Home Blog Page 235

സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നത് തുടര്‍ഭരണ സാധ്യതയെന്ന് എല്‍ഡിഎഫ്

കൂടുതല്‍ അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ വരുമ്പോള്‍ തുടര്‍ഭരണത്തിന് സാധ്യത തെളിയുന്നതായി എല്‍ഡിഎഫ്. കേരളത്തിലെ വിവിധ മാധ്യമങ്ങളുടെ സര്‍വേഫലങ്ങളില്‍ ഇടതുപക്ഷത്തിനാണ് മുന്‍തൂക്കമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന്‍ മൂന്നാം തവണയും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത് 49.82% പേര്‍ ആണെന്നാണ് ഓണ്‍മനോരമയുടെ ഏറ്റവും പുതിയ പോള്‍.

കൂടുതല്‍ അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ വരുമ്പോള്‍ തുടര്‍ഭരണത്തിന് സാധ്യത തെളിയുന്നതായി എല്‍ഡിഎഫ്. കേരളത്തിലെ വിവിധ മാധ്യമങ്ങളുടെ സര്‍വേഫലങ്ങളില്‍ ഇടതുപക്ഷത്തിനാണ് മുന്‍തൂക്കമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന്‍ മൂന്നാം തവണയും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത് 49.82% പേര്‍ ആണെന്നാണ് ഓണ്‍മനോരമയുടെ ഏറ്റവും പുതിയ പോള്‍. കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് എല്‍ഡിഎഫ് ഉറച്ച് വിശ്വസിക്കുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തിലുണ്ടായ വികസനക്കുതിപ്പ് എടുത്തുകാട്ടിയാണ് എല്‍ഡിഎഫ് ജനവിധി തേടുന്നത്. ദേശീയപാത 66-വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ പിണറായി സര്‍ക്കാര്‍ 5,580 കോടി രൂപയാണ് ചെലവഴിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ലൈഫ് മിഷന്‍ ഭവന പദ്ധതി എന്നിവ ഈ മുന്നേറ്റത്തിന്റെ ഉദാഹരണങ്ങളായി എല്‍ ഡി എഫ് ഉയര്‍ത്തിക്കാട്ടുന്നു. വയനാട് തുരങ്ക പാതയടക്കമുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും, ഇതേ വികസനക്കുതിപ്പ് നിലനിര്‍ത്താനും തുടര്‍ഭരണം വേണമെന്നാണ് എല്‍ഡിഎഫും വാദിക്കുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംസ്ഥാനമാണ് കേരളം. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചതായി 2025 നവംബര്‍ 1ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 60 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍, സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ പരിചരണ രംഗത്തെ നേട്ടങ്ങള്‍ എന്നിവയെല്ലാം ഭരണത്തുടര്‍ച്ചയ്ക്കുള്ള വാദങ്ങളായി എല്‍ ഡി എഫ് ഉയര്‍ത്തിക്കാട്ടുന്നു. തൂക്കുസഭ പദ്ധതികളുടെ വേഗത കുറയ്ക്കുകയും ഉത്തരവാദിത്തം ഇല്ലാതാക്കുകയുമാണ് ചെയ്യുകയെന്നും എല്‍ഡിഎഫ് വാദിക്കുന്നു.

അഞ്ച് വര്‍ഷത്തിനിടെ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ പ്രായോഗിക പദ്ധതികളായി മാറിയതായി വ്യവസായ മന്ത്രി പി രാജീവ് സൂചിപ്പിക്കുന്നു. സംരംഭക വര്‍ഷം പദ്ധതിയിലൂടെ 4,06,606 പുതിയ സംരംഭങ്ങളും 8.66 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. നീതി ആയോഗിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചികയിലും എസ്.ഡി.ജി (SDG) ഇന്ത്യ സൂചികയിലും കേരളം മുന്നിലെത്തിയതായി എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു. പെരുമ്പാവൂരില്‍ പുരോഗമിക്കുന്ന വി-ഗാര്‍ഡിന്റെ പുതിയ ഗവേഷണ വികസന ക്യാംപസ് തുടക്കത്തില്‍ 115 കോടി രൂപയുടെ നിക്ഷേപവും 400 തൊഴിലവസരങ്ങളും ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പെരുമ്പാവൂരില്‍ 350 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്കാണ് കെയ്ന്‍സ് തുടക്കമിട്ടിരിക്കുന്നത്. വര്‍ഷങ്ങളായി പൂട്ടിക്കിടന്ന ട്രാവന്‍കൂര്‍ റയോണ്‍സിന്റെ ഭൂമി ഏറ്റെടുത്താണ് കെയ്ന്‍സിന് സര്‍ക്കാര്‍ കൈമാറിയത്.

