ഇന്ത്യയിലെ ആദ്യ ഗോൾഡ് എടിഎം യാഥാർത്ഥ്യമാകുന്നു

ന്യൂഡൽഹി: എടിഎമ്മിലൂടെ പണമിടപാടുകൾ നടത്തുന്നത് സർവ്വ സാധാരണമാണ്. പണം കയ്യിൽ സൂക്ഷിക്കുന്നതിന് പകരം എവിടെ നിന്നും ഇഷ്ടാനുസരണം പണമിടപാടുകൾ നടത്താം എന്നതാണ് എടിഎമ്മുകൾകൊണ്ടുള്ള ഗുണം.

എന്നാൽ ഇനി പണമിടപാടുകൾക്ക് മാത്രമല്ല സ്വർണം വാങ്ങാനും വിൽക്കാനും എടിഎമ്മുകൾ ഉപയോഗിക്കാം. അതിനായി ഇന്ത്യയിലെ ആദ്യ ഗോൾഡ് എടിഎം യാഥാർഥ്യമാകുകയാണ്. ഹൈദരാബാദിലാണ് ആദ്യ ഗോൾഡ് എടിഎം എത്തുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഗോൾഡ്സിക്ക ലിമിറ്റഡ് ആണ് ഇന്ത്യയിലെ ആദ്യ ഗോൾഡ് എടിഎമ്മുമായി എത്തിയിരിക്കുന്നത്. സ്വർണം വാങ്ങാൻ മാത്രമല്ല വിൽക്കാനും കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഗോൾഡ് എടിഎം ആയിരിക്കും ഇത്. ഈ എടിഎമ്മുകൾ വഴി സ്വർണം വാങ്ങാൻ എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാവുന്നതാണ്. മറ്റ് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതുപോലെ ഗോൾഡ് എടിഎമ്മിലൂടെ എളുപ്പത്തിൽ സ്വർണം വാങ്ങുന്നതിനായി പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് സ്മാർട്ട് കാർഡുകളും ഉപഭോക്താക്കൾക്ക് കമ്പനി നൽകുന്നു.

ഇന്ത്യയിലുടനീളം ഒരു വർഷത്തിനുള്ളിൽ 3,000 ഗോൾഡ് എടിഎമ്മുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ട്രൂനിക്‌സ് ഡാറ്റാവെയർ എൽഎൽപിയുമായി ചേർന്നാണ് ഇന്ത്യയിലെ ആദ്യ ഗോൾഡ് എടിഎം പ്രവർത്തനങ്ങൾക്കായി കമ്പനി സഹകരിക്കുന്നത്. ധനകാര്യ മേഖലയിലെ വിവിധ ആവശ്യങ്ങൾക്കും ബേങ്കിങ് സേവനങ്ങൾക്കും കമ്പനി സോഫ്റ്റ് വെയർ സൊല്യൂഷനുകൾ നൽകുന്നു. ആഗോളതലത്തിൽ നിരവധി ബേങ്കുകൾക്ക് സുരക്ഷിതമായ സേവനങ്ങൾ നൽകുന്ന കമ്പനികളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്.

അഞ്ച് കിലോഗ്രാം സ്വർണം വീതമാണ് ഓരോ മെഷീനിലും നിക്ഷേപിക്കുക. ഇവയിൽ നിന്നും ഉയർന്ന ഗുണനിലവാരമുള്ള, ബിഐഎസ് ഹാൾമാർക്ക്ഡ് സ്വർണമാണ് ലഭിക്കുക. 0.5 ഗ്രാം മുതൽ 100 ഗ്രാം വരെ സ്വർണം വിതരണം ചെയ്യാൻ ഈ യന്ത്രത്തിന് സാധിക്കുന്നതാണ്. ഓരോ ദിവസത്തെയും മാർക്കറ്റ് വില അനുസരിച്ചാകും സ്വർണം ലഭ്യമാകുക. ഓരോ ഗ്രാം സ്വർണവും മെഷീനിൽ പ്രദർശിപ്പിക്കുകയും ചെയ്യും. സ്വർണത്തിന്റെ ഗുണനിലവാരം, തൂക്കം, സുരക്ഷ എന്നിവ സംബന്ധിച്ച ആശങ്കകൾ ഒഴിവാക്കാനാണ് പ്രോട്ടോടൈപ്പ് മെഷീനുകളിൽ പ്രവർത്തിപ്പിക്കുന്നത്.

Advertisement