ചലച്ചിത്രലോകം ഉപേക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കി താരം

സിനിമാ രംഗത്തുനിന്നും അപ്രത്യക്ഷയാകാൻ കാരണം താൻ നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവമാണെന്ന് വെളിപ്പെടുത്തി നടി വിചിത്ര. 2001ൽ ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമാ ഫീൽഡിലേക്ക് ഇനിയില്ലെന്ന തീരുമാനമെടുത്തതിനു പിന്നില്ലെന്നു വിചിത്ര പറയുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇടയിലാണ് നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

‘‘എന്റെ ജീവിതത്തിൽ വഴിത്തിരിവായ സംഭവമുണ്ട്. ഒരു നടിയായി മാറാൻ ഞാനെടുത്ത കഷ്ടപ്പാടുകളെക്കുറിച്ച് മുൻപും പറഞ്ഞിട്ടുണ്ട്. 2001ലാണ് ഈ സംഭവം നടക്കുന്നത്. അന്തരിച്ചുപോയ ഒരു നടനാണ് ഈ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിനിമയെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ വലിയ ധാരണയില്ലായിരുന്നു.

മലമ്പുഴയിലാണ് ഷൂട്ട് നടന്നുകൊണ്ടിരുന്നത്. എന്റെ ഭാവി ഭർത്താവിനെയും അവിടെ വച്ചാണ് പരിചയപ്പെടുന്നത്. അദ്ദേഹം അവിടെയായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. ഔട്ട്ഡോർ ഷൂട്ടിങ് ആയതിനാൽ മലമ്പുഴയിലെ ഒരു ഹോട്ടലിലായിരുന്നു താമസം. അവിടെ വച്ചാണ് മറക്കാനാകാത്ത സംഭവം നടക്കുന്നത്. കാസ്റ്റിങ് കൗച്ച് എന്നൊക്കെ നിങ്ങളും കേട്ടിട്ടുണ്ടല്ലോ? ആ ബുദ്ധിമുട്ട് ഏറ്റവുമധികം നേരിടേണ്ടി വന്ന സിനിമയായിരുന്നു അത്.

Related Articles
നായകനാക്കിയാൽ അഭിനയിക്കാം, ഇല്ലെങ്കിൽ ഇനി ലോകേഷിനൊപ്പമില്ല: മൻസൂർ അലിഖാൻ
Movie News
[Image: നായകനാക്കിയാൽ അഭിനയിക്കാം, ഇല്ലെങ്കിൽ ഇനി ലോകേഷിനൊപ്പമില്ല: മൻസൂർ അലിഖാൻ]

പടം വിനായകൻ കൊണ്ടുപോയി: ലിങ്കുസാമിയുടെ റിവ്യു
Movie News
[Image: പടം വിനായകൻ കൊണ്ടുപോയി: ലിങ്കുസാമിയുടെ റിവ്യു]

എന്റെ കല്യാണം നിങ്ങൾക്കെല്ലാം അറിയാവുന്നതാണ്. അതിനു മുമ്പ് സിനിമയിൽ പ്രവർത്തിച്ചിരുന്നതും ഏവർക്കും അറിയാവുന്നതാണ്. എന്റെ കല്യാണത്തിനു ശേഷം സിനിമാ രംഗത്തുനിന്നും അപ്രത്യക്ഷയാകാനുള്ള പ്രധാന കാരണം ഈ സംഭവമാണ്. ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. കുടുംബത്തിനോ എന്നിൽ അടുത്തു നിൽക്കുന്നവർക്കോ അല്ലാതെ ആർക്കും അറിയില്ല. അന്ന് അതൊരു വലിയ പ്രശ്നമായിരുന്നു. അത് ഇന്നും എന്റെ മനസ്സിലെ ഉണങ്ങാത്ത മുറിവാണ്.

വലിയൊരു നടനായിരുന്നു നായകൻ. അന്ന് ഞാൻ താമസിക്കുന്ന ഹോട്ടലിൽ ചില അറ്റകുറ്റപ്പണികൾ നടക്കുകയാണ്. എന്റെ ഭാവി ഭർത്താവായിരുന്നു ആ ഹോട്ടലിലെ മാനേജർ. ത്രീ സ്റ്റാറിൽ അപ്ഗ്രേഡ് നടക്കുന്നതിനാൽ എല്ലാവർക്കും പാർട്ടി ഉണ്ടെന്നും നിങ്ങളെല്ലാം വരണമെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് നായകനെ ഞാൻ പരിചയപ്പെടുന്നത്. പേരുപോലും ചോദിക്കാതെ ആദ്യം ചോദ്യം, ‘നിങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ടോ?’ ഉണ്ടെന്നു പറഞ്ഞതും, റൂമിലേക്ക് വരാനാണ് ആവശ്യപ്പെട്ടത്. ഞാൻ ആരെന്നോ എന്തെന്നോ പോലും ചോദിച്ചില്ല. എനിക്കത് ഭയങ്കര ഷോക്ക് ആയിരുന്നു.

