ജോഷി-ജോജു ജോര്‍ജ് കൂട്ടുകെട്ടിലെ പുതിയ ചിത്രം ‘ആന്റണി’യുടെ ടീസര്‍ പുറത്ത്

ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആന്റണി’യുടെ ടീസര്‍ റിലീസ് ചെയ്തു. ജോജു ജോര്‍ജ്, കല്യാണി പ്രിയദര്‍ശന്‍, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് മുന്‍പ് ജോജുവിനെയും ചെമ്പന്‍ വിനോദിനെയും നൈല ഉഷയെയും അഭിനയിപ്പിച്ച് ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മരിയം ജോസ്’ എന്ന ചിത്രത്തിന് വന്‍ വരവേല്‍പാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് കിട്ടിയത്. ജോഷിക്കൊപ്പം കല്യാണി പ്രിയദര്‍ശന്റെ ആദ്യ ചിത്രമാണ് ‘ആന്റണി’.
പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നവംബര്‍ 23 നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ഐന്‍സ്റ്റീന്‍ മീഡിയക്ക് വേണ്ടി ഐന്‍സ്റ്റീന്‍ സാക് പോളും നെക്സ്റ്റല്‍ സ്റ്റുഡിയോ, അള്‍ട്രാ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകള്‍ക്ക് വേണ്ടി സുശീല്‍ കുമാര്‍ അഗ്രവാളും നിതിന്‍ കുമാറും രജത് അഗ്രവാളും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Advertisement