ഐ ടി മേഖലയിലെ മാറ്റങ്ങള്‍ക്കുദാഹരണമായി ടെക്‌നോപാര്‍ക്ക് നാലാം ഘട്ടം (ടെക്‌നോസിറ്റി) എല്‍ഡിഎഫ് ഉയര്‍ത്തിക്കാണിക്കുന്നു. 389 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഐ ടി സിറ്റി ആഗോള കമ്പനികളെയും സ്റ്റാര്‍ട്ടപ്പുകളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്നു. ടെക്‌നോപാര്‍ക്കില്‍ നിലവില്‍ 500 ലധികം കമ്പനികളും 80,000 പ്രൊഫഷണലുകളുമുണ്ട്. നാലാം ഘട്ടം കൂടി വരുന്നതോടെ വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ ഐടി തൊഴില്‍ശക്തി ഇരട്ടിയായി മാറുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. സ്‌പേസ് റിസര്‍ച്ച്, എ ഐ, സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ തുടങ്ങിയവയ്ക്കായി സ്‌പെഷ്യല്‍ സോണുകള്‍ പദ്ധതിയിലുണ്ട്.

ശബരിമല പോലുള്ള വിഷയങ്ങളോ ബാഹ്യമായ രാഷ്ട്രീയ ആക്രമണങ്ങളോ വോട്ടര്‍മാരെ കാര്യമായി സ്വാധീനിക്കുന്നില്ലെന്നാണ് ഇടതുപക്ഷം വ്യക്തമാക്കുന്നത്. വൈകാരികതയേക്കാള്‍ പ്രായോഗികതയ്ക്കാണ് ജനങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും വികസനമാണ് പ്രധാനമെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് മുകളില്‍ നില്‍ക്കുന്നതെന്നും എല്‍ഡിഎഫ് പറയുന്നു. കേരളത്തിലെ മാധ്യമങ്ങളുടെ പ്രധാന സര്‍വ്വേകളിലേറെയും തുടര്‍ഭരണത്തിന് മുന്‍തൂക്കം പ്രവചിക്കുന്നതായി എല്‍ ഡി എഫ് ചൂണ്ടിക്കാട്ടുന്നു.

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമർശം; നിയമ നടപടിക്ക് യു പ്രതിഭ, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും

കൊല്ലം: യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ. സ്ത്രീ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന പരാമര്‍ശമാണ് നടത്തിയതെന്ന് യു പ്രതിഭ പ്രതികരിച്ചു. ജനപ്രതിനിധിയായാണ് മത്സരരംഗത്തേക്ക് ഇറങ്ങുന്നത്.

Also Read: രാഹുൽ ഗാന്ധിയുടെ കോഴിക്കോട് പരിപാടി ഒഴിവാക്കി, പകരം ഖാർഗെ വരും

പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും യു പ്രതിഭ അറിയിച്ചു. ഇന്ദിരഗാന്ധി ഉൾപ്പടെ ഉള്ളവരെ ഉയർത്തി കാണിക്കുന്ന പ്രസ്ഥാനത്തിലെ നേതാവിൽ നിന്നാണ് ഇത്തരം ഒരു പരാമർശം ഉണ്ടായത്. പരാമർശം വ്യക്തിഹത്യയുടെ അങ്ങേയറ്റമാണെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു. അതേസമയം, പരാമർശത്തില്‍ ഇർഷാദ് ചക്കാലശ്ശേരി ഖേദം പ്രകടിപ്പിച്ചു.

