ഇന്ത്യയിലെ 11 നഗരങ്ങളിൽ 500ലധികം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മൊബിലിറ്റി സ്റ്റാർട്ടപ്പ് ഓട്ടോമോവിൽ

ന്യൂഡൽഹി| ഇന്ത്യയിലെ 11 നഗരങ്ങളിലായി 500ലധികം ഇലക്‌ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് മൊബിലിറ്റി സ്റ്റാർട്ടപ്പ് ഓട്ടോമോവിൽ അറിയിച്ചു.

ഇതിനുവേണ്ടി മിഡ്ഗാർഡ് ഇലക്‌ട്രിക്കുമായി കമ്പനി കൈകോർത്തു. എല്ലാ ഓട്ടോമോവിൽ ഔട്ട്ലെറ്റുകളിലും മിഡ്ഗാർഡ് ഇവി ചാർജിംഗ് പങ്കാളി ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ കമ്പനി ഇന്ത്യയിലുടനീളം 70 സഹ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പുകളും 500ലധികം പങ്കാളിത്ത വർക്ക് ഷോപ്പുകളും നടത്തുന്നുണ്ട്. രാജ്യത്തുടനീളം അതിവേഗം വളർന്നുവരുന്ന ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ നെറ്റ് വർക്കിൽ ബിസിനസ് വിപുലീകരിക്കാനുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം.

ഓട്ടോമോവിൽ ഉപഭോക്താക്കൾക്ക് കാർ സേവനം നൽകുമ്പോൾ, മിഡ്ഗാർഡ് ഇലക്‌ട്രിക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ, ഇവി ഇക്കോസിസ്റ്റം കൺസൾട്ടേഷൻ, ഇവിസിഎസ് മെയിന്റനൻസ്, മോണിറ്ററിംഗ് എന്നീ സേവനങ്ങൾ നൽകുന്നു. ബാറ്ററി സ്വാപ്പ് ചാർജിംഗും ഫ്‌ളീറ്റ് ചാർജിംഗ് മാനേജ്‌മെന്റും ഇത് വാഗ്ദാനം ചെയ്യുന്നു. ആദ്യ ഘട്ടത്തിൽ ബെംഗളുരു, ഹൈദരാബാദ്, എൻസിആർ, മുംബൈ, പൂനെ, കൊൽക്കത്ത, ജയ്പൂർ, റാഞ്ചി, പട്ന, ലഖ്നൗ, ഗുവാഹത്തി എന്നിവിടങ്ങളിൽ ഇരു കമ്പനികളും സംയുക്തമായി ഇവി ചാർജിംഗ് സ്റ്റേഷനുകൾ കൂട്ടിച്ചേർക്കാൻ ലക്ഷ്യമിടുന്നതായി കമ്പനി വ്യക്തമാക്കി. രണ്ടാം ഘട്ടത്തിൽ, ഗേറ്റഡ് കമ്മ്യൂണിറ്റികളിലും പാർക്കിംഗ് സ്റ്റേഷനുകളിലും മാളുകളിലും മറ്റു സ്ഥലങ്ങളിലും ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കമ്പനികൾ ലക്ഷ്യമിടുന്നു. ഈ ഇവി ചാർജിംഗ് സ്റ്റേഷനുകളിൽ ഭാരത് എസി 001, ഡിസി 001 ആവശ്യകതകൾ നിറവേറ്റുന്ന ലെവൽ 1 ചാർജിംഗ് സൗകര്യങ്ങൾ ഉണ്ടായിരിക്കും. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ഫോർ വീലറുകൾ എന്നിവ ചാർജ് ചെയ്യാൻ ഇത് പ്രാപ്തരാക്കും.

Advertisement