ചൈനയുടെ ഫൗൾ സ്റ്റാർട്ട്, അയോഗ്യത ഇന്ത്യയ്ക്ക്; നാടകീയസംഭവങ്ങൾക്ക് ഒടുവിൽ ജ്യോതിക്ക് വെള്ളി– വിഡിയോ

ഫൗൾ സ്റ്റാർട്ട്, അപ്പീൽ, അയോഗ്യത…. ഇന്ത്യയുടെ ജ്യോതി യാരാജി വെള്ളി നേടിയ വനിതാ 100 മീറ്റർ ഹർഡിസിന്റെ ആദ്യാവസാനം അരങ്ങേറിയത് നാടകീയ രംഗങ്ങൾ.

ഫൈനലിന്റെ തുടക്കത്തിൽ ചൈനീസ് താരം വു യാന്നി ഫൗൾ സ്റ്റാർട്ട് വരുത്തി. ഇത് ടിവി ദൃശ്യങ്ങളിലൂടെ സ്റ്റേഡിയം മുഴുവൻ തെളിഞ്ഞെങ്കിലും ഒഫീഷ്യലുകൾ‌ പുറത്താക്കാനൊരുങ്ങിയത് ഇന്ത്യയുടെ ജ്യോതി യാരാജിയെ. ജ്യോതിയുടെ സ്റ്റാർട്ട് ഫൗൾ ആയെന്നായിരുന്നു അവരുടെ ‘കണ്ടെത്തൽ’. ജ്യോതി ഇതിനെതിരെ പ്രതിഷേധിച്ചതോടെ ഇരുവരെയും മത്സരിക്കാൻ അനുവദിച്ചു.

മത്സരത്തിൽ വു യാന്നി ഒന്നാമതെത്തിയപ്പോൾ മറ്റൊരു ചൈനീസ് താരം ലിൻ യുവെയിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു. ജ്യോതിയുടെ ഫിനിഷ്. എന്നാൽ മത്സരം പൂർത്തിയായതിനു പിന്നാലെ അത്‌ലറ്റിക് ഫെ‍ഡറേഷൻ ഓഫ് ഇന്ത്യ ഒഫീഷ്യലുകളുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകി. ഇത് അംഗീകരിച്ച സംഘാടകർ വു യാന്നിയെ അയോഗ്യയാക്കി. ജ്യോതിയുടെ വെങ്കലം വെള്ളിയായി ഉയർത്തുകയും ചെയ്തു.

‘വെടിയൊച്ചയ്ക്കു മുൻപേ ചൈനീസ് താരം ഓട്ടം തുടങ്ങിയിരുന്നു. ജ്യോതി അപ്പോഴും നിലത്ത് കൈ ഉറപ്പിച്ചു നിൽക്കുകയായിരുന്നു. ഫൗൾ സ്റ്റാർട്ട് പരിശോധിക്കുന്നതിന് ഇതാണ് രാജ്യാന്തര മാനദണ്ഡം. പക്ഷേ ചൈനീസ് താരത്തെ വീണ്ടും മത്സരിപ്പിക്കുന്നതിനായാണ് അവർ ജ്യോതിയെ അയോഗ്യയാക്കാൻ ശ്രമിച്ചത്. തുടക്കത്തിലേ ഈ വിവാദം ഉണ്ടായിരുന്നില്ലെങ്കിൽ ജ്യോതി സ്വർണം നേടിയേനെയെന്ന് ഇന്ത്യൻ ടീം മാനേജർ അഞ്ജു ബോബി ജോർജ് പറഞ്ഞു.

Advertisement