പ്ലസ് ടു യോഗ്യതയുള്ളവർക്ക് കേന്ദ്ര സർവീസിൽ സുവർണാവസരം, 4000 ത്തിലധികം ഒഴിവുകൾ

Advertisement

പന്ത്രണ്ടാം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് കേന്ദ്രസർവീസ് ജോലികൾക്ക് അവസരമൊരുക്കുന്ന കമ്പയിൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗ്രൂപ്പ് സി തസ്തികകളായ ലോവർ ഡിവിഷൻ ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവയിലായി 4,500 ഒഴിവാണുള്ളത്. അപേക്ഷ എസ്.എസ്.സിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.


തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒന്നാംഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കും
കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫീസുകൾ, ഭരണഘടനാ സ്ഥാപനങ്ങൾ, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾ, ട്രിബ്യൂണലുകൾ തുടങ്ങിയവയിലായിരിക്കും നിയമനം.
യോഗ്യത: അംഗീകൃത ബോർഡ്/ സർവകലാശാല നടത്തുന്ന പന്ത്രണ്ടാം ക്ലാസ്/ തത്തുല്യ പരീക്ഷ പാസ്സായിരിക്കണം. 04.01.2023 -നകം പാസ്സായവരായിരിക്കണം അപേക്ഷകർ.
ശമ്പളം: എൽ.ഡി.ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് 19,900-63,200 രൂപ. ഡേറ്റാ എൻട്രി ഓപ്പറേറ്റർക്ക് 25,500-81,000 രൂപ


പ്രായം: 01.01.2022-ന് 18-27 വയസ്സ്. (അപേക്ഷകർ 02.01.1995-ന് മുൻപോ 01.01.2004-ന് ശേഷമോ ജനിച്ചവരായിരിക്കരുത്). എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിലെ ജനറൽ വിഭാഗത്തിന് 10 വർഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 15 വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് 13 വർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവുണ്ട്.


പരീക്ഷ: ടയർ-I, ടയർ-II എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുക. ടയർ-I പരീക്ഷയ്ക്ക് ഒരു മണിക്കൂറായിരിക്കും സമയം. സ്ക്രൈബിനെ ഉപയോഗിച്ച് എഴുതുന്നവർക്ക് 20 മിനിറ്റ് അധികം അനുവദിക്കും. ഇംഗ്ലീഷ് ഭാഷ, ജനറൽ ഇന്റലിജൻസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (അടിസ്ഥാന ഗണിതം), പൊതുവിജ്ഞാനം എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും. ഇംഗ്ലീഷിലോ ഹിന്ദിയിലോ ചോദ്യങ്ങൾ ലഭിക്കും. തെറ്റുത്തരം ഓരോന്നിനും അര മാർക്ക് നെഗറ്റീവ് ഉണ്ടായിരിക്കും


ടയർ -I-ൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കായാണ് ടയർ-II പരീക്ഷ. ഇതിന്റെ ആദ്യഭാഗത്തിൽ മാത്തമാറ്റിക്കൽ എബിലിറ്റി, റീസണിങ് ആൻഡ് ജനറൽ ഇന്റലിജന്റ്സ്, ഇംഗ്ലീഷ്, ജനറൽ അവേർനെസ്സ്, കംപ്യൂട്ടർ നോളെജ് എന്നിവയായിരിക്കും ആദ്യഭാഗത്തെ വിഷയങ്ങൾ. രണ്ടാം ഭാഗത്തിൽ തസ്തികയ്ക്ക് ആവശ്യമായ സ്കിൽ ടെസ്റ്റ്/ ടൈപ്പിങ് ടെസ്റ്റായിരിക്കും. ടയർ-I, ടയർ-II പരീക്ഷകളിൽ ജനറൽ വിഭാഗത്തിന് 30 ശതമാനവും ഒ.ബി.സി/ ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 25 ശതമാനവും മറ്റ് വിഭാഗക്കാർക്ക് 20 ശതമാനവുമാണ് മിനിമം മാർക്ക്.


പരീക്ഷാകേന്ദ്രങ്ങൾ: കർണാടക-കേരള റീജണിലാണ് (കെ.കെ.ആർ) കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ ഉൾപ്പെടുന്നത്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ.
അപേക്ഷകർക്ക് ഒരേ റീജണിൽപ്പെടുന്ന മൂന്ന് കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം.
അപേക്ഷാഫീസ്: 100 രൂപയാണ് ഫീസ്. വനിതകൾക്കും എസ്.സി, എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ബാധകമല്ല. ഓൺലൈനായോ ജനറേറ്റ് ചെയ്ത ചലാൻ മുഖേന എസ്.ബി.ഐ.ബ്രാഞ്ചുകളിലോ ഫീസ് അടയ്ക്കാം. ചലാൻ മുഖേന അടയ്ക്കുന്നവർ ഇതിനുള്ള ചലാൻ ജനുവരി നാലിനകം ജനറേറ്റ് ചെയ്യണം.


ഓൺലൈനായി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി- ജനുവരി 5, ചലാൻമുഖേന ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി: ജനുവരി 6.ഒരിക്കൽ അടച്ച ഫീസ് തിരികെ നൽകുന്നതല്ല.
അപേക്ഷാസമർപ്പണം: www.ssc.nic.in
. വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷാവേളയിൽ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ JPEG ഫോർമാറ്റിൽ (20 KB-50 KB സൈസ്) അപ്ലോഡ് ചെയ്യണം.വിശദവിവരങ്ങൾ https://ssc.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 4

Advertisement