ഇർഷാദ് ചക്കാലശ്ശേരിയുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തി. വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം ഒരു ജനപ്രതിനിധിയുടെ ശരീര സൗന്ദര്യത്തെയും വ്യക്തിത്വത്തെയും ഹീനമായ വാക്കുകൾ കൊണ്ട് ആക്ഷേപിക്കുന്നത് രാഷ്ട്രീയ പതനമാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പൊതുപ്രവർത്തകയെ അവരുടെ പ്രവർത്തനങ്ങൾ കൊണ്ട് നേരിടാൻ കഴിയാത്തപ്പോഴാണ് വലതുപക്ഷം ഇത്തരത്തിലുള്ള ഹീനമായ വ്യക്തിഹത്യയിലേക്ക് നീങ്ങുന്നത്. ഇത് സഖാവ് പ്രതിഭയ്ക്ക് നേരെയുള്ള ആക്രമണം മാത്രമല്ല, പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകൾക്കുമെതിരെയുള്ള വെല്ലുവിളിയാണ്. യുഡിഎഫിന്റെ കാപട്യം: ‘അവൾക്കൊപ്പം’ എന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും സ്വന്തം മുന്നണിയിലെ നേതാക്കൾ നടത്തുന്ന സ്ത്രീവിരുദ്ധതയ്ക്കെതിരെ പുലർത്തുന്ന മൗനം അവരുടെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്.

കഴിഞ്ഞ അഞ്ച് വർഷം കായംകുളത്ത് യു. പ്രതിഭ നടത്തിയ ജനകീയ ഇടപെടലുകളെയും വികസനത്തെയും രാഷ്ട്രീയമായി നേരിടാൻ യുഡിഎഫിന് കഴിയുന്നില്ല. അതുകൊണ്ടാണ് സ്ത്രീകളെ അവഹേളിച്ച് വോട്ട് നേടാമെന്ന് അവർ കരുതുന്നത്. സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായി കാണാതെ അവരെ അവഹേളിക്കുന്ന മനോഭാവത്തെ കേരളം തള്ളിക്കളയും. സ്ത്രീകളുടെ അഭിമാനത്തിനൊപ്പം നിൽക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പമാകും നാട്.

യു.പ്രതിഭയ്​ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; UDFന്റെ പരാജയ ഭീതി കൊണ്ടെന്ന് സി.എസ് സുജാത അഭിപ്രായപ്പെട്ടു.
കായംകുളത്ത് വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ ‘ശരീര അഴക്’ കൊണ്ടാണ് യു. പ്രതിഭ വീണ്ടും വോട്ട് തേടുന്നത് എന്നായിരുന്നു യുഡിഎഫ് കൺവീനർ ഇർഷാദ് ചക്കാലശ്ശേരിയുടെ വിവാദ പരാമർശം. പ്രസ്താവന പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ടൊവിനോയുടെ പള്ളിച്ചട്ടമ്പി…. ടീസര്‍ പുറത്ത്

ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പള്ളിച്ചട്ടമ്പിയുടെ ടീസര്‍ പുറത്ത്. ആദ്യം ഏപ്രില്‍ ഒമ്പതിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഏപ്രില്‍ 10ന് തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായതിനാലാണ് ഏപ്രില്‍ ഒമ്പതില്‍ നിന്ന് റിലീസ് മാറ്റിയത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ വലിയ രീതിയിലുള്ള പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉയരുന്നത്. ഗംഭീര മേക്കിങില്‍ എത്തുന്ന ചിത്രം നിരാശയാകില്ല എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പള്ളിച്ചട്ടമ്പി 1950കളുടെ അവസാനത്തില്‍ കേരളത്തിലെ ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷക സമൂഹങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്. തമിഴ് ചിത്രമായ ഡ്രാഗണിലെ അഭിനയത്തിലൂടെ പ്രശസ്തയായ കയാദു ലോഹറാണ് ചിത്രത്തിലെ നായിക. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ് കയാദു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പള്ളിച്ചട്ടമ്പിക്ക് പുറമേ, ദുല്‍ഖര്‍ സല്‍മാന്റെ ഐ ആം ഗെയിമിലും താരം അഭിനയിക്കുന്നുണ്ട്. വിജയരാഘവന്‍, ജോണി ആന്റണി, സുധീര്‍ കരമന, ടി.ജി രവി, ശ്രീജിത്ത് രവി, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരും അഭിനയിക്കുന്നു.


