനുമതിയും ആവശ്യമായ ഫണ്ടും ലഭ്യമായിരുന്നു.

എന്നാൽ അന്നത്തെ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുണ്ടായ നടപടിക്രമങ്ങളിലെ കാലതാമസം കാരണമാണ് പദ്ധതികൾ വർഷങ്ങളോളം മുന്നോട്ട് പോകാതെ കിടന്നത്.ഈ സാഹചര്യം പലതവണ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തുകയും, പാർലമെന്റിലും ഉദ്യോഗസ്ഥതല ചർച്ചകളിലും നിരന്തരം വിഷയം ഉന്നയിക്കുകയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കത്തുകൾ നൽകുകയും ചെയ്തിരുന്നു.തുടർന്ന് സംസ്ഥാനത്തെ 37 റോഡ് ഓവർ ബ്രിഡ്ജുകളുടെയും ഒരു റെയിൽവേ അണ്ടർ ബ്രിഡ്ജിന്റെയും നിർമ്മാണച്ചെലവ് നൂറുശതമാനവും റെയിൽവേ വഹിക്കാൻ തീരുമാനമായി.ആദ്യം 50:50 ചെലവ് പങ്കിടൽ മാതൃകയിൽ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന പദ്ധതികൾ പിന്നീട് റെയിൽവേയുടെ പൂർണ സാമ്പത്തിക സഹായത്തോടെ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഏകോപനത്തിൽ നടപ്പാക്കുന്ന പദ്ധതികളായി മാറി.

കല്ലുമല റെയിൽവേ മേൽപ്പാലത്തിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രാരംഭഘട്ടം ആരംഭിച്ചു കഴിഞ്ഞു.അതേസമയം മൈനാഗപ്പള്ളി,നാലുകോടി മേൽപ്പാലങ്ങളുടെ കാര്യത്തിൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.കല്ലുമല മേൽപ്പാലം സംസ്ഥാന സർക്കാരും റെയിൽവേയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ്.എന്നാൽ മൈനാഗപ്പള്ളി, നാലുകോടി,തകഴി,ചങ്ങനാശ്ശേരി വടക്കേക്കര,ആവണീശ്വരം എന്നീ മേൽപ്പാലങ്ങൾ റെയിൽവേയുടെ 100 ശതമാനം സാമ്പത്തിക സഹായത്തോടെയാണ് നിർമ്മിക്കുന്നത്.അതോടൊപ്പം,കുട്ടനാട് തൃപ്പക്കുടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.ഈ വർഷം നവംബർ മാസത്തോടെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.തകഴി, ചങ്ങനാശ്ശേരി വടക്കേക്കര മേൽപ്പാലങ്ങളുടെ ജി.എ.ഡി. അംഗീകാരം ഉടൻ ലഭിക്കുമെന്നും ആവണീശ്വരം മേൽപ്പാല പദ്ധതിയുടെ നടപടികൾ പുരോഗമിക്കുകയാണെന്നും ദക്ഷിണ റെയിൽവേ ചീഫ് ബ്രിഡ്ജസ് എൻജിനീയർ അറിയിച്ചിട്ടുണ്ട്.

ജി.എ.ഡി. അംഗീകാരം ലഭിച്ച പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനും ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമായി കെ.ആർ.ഡി.സി.എൽ, റെയിൽവേ,റവന്യൂ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവരുടെ ഉന്നതതല യോഗം ഉടൻ വിളിച്ചുചേർക്കും.കൂടാതെ വിളക്കുടി ഗ്രാമപഞ്ചായത്തിൽ അനുവദിച്ച മിനി റെയിൽവേ ഓവർബ്രിഡ്ജിന്റെ തുടർനടപടികൾ അവലോകനം ചെയ്യുന്നതിനായി ഈ മാസം തന്നെ മധുര റെയിൽവേ ഡിവിഷൻ ആസ്ഥാനത്ത് പ്രത്യേക യോഗവും ചേരുന്നതാണ്.

മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ എല്ലാ പ്രധാന റെയിൽവേ ലെവൽ ക്രോസുകളിലും സുരക്ഷിതവും ആധുനികവുമായ മേൽപ്പാലങ്ങൾ യാഥാർഥ്യമാക്കി ജനങ്ങളുടെ യാത്രാക്ലേശത്തിനും ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരം കാണുകയെന്നതാണ് ലക്ഷ്യം.ഓരോ പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടും സംസ്ഥാന സർക്കാരിനോടും ബന്ധപ്പെട്ട ഏജൻസികളോടും ചേർന്ന് ശക്തമായ ഇടപെടലുകൾ തുടർന്നും നടത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.