അന്ന് രാത്രി കതക് അടച്ച് നല്ലപോലെ ഉറങ്ങി. പക്ഷേ പിറ്റേദിവസം മുതൽ ഷൂട്ടിങ് സെറ്റിൽ എനിക്ക് പല പല പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. ഷോട്ട് ശരിയാകുന്നില്ല, രാത്രി എന്റെ ഹോട്ടൽ റൂമിൽ കതകിൽ അടിച്ചിട്ട് പോകുക. അന്ന് എന്റെ ഭാവി ഭർത്താവ് എന്നെ ശ്രദ്ധിക്കാൻ തുടങ്ങി. എന്തെങ്കിലും സഹായം വേണോ എന്നു ചോദിച്ചു. എനിക്ക് റൂം മാറ്റി തരണമെന്നു പറഞ്ഞു. അങ്ങനെ സിനിമാക്കാർ ആരും അറിയാതെ ഓരോ ദിവസവും വ്യത്യസ്ത റൂമുകളിലായിരുന്നു എന്റെ താമസം.

അങ്ങനെ ഒരു ദിവസം എന്നെ ഒരു പാഠം പഠിപ്പിക്കണമെന്ന് അവർ തീരുമാനിച്ചു. കാരണം അവർ ഉദ്ദേശിച്ച രീതിയിൽ എന്നെ ശല്യപ്പെടുത്താൻ പറ്റിയില്ലല്ലോ? എനിക്കെതിരെയുള്ള പകയായി അത് മാറി. വനത്തിനുള്ളിലാണ് അടുത്ത ദിവസത്തെ ഷൂട്ടിങ്. സ്റ്റണ്ട് മാസ്റ്റർ ഉണ്ട്. ഫൈറ്റേഴ്സ് എത്തി.ഒരു ഗ്രാമത്തിലെ പെൺകുട്ടിയായാണ് ഞാൻ അഭിനയിക്കുന്നത്. ഹീറോയും ഹീറോയിനും ഉണ്ട്. അവിടെ ഒരു കലാപം നടക്കുന്നതും ഫൈറ്റേഴ്സ് ഞങ്ങളെ ആക്രമിക്കുന്നതുമാണ് രംഗം. അത് ഷൂട്ട് ചെയ്യുന്നതിനിടെ എന്റെ ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുന്നതുപോലെ തോന്നി. ആദ്യം ഓർത്തും യാദൃച്ഛികമായി സംഭവിച്ചതാണെന്ന്. എനിക്കതൊരു ഷോക്ക് ആയിരുന്നു. ഇതിനു മുമ്പ് ഒരുപാട് തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അന്നൊന്നും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ല.

രണ്ടാമത്തെ ടേക്കിലും ഇതു തന്നെ സംഭവിച്ചു. മൂന്നാമത്തെ ടേക്കിൽ അയാളുടെ കയ്യിൽ കയറി ഞാൻ പിടിച്ചു. അയാളെ പിടിച്ചുകൊണ്ട് വെളിയിലേക്ക് ചെന്നു. സ്റ്റണ്ട് മാസ്റ്ററിന്റെ അടുത്ത് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. സ്റ്റണ്ട് മാസ്റ്റർ എന്റെ കൈ അയാളിൽ നിന്നും മാറ്റി എന്റെ ചെകിട്ടത്ത് അടിക്കുകയായിരുന്നു. എനിക്ക് എന്തു ചെയ്യണമെന്നുപോലും അറിയില്ല. ആരും എന്നെ പിന്തുണയ്ക്കാനോ സംസാരിക്കാനോ വന്നില്ല. ഞാൻ അതുപോലെ തന്നെ ആ സെറ്റിൽ നിന്നും പുറത്തേക്കുപോയി. അപ്പോൾ എന്റെ മാനസികവിഷമം പറഞ്ഞറിയിക്കാൻ പറ്റില്ല. എന്റെ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. ഇത് വെറുതെ വിടാൻ പാടില്ല, പരാതി കൊടുക്കണമെന്നു പറഞ്ഞു.