ദാദാ സാഹിബ്, ശിക്കാര്‍, ഒരുത്തീ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പേരുകേട്ട എസ്. സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ടിജോ ടോമി, എഡിറ്റര്‍ ശ്രീജിത്ത് സാരംഗും സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയും ആണ്. വേള്‍ഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രദേഴ്‌സ് എന്നിവയുടെ ബാനറുകളില്‍ നൗഫല്‍, ബ്രിജീഷ്, സിസിസി ബ്രദേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.

ഇലക്ട്രിക് വകഭേദവുമായി കൈനറ്റിക് ഇ.വി വിപണിയില്‍

റെട്രോ ഡിസൈന്‍ അതേപടി നിലനിര്‍ത്തി പെട്രോള്‍ പതിപ്പിന് പകരം ഇലക്ട്രിക് വകഭേദവുമായി വിപണിയില്‍ എത്തിയ കൈനറ്റിക് ഇ.വിയുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും തരംഗമാകുന്നു. 80-90 കാലഘട്ടങ്ങളില്‍ വിപണിയില്‍ ഓളം സൃഷ്ട്ടിച്ച കൈനറ്റിക് മികച്ച ഡിസൈനോടെയും കിടിലന്‍ റേഞ്ചുമായാണ് നിരത്തുകളില്‍ എത്തുന്നത്.

പരിഷ്‌ക്കരിച്ചെത്തിയ കൈനറ്റിക് ഇ.വി, DX ആന്‍ഡ് DX+ എന്നീ രണ്ട് വേരിയന്റുകളില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഇരു വകഭേദങ്ങളിലുമായി 2.6 kWhന്റെ ലിഥിയം അയോണ്‍ (ഫെറോ) ഫോസ്ഫേറ്റ് (എല്‍.എഫ്.പി) ബാറ്ററിയാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഈ ബാറ്ററി ഏകദേശം 116 കിലോമീറ്റര്‍ റിയല്‍ വേള്‍ഡ് റേഞ്ച് ലഭിക്കുന്നു. എന്നാല്‍ ‘ക്രൂയിസ് ലോക്ക്’ ഉപയോഗിച്ച് 25-30 km/h വേഗത പരിപാലിച്ച് യാത്ര ചെയ്യുകയാണെങ്കില്‍ 150 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 0-80% വരെ ചാര്‍ജ് ചെയ്യാന്‍ മൂന്ന് മണിക്കൂറും ഫുള്‍ ചാര്‍ജിങിന് നാല് മണിക്കൂറും മാത്രമെടുക്കുന്ന കൈനറ്റിക്കിന്റെ ഏറ്റവും ഉയര്‍ന്ന വേഗത പരിധി 90 km/h ആണ്.