ഈ രേഖ കയ്യിലില്ലാതെ ഇനി ബാറിലേക്ക് പോകാനാവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി നിയന്ത്രണം കര്‍ശനമാക്കുന്നു. മദ്യം വാങ്ങാന്‍ 23 വയസ് എന്ന നിബന്ധന കര്‍ശനമാക്കാനാണ് തീരുമാനം. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

കര്‍ണാടക മോഡല്‍ കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ‘നോ ഐഡി നോ എന്‍ട്രി’ എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കുന്നത്. മദ്യം വാങ്ങുന്നതിനായി ഇനി പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് മാറ്റിവെച്ച തുക ഉപയോഗിച്ച് വയോധിക ദമ്പതികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കി, ചന്ദനപ്പള്ളി വലിയപള്ളി ഇടവകാംഗങ്ങളെ അഭിനന്ദിച്ച് സഭാധ്യക്ഷന്‍

പത്തനംതിട്ട. പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് മാറ്റിവെച്ച തുക ഉപയോഗിച്ച് വയോധിക ദമ്പതികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കിയ ചന്ദനപ്പള്ളി വലിയപള്ളി ഇടവകാംഗങ്ങളെ അഭിനന്ദിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാധ്യക്ഷന്‍ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് മൂന്നാമന്‍. ഏപ്രിലില്‍ തൃശൂരിലെ മുണ്ടത്തിക്കോട് പടക്ക നിര്‍മ്മാണത്തിനിടെ ഉണ്ടായ ദുരന്തത്തില്‍ 16 പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സഭയുടെ നിര്‍ദേശം.

പള്ളിപ്പെരുന്നാളില്‍ വെടിക്കെട്ട് ഒഴിവാക്കി ആ തുക സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് സഭ ഇടവകകളോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെ പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി വലിയപള്ളി പതിവായി നടത്തിവന്നിരുന്ന വെടിക്കെട്ട് ഒഴിവാക്കാന്‍ തീരുമാനിച്ചു. കൂടാതെ വാര്‍ഷിക പ്രവാസി സംഗമം ലളിതമാക്കിയതിലൂടെ ലാഭിച്ച തുകയും ചേര്‍ത്ത് വയോധിക ദമ്പതികള്‍ക്കായി വീട് നിര്‍മിക്കുകയായിരുന്നു. ചന്ദനപ്പള്ളി വലിയപള്ളി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ 60 ദിവസത്തിനുള്ളിലാണ് വീട് പൂര്‍ത്തിയാക്കിയത്. രണ്ട് കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, ശുചിമുറി എന്നിവ ഉള്‍പ്പെട്ട വീടിന്റെ താക്കോല്‍ ജൂലൈ 5ന് കുടുംബത്തിന് കൈമാറും.

‘പടക്കങ്ങളുടെ ശബ്ദത്തേക്കാള്‍ സ്‌നേഹത്തിന്റെ ഭാഷയ്ക്കാണ് കൂടുതല്‍ അര്‍ഥമുള്ളത്. ആഘോഷങ്ങളുടെ താല്‍ക്കാലിക തിളക്കത്തേക്കാള്‍ കരുണയുടെ വെളിച്ചം കൂടുതല്‍ പ്രകാശമുള്ളതാണ്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് സഭയുടെ യഥാര്‍ഥ മഹത്വം കാണിക്കുന്നത്’ -മാത്യൂസ് മൂന്നാമന്‍ പറഞ്ഞു. വയോധിക ദമ്പതികള്‍ക്ക് വീട് ഒരുക്കിയ ഇടവകാംഗങ്ങളെയും പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും മുതിര്‍ന്ന പൗരന്മാരോടുള്ള സമൂഹത്തിന്റെ ഉത്തരവാദിത്തത്തിന്റെ മികച്ച മാതൃക കൂടിയാണിതെന്ന് അഭിപ്രായപ്പെട്ടു.

മദ്യപിച്ച് വാഹനമോടിച്ചതിന് യൂട്യൂബര്‍ ധന്യ. എസ്.ആറിനെതിരെ കേസ്

മദ്യപിച്ച് വാഹനമോടിച്ചതിന് യൂട്യൂബര്‍ ധന്യ. എസ്.ആറിനെതിരെ കേസ്. കാസര്‍കോട് അണങ്കൂരില്‍ വച്ച് പൊലീസിനെ കണ്ട് നിര്‍ത്താതെ പോയ ധന്യയുടെ വാഹനം പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്ക്ക് എന്ന പേരിലാണ് യുവതി സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. 