യൂണിയനിൽ പരാതിപ്പെട്ടപ്പോൾ പരാതി എഴുതി തരാൻ പറഞ്ഞു. സംഭവം വലിയ വിവാദമായി. പക്ഷേ സിനിമാ രംഗത്തെ ആരും എന്നെ പിന്തുണച്ചില്ല. ഒരാൾ പീഡിപ്പിക്കപ്പെട്ടാൽ മാത്രമേ ശബ്ദം ഉയർത്തൂ എന്നത് തെറ്റായ ചിന്താഗതിയാണ്, ഷൂട്ടിങ് സെറ്റിൽ സ്ത്രീയെ തല്ലുന്നതും ക്രൈം തന്നെയാണ്. സ്റ്റണ്ട് യൂണിയനും നടപടി ഉണ്ടായില്ല.

പിന്നീട് പൊലീസിൽ പരാതിപ്പെട്ടു. അങ്ങനെ വക്കീലിനെ വച്ചു. പക്ഷേ അതൊരു വൃത്തികെട്ട നടപടികളായിരുന്നു. എവിടെ തൊട്ടു, എങ്ങനെ തൊട്ടു എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. അങ്ങനെ ആ കേസ് നീണ്ടുപോയി. എന്നെ പിന്തുണയ്ക്കാൻ അവിടെയും ആരും വന്നില്ല. ഈ സമയത്തൊക്കെ എന്റെ ഭാവി ഭർത്താവ് എനിക്കൊപ്പമുണ്ടായിരുന്നു. എനിക്കു വേണ്ടി തെളിവുകളുമായി ചെന്നൈ വരെ വന്നു. എന്റെ മനസ്സ് മുഴുവൻ ഭയമായിരുന്നു. ഞാൻ തകർന്നുപോയി, എന്റെ കരിയർ അവസാനിച്ചെന്ന് ഉറപ്പിച്ചു. എന്റെ കുടുംബത്തെ ഇനി എങ്ങനെ നോക്കും എന്നൊക്കെ ചിന്തിച്ചു. എനിക്കു വേണ്ടി ആരും വരാത്ത സിനിമാ ഫീൽഡിൽ ഇനി എന്തിന് ജോലി ചെയ്യണം.

ഇതൊക്കെ മറന്നിട്ട് നീ നിന്റെ ജോലി ചെയ്യ് എന്നായിരുന്നു സംഘടനയുടെ നേതാവ് എന്നോട് പറഞ്ഞത്. എന്റെ ഭർത്താവ് എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്, ‘‘ഇതിനു വേണ്ടിയായിരുന്നു ഈ ജോലി. ജോലി ചെയ്യുന്ന സ്ഥലത്ത് അർഹിക്കുന്ന ആദരവ് ലഭിച്ചില്ലെങ്കിൽ അവിടെ തുടരുന്നതിൽ അർഥമില്ല.’’ അത് സത്യമാണ്. പത്ത് വർഷത്തിനിടയ്ക്ക് നൂറ് സിനിമകളിൽ പ്രവർത്തിച്ചു. സിനിമാ ഫീൽഡ് എന്റെ കുടുംബമാണെന്ന് വിശ്വസിച്ചു. അത് തെറ്റായിരുന്നു. അങ്ങനെ ഞാൻ സിനിമയിൽ നിന്നും അപ്രത്യക്ഷയായി. പിന്നീടൊരു ഷെല്ലിനുള്ളലായിരുന്നു ജീവിതം. സ്വസ്ഥമായി കുടുംബത്തിനൊപ്പം ജീവിതം ചിലവഴിച്ചു. എല്ലാം അറിഞ്ഞുകൊണ്ട് അദ്ദേഹം എന്നെ വിവാഹം കഴിച്ചു. അദ്ദേഹമാണ് എന്റെ ഹീറോ. മൂന്ന് ആൺകുട്ടികൾക്ക് ഞാൻ ജന്മം നൽകി.

ഒരു നടപടിയും സ്വീകരിക്കാത്തതിനാൽ നിരവധി കുറ്റവാളികൾ രക്ഷപ്പെട്ടു. അതുകൊണ്ടാണ് ഞാൻ പ്രശ്നങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നത്. അനന്തരഫലങ്ങൾ വളരെ കൂടുതലായിരുന്നു, എനിക്ക് സുഖപ്പെടാൻ 20-22 വർഷമെടുത്തു. ഇത് എന്റെ തിരിച്ചുവരവാണ്.’’–വിചിത്ര പറഞ്ഞു.

തൊണ്ണൂറുകളിൽ തമിഴ് സിനിമയിൽ ഗ്ലാമർ വേഷങ്ങളിൽ നിറഞ്ഞുനിന്ന താരമായിരുന്നു ഇവർ. ഏഴാമി‌ടം, ഗന്ധർവരാത്രി തുടങ്ങിയ മലയാള സിനിമകളിലും വിചിത്ര അഭിനയിച്ചിട്ടുണ്ട്.

Advertisement