ടോവിനോയുടെ ഫാന്റസി ചിത്രം എആര്‍എം-ന്റെ മോഷന്‍ പോസ്റ്ററിന് മികച്ച അഭിപ്രായം

Advertisement

ടോവിനോ തോമസ് നായകനായി എത്തുന്ന ഫാന്റസി ചിത്രം എആര്‍എം (അജയന്റെ രണ്ടാം മോഷണം)-ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ടോവിനോയുടെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുന്നത്. നവാഗതനായ ജിതിന്‍ ലാല്‍ ഒരുക്കുന്ന ചിത്രം പൂര്‍ണമായും 3ഡിയിലാണ് ഒരുങ്ങുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബജറ്റില്‍ പൂര്‍ത്തിയാക്കുന്ന സിനിമകളില്‍ ഒന്നാണിത്.
മൂന്ന് വേഷങ്ങളിലാണ് ചിത്രത്തില്‍ ടോവിനോ തോമസ് എത്തുന്നത്. മികച്ച അഭിപ്രായമാണ് മോഷന്‍ പോസ്റ്ററിനു ലഭിക്കുന്നത്. നേരത്തെ പുറത്ത് വന്ന ടീസറിനും ഗംഭീര വരവേല്‍പാണ് ലഭിച്ചത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായി എ ആര്‍ എം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമയാണ് എആര്‍എം. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Advertisement