ബുധനാഴ്ച പൊലീസ് പരിശോധനയ്ക്കിടെ റോഡിനു നടുവില്‍ അശ്രദ്ധമായി നിര്‍ത്തിയിട്ട നിലയിലായിരുന്നു ധന്യയുടെ കാര്‍. പൊലീസിന് പരിശോധനയ്ക്ക് എത്തുന്നതിനിടെ ധന്യ കാറോടിച്ച് പോവുകയായിരുന്നു. നിര്‍ത്താനാവശ്യപ്പെട്ടിട്ടും പൊലീസിനെ മറികടന്നു പോയ വാഹനം പിന്നീട് പിന്തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പുലര്‍ച്ചെ രണ്ടു മണിയോടെ കുമ്പള ബന്തിയോട് ഭഗവതി നഗറില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ യുവതി മദ്യപിച്ചതായി തെളിഞ്ഞു.  കാസര്‍കോട് പെരുമ്പള സ്വദേശിനിയാണ് ധന്യ.

കൊച്ചിയിലെ പ്രിന്റിങ് പ്രസിൽ വൻ തീപിടുത്തം

കൊച്ചി: കൊച്ചിയിലെ പ്രിന്റിങ് പ്രസിൽ വൻ തീപിടുത്തം. രവിപുരത്ത് 30 വർഷമായി പ്രവർത്തിക്കുന്ന രണ്ട് നിലകളുള്ള ജാസ്മിൻ ഗ്രാഫിക്സ് എന്ന പ്രിന്റിങ് പ്രസിന്റെ ഒന്നാമത്തെ നിലയിലാണ് വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ അഗ്നിബാധയുണ്ടായത്. പ്രിന്റിങ്ങിനായി ഒരു വശത്ത് സൂക്ഷിച്ചിരുന്ന പേപ്പറുകളും മറ്റ് പ്രധാനപ്പെട്ട രേഖകളും തീപിടുത്തത്തിൽ കത്തിനശിച്ചു. ഷോർട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.


രാവിലെ പ്രസിലെത്തിയ ഉടമയുടെ മകളാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഉടനടി ഫയർഫോഴ്സിനെ വിവരം അറിയിച്ചു. തുടർന്ന് ഗാന്ധിനഗർ, തൃപ്പൂണിത്തറ, ക്ലബ് റോഡ്, വൈപ്പിൻ എന്നീ നാല് സ്റ്റേഷനുകളിൽ നിന്നായി അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം ഒന്നര മണിക്കൂർ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്.


തീപ്പിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. അടുത്തിടെ എത്തിച്ച ഒരു ലോഡ് പേപ്പർ ഉൾപ്പെടെ സ്റ്റോക്ക് ചെയ്തിരുന്ന എല്ലാ മെറ്റീരിയലുകളും പൂർണമായും കത്തി നശിച്ചു. തീ മറ്റു കെട്ടിടങ്ങളിലേക്കോ പുറത്തേക്കോ പടരാത്ത രീതിയിൽ രണ്ട് വശങ്ങളിൽ നിന്നും ഫയർഫോഴ്സ് സേനാംഗങ്ങൾ ഇടപെടൽ നടത്തി. ഇത് വലിയൊരു ദുരന്തം ഒഴിവാക്കി.

പതിനൊന്നുകാരൻ ഓടിച്ച പിക്കപ്പ് വാൻ ആൾക്കൂട്ടത്തിലേക്ക് ഇടിച്ച് കയറി എട്ട് പേർ മരിച്ചു

ബാങ്കോക്ക്: തായ്‌ലൻഡിൽ പതിനൊന്നുകാരൻ ഓടിച്ച പിക്കപ്പ് വാൻ സന്യാസിമാരുടെ കൂട്ടത്തിലേക്ക് ഇടിച്ച് കയറി അപകടം. എട്ട് പേർ മരിച്ചു. തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ അകലെയുള്ള മുക്ദഹാൻ പ്രവിശ്യയിലാണ് സംഭവം.


35 സന്യാസിമാർ തീർഥാടനത്തിന്റെ ഭാഗമായി നടന്നുവരുന്നതിനിടയിലേക്കാണ് പിക്കപ്പ വാൻ ഇടിച്ച് കയറിയത്. അഞ്ച് പേർ സംഭവ സ്ഥലത്തും മൂന്ന് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേരുടെ നില ഗുരുതരമാണ്.


അപകടത്തിന് ഏകദേശം 30 മിനിറ്റ് മുമ്പാണ് ഉബോൺ റാറ്റ്ചത്താനി പ്രവിശ്യയിലേക്ക് സന്യാസി സംഘം 260 കിലോമീറ്റർ നടത്തം ആരംഭിച്ചത്. കുട്ടി ഇപ്പോൾ കസ്റ്റഡിയിലാണെന്നും സംസ്ഥാന ശിശു സംരക്ഷണ ഉദ്യോഗസ്ഥർ എത്തുമ്പോൾ ചോദ്യം ചെയ്യുമെന്നും ലോക്കൽ പൊലീസ് പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.