10ാം ക്ലാസിൽ പഠിക്കുന്ന തമന്നയുടെ വിഡിയോ; വിശ്വസിക്കാനാതെ ആരാധകരും

തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയയുടെ 18 വർഷം പഴക്കമുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘ചാന്ദ് സാ റോഷന്‍ ചെഹ്‍രാ’ എന്ന ഹിന്ദി ചിത്രത്തിന്റെ റിലീസ് സമയത്ത് എടുത്ത വിഡിയോയാണിത്.

തമന്ന ആദ്യമായി അഭിനയിച്ച ഈ ചിത്രം 2005ലാണ് റിലീസിനെത്തിയത്. 15-ാം വയസ്സിലായിരുന്നു തമന്നയുടെ അഭിനയ അരങ്ങേറ്റം. ഈ സിനിമയില്‍ അഭിനയിക്കുമ്പോൾ, പത്താം ക്ലാസ് പരീക്ഷയ്ക്ക് തയാറെടുക്കുകയാണെന്ന് പറയുന്ന തമന്നയെ വിഡിയോയില്‍ കാണാം.

‘‘ഞാനിപ്പോള്‍ സ്കൂളില്‍ പഠിക്കുകയാണ്. 2005 ല്‍ ഞാന്‍ പത്താം ക്ലാസ് പരീക്ഷ എഴുതും. പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം കമ്മിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് പതിമൂന്നര വയസ്സായിരുന്നു പ്രായം. ഇപ്പോള്‍ പത്താംക്ലാസ് പൂര്‍ത്തിയാകാറായി.’’– വിഡിയോയിൽ തമന്ന പറയുന്നു.

വിഡിയോ വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ഈ പ്രായത്തിൽ ഇത്രയും പക്വതയാര്‍ന്ന ശബ്ദമോ എന്നായിരുന്നു ഒരാളുടെ കമന്റ്. 15 വയസ്സുകാരിയാണെന്ന് തോന്നില്ലെന്നും 21 വയസ്സ് തോന്നിക്കുമെന്നുമാണ് ചിലരുടെ അഭിപ്രായം.

ചാന്ദ് സാ റോഷന്‍ ചെഹ്‍രാ എത്തിയ അതേവര്‍ഷം തന്നെ തമന്നയുടെ ഒരു തെലുങ്ക് ചിത്രവും പ്രദര്‍ശനത്തിന് എത്തിയിരുന്നു. ശ്രീ എന്ന ചിത്രമായിരുന്നു ഇത്. 2016 ലാണ് കേഡി എന്ന ചിത്രത്തിലൂടെ തമന്ന തമിഴില്‍ എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

അജയ് ദേവ്ഗണ്‍ നായകനായ ഹിമ്മത്‍വാല എന്ന ചിത്രത്തിലൂടെ 2013 ലാണ് ഹിന്ദിയിലേക്ക് എത്തി. ഹംഷക്കല്‍സ്, ഖാമോഷി, ബബ്ലി ബൗണ്‍സർ, പ്ലാന്‍ എ പ്ലാന്‍ ബി, ലസ്റ്റ് സ്റ്റോറീസ് 2 തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

ദിലീപ് ചിത്രം ബാന്ദ്ര, അരൺമനൈ നാലാം ഭാഗം, വേദ എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.

Advertisement