ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്ന് മുഖക്കുരു… പരിഹരിക്കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്…

ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലുമെല്ലാം കൗമാരകാലത്ത് മുഖക്കുരു വരുന്നത് സ്വാഭാവികമാണ്. പ്രധാനമായും ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നാണിത്. എന്നാല്‍ മുതിര്‍ന്നവരിലെ മുഖക്കുരുവിന് പിന്നില്‍ മോശം ഡയറ്റ്, കാലാവസ്ഥ, മരുന്നുകളുടെ ഉപയോഗം, മാനസിക സമ്മര്‍ദ്ദം, ഗുണമേന്മയില്ലാത്ത സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളുടെ ഉപയോഗം എന്നിങ്ങനെ പല കാരണങ്ങളുമുണ്ട്. സ്ത്രീകളിലാണെങ്കില്‍ മുതിര്‍ന്നവരിലും ഹോര്‍മോണ്‍ പ്രശ്നങ്ങളെ തുടര്‍ന്ന് മുഖക്കുരുവുണ്ടാകാം. പുരുഷന്മാരിലും ചില സന്ദര്‍ഭങ്ങളില്‍ ഇത് സംഭവിക്കാറുണ്ട്.
ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന മുഖക്കുരു ആണെങ്കില്‍ അവയെ അകറ്റാന്‍ ചിലത് ചെയ്യാം..
പുരുഷന്മാരിലാണെങ്കില്‍ പ്രോട്ടീന്‍ എടുക്കുന്നവരിലും, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് (കോശങ്ങള്‍ക്ക് ഇന്‍സുലിനോട് പ്രതികരിക്കാന്‍ സാധിക്കാതിരിക്കുകയും രക്തത്തില്‍ നിന്ന് ഗ്ലൂക്കോസിനെ വേര്‍തിരിച്ചെടുത്ത് ഊര്‍ജ്ജമാക്കി മാറ്റാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ) ഉള്ളവരിലുമാണ് മുഖക്കുരു കൂടുതലായി കാണുന്നത്.
സ്ത്രീകളില്‍ ‘ഈസ്ട്രജന്‍’ ഹോര്‍മോണ്‍ അധികമാകുന്ന അവസ്ഥ (പ്രത്യേകിച്ച് ആര്‍ത്തവസമയത്ത് വരുന്നത്), പുരുഷ സെക്സ് ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ കൂടുതലായി വരുന്ന അവസ്ഥ (ഹൈപ്പര്‍ ആന്‍ഡ്രൊജെനിസം), പ്രമേഹം, പ്രമേഹത്തിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പുള്ള സമയം, ആര്‍ത്തവവിരാമത്തോട് അടുത്ത് നില്‍ക്കുന്ന സമയം, ആര്‍ത്തവവിരാമം എന്നീ ഘട്ടങ്ങളിലെല്ലാം ഹോര്‍മോണ്‍ മാറ്റങ്ങളെ തുടര്‍ന്ന് മുഖക്കുരു ഉണ്ടാകാം.

മുഖക്കുരു ഒഴിവാക്കാന്‍ ചില വഴികള്‍
ചര്‍മ്മസംരക്ഷണത്തിന് ചിട്ട സൂക്ഷിക്കുന്നതിലൂടെ തന്നെ ഇത്തരത്തില്‍ മുഖക്കുരു വരുന്നത് ഒരു പരിധി വരെ തടയാന്‍ കഴിയും. ആര്‍ത്തവചക്രവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മുഖക്കുരുവിനാണെങ്കില്‍ ഇതിനായി പ്രത്യേകമുള്ള സപ്ലിമെന്റ്സ് കഴിക്കാം. മഗ്‌നീഷ്യം സപ്ലിമെന്റുകള്‍, ബി-6 ഗുളികകള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടുന്നു.
ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരു ഒഴിവാക്കാന്‍ സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ‘ബെന്‍സോയില്‍ പെറോക്സൈഡ്’, ‘സാലിസിലിക് ആസിഡ്’ അല്ലെങ്കില്‍ ‘റെറ്റിനോയിഡ്സ്’ എന്നിവ അടങ്ങിയത് വാങ്ങിക്കുക.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നത് അടിസ്ഥാനമാണ്. ഷുഗര്‍ കുറവുള്ള- ഗ്ലൈസമിക് സൂചിക കുറവുള്ള ഭക്ഷണം കൂടുതലായി തെരഞ്ഞെടുക്കാം. അതുപോലെ പാല്‍- പാലുത്പന്നങ്ങള്‍ എന്നിവ പരിമിതമായ അളവില്‍ മാത്രം ഉപയോഗിക്കാം.

Advertisement