രാജ്യത്തെ ഏറ്റവും വില കൂടിയ ആഢംബര എസ്.യു.വി സ്വന്തമാക്കി കിങ് ഖാൻ

ആയിരം കോടിയും കടന്ന് ചരിത്ര വിജയംനേടി പഠാൻ മുന്നേറുന്നുമ്പോൾ രാജ്യത്തെ ഏറ്റവും വില കൂടിയ എസ്.യു.വി സ്വന്തമാക്കി ആഘോഷിക്കുകയാണ് കിങ് ഖാൻ. ഏകദേശം 8.2 കോടി രൂപ (എക്സ് ഷോറൂം) വില വരുന്ന റോൾസ് റോയ്സ് കള്ളിനൻറെ പ്രത്യേക പതിപ്പായ ബ്ലാക് ബാഡ്ജ് എന്ന സൂപ്പർ ലക്ഷ്വറി എസ്‌.യു.വി ആണ് ഷാറുഖ് ഖാൻ തൻറെ ഗരേജിലെത്തിച്ചത്. ബ്ലാക് ബാഡ്ജിന്റെ ആർട്ടിക് വൈറ്റ് നിറത്തിലുള്ള മോഡലാണിത്. ഇന്ത്യയിലെ മൂന്നാമത്തെ ബ്ലാക് ബാഡ്ജ് എഡിഷനാണ് ഷാരൂഖ് സ്വന്തമാക്കിയത്. കുറച്ചു മോഡലുകൾ മാത്രമേ ഇന്ത്യയിലേക്ക് വിൽപനക്കെത്തുകയുള്ളു.

ആഢംബരത്തിൻറെ അവസാന വാക്കെന്ന് ബ്ലാക് ബാഡ്ജിനെ വിശേഷിപ്പിക്കാം. ഉപഭോക്താവിൻറെ ഇഷ്ടാനുസരണം കമ്പനി തന്നെ വാഹനം കസ്റ്റമൈസ് ചെയ്തുതരും. റോൾസ് റോയ്സിൻറെ ആഡംബര ചിഹ്നമായ സ്പിരിറ്റ് ഓഫ് എക്സ്റ്റസിയും ബ്ലാക് ബാഡ്ജിൽ കറുപ്പ് നിറത്തിലാണുള്ളത്. ഗ്രില്ലും കറുപ്പിൽ കുളിച്ചിരിക്കുന്നു. കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എഡിഷനായി 22 ഇഞ്ച് അലോയ് വീലുകൾ പ്രത്യേകം നിർമ്മിച്ചവയാണ്.

ഉൾഭാഗങ്ങൾ കറുപ്പ് നിറത്താൽ മനോഹരമാണ്. കറുപ്പിനൊപ്പം പലയിടത്താ‍യി ഗോൾഡൻ ലൈനുകളും നൽകിയിട്ടുണ്ട്. 23 ഓളം ഫൈബർ ഒപ്റ്റിക് ലൈറ്റുകൾ ഉപയോഗിച്ച് വാഹനത്തിന്റെ റൂഫിൽ ആകാശ കാഴ്ചയും സൃഷ്ടിച്ചിരിക്കുന്നു. ഒന്നും രണ്ടും നിരയിലുള്ള സീറ്റുകളിൽ മസാജിങ്ങിനുള്ള സൗകര്യവുമുണ്ട്.

600 എച്ച്.പി കരുത്തും 900 എൻ.എം ടോർക്കുമുള്ള 6.75-ലീറ്റർ വി12 പെട്രോൾ എൻജിനാണ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എഡിഷനിൽ ഉള്ളത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4×4 ഡ്രൈവ്ട്രെയിനും ലഭിക്കുന്നു. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയെടുക്കാൻ കഴിയും. പൂജ്യത്തിൽ നിന്നു നൂറു കിലോമീറ്ററിലെത്താൻ വേണ്ടതോ 4.9 സെക്കൻറ് മാത്രം.

അതേസമയം, വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സമ്പന്നരായ എട്ട് അഭിനേതാക്കളുടെ പട്ടികയിൽ ഷാരൂഖ് ഖാൻ നാലാം സ്ഥാനത്തായിരുന്നു. ടോം ക്രൂസ്, ജാക്കി ചാൻ, ജോർജ്ജ് ക്ലൂണി തുടങ്ങിയവരെക്കാൾ മുകളിലാണ് അദ്ദേഹത്തെ പട്ടികപ്പെടുത്തിയത്. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു ഷാരൂഖ് ഖാൻ ചിത്രം തീയറ്ററുകളിൽ എത്തിയത്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് പഠാൻ

Advertisement