ഇലക്ട്രിക് പതിപ്പില്‍ ലഭിക്കുന്ന 37 ലിറ്റര്‍ ബൂട്‌സ്‌പേസ് സജ്ജീകരണത്തില്‍ ഫുള്‍ സൈസ് ഹെല്‍മെറ്റും ഹാഫ് സൈസ് ഹെല്‍മെറ്റും സൂക്ഷിക്കാന്‍ കഴിയും. കൂടാതെ ജിയോ ടെലികോം നെറ്റ് വര്‍ക്കുമായി ജോടിയിണക്കി ജിയോ തിങ്ക്‌സ്, വോയിസ് അസിസ്റ്റന്റ് കണ്ട്രോള്‍, ജിയോ-ഫെന്‍സിങ്, ഒ.ടി.എ അപ്‌ഡേറ്റുകള്‍ എന്നിവയും വേരിയന്റുകള്‍ക്ക് ലഭിക്കുന്നുണ്ട്. പൂര്‍ണമായും പാസ് വേര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കീപാഡ് സിസ്റ്റം പരമ്പരാഗത രീതികളെ മാറ്റി മറിക്കുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ മേഖലയില്‍ ടി.വി.എസ് ഐക്യൂബ്, ബജാജ് ചേതക്, ഏഥര്‍ റിസ്ത മുതലായ സ്‌കൂട്ടറുകളോട് നേരിട്ട് മത്സരിക്കുന്ന കൈനറ്റിക് ഇ.വി യുടെ DX സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 1.11 ലക്ഷം രൂപ എക്‌സ് ഷോറൂം വില വരുമ്പോള്‍ DX പ്ലസ് വേരിയന്റിന് 1.17 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഹില്‍-ഹോള്‍ഡ് അസിസ്റ്റ് കണ്ട്രോള്‍, റിവേഴ്സ് അസിസ്റ്റ്, മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കുള്ള കോമ്പി-ബ്രേക്കിങ് സിസ്റ്റം എന്നിവ ഇ.വി കൈനറ്റിക്കിന്റെ പ്രത്യേകതകളാണ്. കൂടാതെ ബാറ്ററിക്കും മോട്ടോറിനും IP67 വാട്ടര്‍പ്രൂഫ് റേറ്റിങ്ങും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഗായകന്‍ സുബിന്‍ ഗാര്‍ഗിന്റെ മരണം; അബദ്ധത്തില്‍ വെള്ളത്തില്‍ വീണുള്ള മുങ്ങിമരണമാണെന്ന് സിംഗപ്പൂര്‍ കോടതി

അസമീസ് ഗായകന്‍ സുബിന്‍ ഗാര്‍ഗിന്റെ മരണം അബദ്ധത്തില്‍ വെള്ളത്തില്‍ വീണുള്ള മുങ്ങിമരണമാണെന്ന് സിംഗപ്പൂര്‍ കോടതി. മരണത്തില്‍ അസ്വാഭാവികതയോ ദുരൂഹതയോ ഇല്ലെന്ന് സിംഗപ്പൂര്‍ സ്റ്റേറ്റ് കൊറോണര്‍ ആദം നഖോദ പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കി. ഇതോടെ മാസങ്ങളായി തുടരുന്ന സുബിന്‍ ഗാര്‍ഗ് മരണത്തിലെ തര്‍ക്കങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി.

2025 സെപ്റ്റംബര്‍ 19നാണ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ സുബിന്‍ ഗാര്‍ഗ് സിംഗപ്പൂരില്‍ യാട്ട് യാത്രക്കിടെ കടലില്‍ വീണ് മരിച്ചത്. സംഭവസമയത്ത് ഗായകന്‍ കടുത്ത മദ്യലഹരിയിലായിരുന്നുവെന്നും സുരക്ഷാ കവചം ധരിക്കാന്‍ വിസമ്മതിച്ചിരുന്നുവെന്നും സിംഗപ്പൂര്‍ പൊലീസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊലീസിന്റെ ഈ നിഗമനങ്ങളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
എന്നാല്‍ സുബിന്‍ ഗാര്‍ഗിന്റെ മരണം കൊലപാതകമാണെന്ന നിലപാടിലായിരുന്നു അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ തന്നെ നേരിട്ട് രംഗത്തെത്തുകയും മരണത്തില്‍ ദുരൂഹത ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഗായകന്റെ മാനേജര്‍ സിദ്ധാര്‍ത്ഥ ശര്‍മ, പരിപാടി സംഘടിപ്പിച്ച ശ്യാംകാനു മഹന്ത തുടങ്ങി ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. സിംഗപ്പൂര്‍ കോടതിയുടെ പുതിയ വിധി ഇന്ത്യയിലെ കേസിനെ എങ്ങനെ ബാധിക്കുമെന്നത് വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമാകും.

