വീണ്ടും ചെറുപ്പമായി മീര ജാസ്മിൻ; പുതിയ ചിത്രങ്ങൾ വൈറൽ

നടി മീര ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. നടി വീണ്ടും ചെറുപ്പമായെന്നാണ് ചിത്രം കണ്ട ആരാധകർ അഭിപ്രായപ്പെടുന്നത്. വിദേശയാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണിത്.

ഒരിടവേളയ്ക്കു ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് മീര ജാസ്മിൻ. ആറു വർഷങ്ങൾക്കു ശേഷം മീര നായികയായി മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് ‘മകൾ’. ജയറാം നായകനായ ചിത്രം സത്യൻ അന്തിക്കാടാണ് സംവിധാനം ചെയ്തത്.

മലയാളത്തിലും തമിഴിലുമായി നിരവധി പ്രോജക്ടുകളാണ് നടിയെ തേടിയെത്തുന്നത്. യൈ നോട്ട് സ്റ്റുഡിയോസ് സംവിധാനം ചെയ്യുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴിലും തിരിച്ചെത്തുകയാണ് മീര. 2014ൽ പുറത്തിറങ്ങിയ വിംഗ്യാനിയാണ് മീര അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.

എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ക്വീൻ എലിസബത്ത്’ ആണ് മലയാളത്തിൽ മീരയുടെ പുതിയ ചിത്രം. നരേനും ഒരു പ്രധാന വേഷത്തിലെത്തുന്നു. ക്വീൻ എലിസബത്ത് എന്ന ചിത്രത്തിൽ എലിസബത്ത് ഏയ്ഞ്ചൽ എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്.

എലിസബത്തിന്റെ സുഹൃത്ത് അലക്സ് ആയി നരേൻ വേഷമിടുന്നു. വെള്ളം, അപ്പൻ, പടച്ചോനെ നിങ്ങള് കാത്തോളീ എന്നീ ഹിറ്റുകൾ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

Advertisement