സുരക്ഷിത മദ്യപാനം? ഇല്ലേയില്ല

ആരോഗ്യത്തെ ബാധിക്കാത്ത സുരക്ഷിതമായ അളവിലുള്ള മദ്യം എന്നതൊന്ന് ഇല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഡബ്ലു.എച്ച്.ഒയുടെ മുന്നറിയിപ്പ്.

ഉയർന്ന മദ്യപാനം ക്യാൻസർ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുമെന്നും യൂറോപ്പിൽ 200 ദശലക്ഷം ആളുകൾ മദ്യപാനം മൂലം ക്യാൻസർ സാധ്യതയുള്ളവരാണെന്നും ആഗോള ആരോഗ്യ സ്ഥാപനമായ ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു. ലാൻസെറ്റ് പബ്ലിക് ഹെൽത്തിലെ ഒരു പ്രസ്താവനയിലാണ് ലോകാരോഗ്യ സംഘടനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. വൻകുടലിലെ ക്യാൻസർ, സ്തനാർബുദം തുടങ്ങിയ ഏറ്റവും സാധാരണമായ അർബുദ രോഗങ്ങൾ ഉൾപ്പെടെ കുറഞ്ഞത് ഏഴ് തരം ക്യാൻസറുകളെങ്കിലും മദ്യപാനം വഴി ഉണ്ടാകുന്നുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നത്.

എഥനോൾ (ആൽക്കഹോൾ) ഒരു ബയോളജിക്കൽ മെക്കാനിസം വഴി ക്യാൻസറിന് കാരണമാകുന്നു. കാരണം, ഈ സംയുക്തം ശരീരത്തിൽ വിഘടിക്കുന്നു. അതായത്, കഴിക്കുന്ന അളവ് കുറഞ്ഞാലും കൂടിയാലും മദ്യപാനം ക്യാൻസറിന് കാരണമായേക്കുമെന്ന് ചുരുക്കം. അളവിൽ കുറഞ്ഞ മദ്യപാനം മൂലം രോഗമോ മോശമായ ശാരീരിക അവസ്ഥകളോ ഇല്ലെന്നു തെളിയിക്കാൻ സാധുവായ ശാസ്ത്രീയ തെളിവുകൾ അത്യാവശ്യമാണ്. മദ്യത്തിന് സുരക്ഷിതമായ പരിധിയുണ്ടെന്ന റിപ്പോർട്ടുകൾക്ക് നിലവിൽ വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, മദ്യപാനത്തിന്റെ സുരക്ഷിതമായ അളവ് എന്നൊന്ന് ഇല്ല. നിങ്ങൾ എത്ര കുടിക്കുന്നു എന്നതിലല്ല കാര്യം – മദ്യത്തിന്റെ ആദ്യ തുള്ളി പോലും മദ്യപാനിയുടെ ആരോഗ്യത്തിന് അപകടം ഉണ്ടാക്കാം. അളവില്ലാതെ കുടിച്ചാൽ കൂടുതൽ ദോഷം ചെയ്യും എന്നു മാത്രം സംശയം ഏതുമില്ലാതെ ഉറപ്പിച്ചു പറയാൻ സാധിക്കും. ആഗോളതലത്തിൽ, യൂറോപ്യൻ മേഖലയിലാണ് മദ്യപാനികളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ ഉള്ളത്. ഇവിടെ മാത്രം 200 ദശലക്ഷത്തിലധികം ആളുകൾക്ക് ക്യാൻസർ സാധ്യതയുണ്ടെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.

Advertisement