ബോളിവുഡിലടക്കം കഴിവു തെളിയിച്ച ഗായകനാണ് സുബിന്‍ ഗാര്‍ഗ്. യാ അലി എന്ന ഒറ്റ ഗാനത്തിലൂടെ പ്രശസ്തനായ ഗായകനാണിദ്ദേഹം. ആദ്യഘട്ട അന്വേഷണത്തില്‍ നിന്ന് മരണത്തില്‍ ദുരൂഹതയില്ലെന്നാണ് കണ്ടെത്തല്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും സിംഗപ്പൂര്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. നീന്തല്‍ കുളത്തിലെ സ്‌കൂബ ഡൈവിങ്ങിനിടെ ശ്വാസതടസ്സം മൂലം സുബിന്‍ മരിച്ചുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത.

എന്നാല്‍ നീന്തല്‍ വിദഗ്ധനായ സുബീന്‍ ഗാര്‍ഗ് മുങ്ങി മരിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു സംഭവത്തിന്റെ ദൃക്‌സാക്ഷിയും ബാന്റ് അംഗവുമായ ശേഖര്‍ ജ്യോതി ഗോസ്വാമിയുടെ ആരോപണം. കൃത്യത്തിനായി വിദേശരാജ്യം തെരഞ്ഞെടുത്തതിലൂടെ കൊലപാതകം അപകട മരണമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നും ഗോസ്വാമി ആരോപിക്കുകയുണ്ടായി.സുബിന്റെ ഭാര്യ ഗരിമയും മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.

എം. കെ. മുനീറിന്റെ വീടിന്റെ ജപ്തി ഭീഷണിയില്‍ ഇടപെട്ട് മുസ്ലീം ലീഗ് നേതൃത്വം…49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീര്‍ത്തു

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിന്റെ വീടിന്റെ ജപ്തി ഭീഷണിയില്‍ ഇടപെട്ട് മുസ്ലീം ലീഗ് നേതൃത്വം. മുസ്ലീം ലീഗ് നേതൃത്വം എം കെ മുനീറിന്റെ 49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീര്‍ത്തു. ലീഗിന്റെ അക്കൗണ്ടില്‍ നിന്നാണ് കാലിക്കറ്റ് ടൗണ്‍ സഹകരണ ബാങ്കിലേക്ക് പണം കൈമാറിയത്. വായ്പാ ബാധ്യത പരിഹരിക്കാമെന്ന് പറഞ്ഞ് പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം ലീഗ് പണം അടച്ചത്.

58 ലക്ഷം രൂപയുടെ വായ്പ മുടങ്ങിയതോടെ സി എച്ച് മുഹമ്മദ് കോയ പണിത, നടക്കാവിലെ ക്രസന്റ് ഹൗസ് എന്ന വീടിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. വീട് നവീകരണത്തിനായി ടൗണ്‍ സര്‍വിസ് സഹകരണ ബാങ്കില്‍ നിന്ന് മുനീര്‍ 35 ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങി പലിശയടക്കം 58 ലക്ഷം രൂപയിലെത്തി. ഒരുതവണ ബാങ്ക് വായ്പ പുതുക്കി നല്‍കിയിരുന്നു. അതിനുശേഷം ഒരിക്കല്‍ പോലും തിരിച്ചടവ് ഉണ്ടായില്ല. ബാങ്ക് അധികൃതര്‍ പലതവണ നോട്ടീസ് അയച്ചു.ജപ്തി നോട്ടീസ് ലഭിച്ചതോടെ വായ്പ അടക്കാന്‍ മുനീറിന്റെ കുടുംബം സന്നദ്ധത അറിയിച്ചു. പരമാവധി ഇളവ് വേണമെന്നും ബാങ്ക് അധികൃതരോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് വായ്പ കുടിശ്ശിക 58 ലക്ഷത്തില്‍ നിന്ന് 49 ലക്ഷമായി കുറച്ചു.

