ചില താരങ്ങൾ നിർമാതാക്കളെ ബുദ്ധിമുട്ടിക്കുന്നു; ആരൊക്കെയാണെന്ന് പിന്നീട് വ്യക്തമാക്കും – ബി. ഉണ്ണികൃഷ്ണൻ

മലയാള സിനിമയിലെ ചില താരങ്ങൾ നിർമാതാക്കളെ ബുദ്ധിമുട്ടിക്കുന്നതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി നടത്തിയ ചർച്ചക്ക് ശേഷം വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘ചില നടി നടൻമാർ ഒരേ സമയം പല സിനിമകൾക്ക് തീയതി കൊടുക്കുന്നുണ്ട്. ‘അമ്മ’ അംഗീകരിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷൻറെ എഗ്രിമെൻറെ് ഒപ്പിടാൻ ചില താരങ്ങൾ തയാറാകുന്നില്ല. ഡബ്ബിങ് നടക്കുന്ന സമയത്ത് എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ കാണണമെന്ന് ഒരു നടൻ ആവശ്യപ്പെട്ടു. കാണിച്ചാൽ മാത്രമേ തുടർന്ന് അഭിനയിക്കുകയുള്ളുവെന്നും പറഞ്ഞു. തങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ റീ എഡിറ്റ് ചെയ്യാൻ അഭിനേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്- ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

സഹകരിക്കാത്തവർ ആരൊക്കെയാണെന്ന് പിന്നീട് വ്യക്തമാക്കും. പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ തീരുമാനങ്ങൾക്കൊപ്പമായിരിക്കും ഫെഫ്ക്ക നിൽക്കുക. പണം മുടക്കിയ നിർമാതാക്കളെ മാത്രമേ സിനിമയുടെ എഡിറ്റ് കാണിക്കൂ എന്നാണ് തീരുമാനം. എന്നാൽ സർഗാത്മകമായ ചർച്ചകൾക്ക് അവസരം നൽകുമെന്നും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കി.

ഇത്തരം പ്രശ്‍നങ്ങൾ നിരന്തരം സൃഷ്‍ടിക്കുന്നവരോട് ഞങ്ങളുടെ അവകാശങ്ങൾ ബലികഴിക്കാൻ സമ്മതിക്കില്ല. കെഎസ്എംഡിസി സിനിമാ മേഖലയിൽ സ്ത്രീ സാന്നിധ്യം ഉറപ്പ് വരുത്താൻ മുന്നോട്ട് വന്നതിന്റെ തുടർച്ചയെന്നോണം അത്തരം സിനിമകൾ തിയറ്ററിൽ നിലനിർത്താൻ കൂടി മുൻകൈ എടുക്കണം’-പ്രൊഡ്യൂസേഴ്‍സ് അസോസിയേഷനുമായി ഫെഫ്‍ക നടത്തിയ ചർച്ചയ്‍ക്ക് ശേഷനുള്ള വാർത്താ സമ്മേളനത്തിൽ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

Advertisement