പക്ഷേ ഇതും അദ്ദേഹത്തിന് അടച്ചു തീര്‍ക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് ഈ മാസം മാര്‍ച്ച് 31ന് മുമ്പ് ബാധ്യത തീര്‍ത്തില്ലെങ്കില്‍ ജപ്തി അടക്കമുള്ള നടപടിയിലേക്ക് പോവേണ്ടി വരുമെന്ന് ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. മുന്‍ മുഖ്യമന്ത്രിയും എംകെ മുനീറിന്റെ പിതാവുമായ സി എച്ച് മുഹമ്മദ് കോയ പണിത വീടാണിത്. ഇത് പിന്നീട് മുനീര്‍ പുതുക്കി പണിയുകയായിരുന്നു. സി എച്ചിന്റെ ഖബറിടത്തോട് ചേര്‍ന്നുള്ള ക്രസന്റ് ഹൗസ് ലീഗിന്റെ പല നിര്‍ണായക തീരുമാനങ്ങള്‍ക്കും വേദിയായ ഇടം കൂടെയാണ്. മുനീറിന്റെ പിതാവ് സി എച്ച് മരിക്കുമ്പോഴും കടബാധ്യതകള്‍ ഉണ്ടായിരുന്നു. അന്ന് പാര്‍ട്ടി ഇടപെട്ടാണ് കടങ്ങള്‍ തീര്‍ത്തത്.

‘സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ചു. കാര്യങ്ങളൊക്കെ അന്വേഷിച്ചു. ഇതുവരെ അവരോട് ഞാന്‍ പറഞ്ഞിട്ടില്ലായിരുന്നു. അവരുടെ കുഴപ്പമല്ല, അവരോട് പറയാതിരുന്നതാണ്, പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ചാണ്. പാര്‍ട്ടി ഇപ്പോഴാണ് അറിയുന്നത്. രണ്ടു പേരും വിളിച്ചിരുന്നു. പ്രയാസപ്പെടണ്ട എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെങ്കില്‍ എന്തോ ആലോചിക്കുന്നുണ്ടാകുമല്ലോ. എനിക്കെപ്പോഴും തുണയായി നിന്നിട്ടുള്ളത് പാര്‍ട്ടിയാണ്’ -മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു. എംഎല്‍എ എന്ന നിലക്കും മന്ത്രി എന്ന നിലക്കുമുള്ള ശമ്പളം കിട്ടിയത് പാര്‍ട്ടിയെ കൊണ്ടല്ലേ. പിതാവിന് ശേഷം തന്നെ സംരക്ഷിച്ചുവന്നിട്ടുള്ളത് പാര്‍ട്ടിയാണെന്നും മുനീര്‍ വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ കോഴിക്കോട് പരിപാടി ഒഴിവാക്കി, പകരം ഖാർഗെ വരും

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോട് വരില്ല. രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് യാത്ര റദ്ദാക്കി. പകരം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണപരിപാടിയില്‍ പങ്കെടുക്കും.

അമ്മ സോണിയാഗാന്ധി അനാരോഗ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുല്‍ കോഴിക്കോട് യാത്ര റദ്ദാക്കിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സോണിയാഗാന്ധിയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മക്കളായ പ്രിയങ്കയും രാഹുലും സോണിയക്കൊപ്പമുണ്ട്.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രി: പി ജെ കുര്യന്‍
രാഹുല്‍ഗാന്ധി നാലരയ്ക്ക് കോഴിക്കോട് ബീച്ചിലെ പ്രചാരണ പരിപാടിയില്‍ സംബന്ധിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരുന്നത്. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ഗ്യാരണ്ടി വിശദീകരിക്കുന്ന ബസിന്റെ പ്ലാഗ് ഓഫ്, പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായുള്ള സംവാദം തുടങ്ങിയ പരിപാടികളാണ് രാഹുല്‍ പങ്കെടുക്കാനായി നിശ്ചയിച്ചിരുന്നത്.

ബോസ് കൃഷ്ണമാചാരി രാജിവച്ചത് ലൈംഗിക പീഡന പരാതിയ്ക്ക് പിന്നാലെ

കൊച്ചി. കൊച്ചി-മുസിരിസ് ബിനാലെ (കെഎംബി) പ്രസിഡന്റ് സ്ഥാനത്ത് നിന്നും ബോസ് കൃഷ്ണമാചാരി രാജിവച്ചത് ലൈംഗിക പീഡന പരാതിയ്ക്ക് പിന്നാലെ. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ വേണു വാസുദേവന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഫൗണ്ടേഷന്റെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി (ഐസിസി)ക്ക് മുന്നില്‍ കൃഷ്ണമാചാരിക്കെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വേണു വാസുദേവന്റെ പ്രതികരണം.

ഡിസംബര്‍ അവസാനവാരം നടന്ന സംഭവത്തില്‍ ജനുവരി ആദ്യവാരത്തിലാണ് പരാതി ലഭിച്ചത്. ഐസിസിക്ക് മുന്നിലുള്ള പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞു. എന്നാല്‍ വേണു വാസുദേവന്റെ വെളിപ്പെടുത്തല്‍ കൃഷ്ണമാചാരി തള്ളി.

തനിക്കെതിരെ ഒരിടത്തും പരാതിയില്ലെന്നാണ് കൃഷ്ണമാചാരിയുടെ പ്രതികരണം. കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നുള്ള രാജിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. തനിക്ക് എതിരെ ഒരിടത്തും പരാതികളില്ല, ഒരു തരത്തിലുള്ള നിയമ നടപടികളും പുരോഗമിക്കുന്നില്ലെന്നും കൃഷ്ണമാചാരി പ്രസ്താവനയില്‍ അറിയിച്ചു. ‘കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ട്രസ്റ്റി ബോര്‍ഡില്‍ നിന്നും സ്ഥാനമൊഴിയാനുള്ള തീരുമാനം വ്യക്തിപരമായ കാരണങ്ങളാലാണ്. ഇക്കാര്യം രാജി സമയത്ത് ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു എന്നും അദ്ദേഹം വിശദീകരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12 ന് ആരംഭിച്ച ബിനാലെയുടെ ആറാമത് പതിപ്പ് നിലവില്‍ പുരോഗമിക്കുന്നതിനിടെ ആയിരുന്നു 2026 ജനുവരി 14ന് ആണ് കൃഷ്ണമാചാരി രാജിവെച്ചത്. കുടുംബപരമായ കാരണങ്ങളാലാണ് രാജി എന്നായിരുന്നു അന്ന് നല്‍കിയിരുന്ന വിശദീകരണം.

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി

കണ്ണൂര്‍: സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രമണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു. സിപിഎം ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗമായിരുന്നു കെപി രമണി.

ഇന്നലെ ടികെ ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഭാര്യ കെപി രമണി പങ്കെടുത്തിരുന്നു. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ ഡിസിസി പ്രസിഡന്റ് അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ് രമണിയെ മൂവര്‍ണ ഷാള്‍ സ്വീകരിച്ചു. ഭര്‍ത്താവിന് പിന്തുണ അറിയിച്ചു കൊണ്ടാണ് തളിപ്പറമ്പ് ടൗണ്‍ സ്വകയറില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഭാര്യ കെ പി രമണി എത്തിയത്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു കെപി രമണി.

also read:

നേരത്തെ ടികെ ഗോവിന്ദന്റെ കുടുംബം പോലും അദ്ദേഹത്തോടൊപ്പമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ജയരാജന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവിനൊപ്പം കുടുംബവുമില്ലെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് താന്‍ യുഡി എഫ് വേദിയിലെത്തിയത് കെപി രമണി മാധ്യങ്ങളോട് പറഞ്ഞു. അത്തരം പ്രചാരണങ്ങള്‍ തന്നെ വേദനിപ്പിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ ഒറ്റപ്പെടാന്‍ പാടില്ല. പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് അറിയാം. അംഗത്വമില്ലെങ്കിലും അനുഭാവിയായി പാര്‍ട്ടിയില്‍ തുടരുമെന്നും കെപി രമണി പറഞ്ഞു. ഗോവിന്ദന്‍ മാഷ് പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്ന ധാരാളം പേര്‍ പാര്‍ട്ടിക്കുള്ളിലും പുറത്തുമുണ്ട്. ആ തോന്നല്‍ തനിക്കുമുണ്ടെന്നും കെപി രമണി പറഞ്ഞിരുന്നു