വിദ്യാർഥികൾ നിർമിക്കുന്ന ഉപഗ്രഹത്തിന് നടൻ പുനീത് രാജ്കുമാറിന്റെ പേര്

ബംഗളുരു: കർണാടകയിലെ സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾ നിർമിക്കുന്ന ഉപഗ്രഹത്തിന് നടൻ പുനീത് രാജ്കുമാറിന്റെ പേര് നൽകി.

പുനീത് രാജ്കുമാർ സ്റ്റുഡന്റ് സാറ്റലൈറ്റ് പ്രൊജക്‌ട്’ എന്നാണ് ഉപഗ്രഹ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്.

രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ 75 കൃത്രിമോപഗ്രഹങ്ങളാണ് വിക്ഷേപിക്കുക. ഇതിൻറെ ഭാഗമായി സെപ്തംബറിൽ വിക്ഷേപിക്കാനൊരുങ്ങുന്ന ഉപഗ്രഹത്തിനാണ് പുനീതിന്റെ പേര് നൽകിയിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി സി.എൻ. അശ്വത് നാരായണനാണ് പദ്ധതിക്ക് പുനീതിന്റെ പേര് പ്രഖ്യാപിച്ചത്. ബംഗളുരു മല്ലേശ്വരം സർക്കാർ പി.യു കോളേജിൽ വെച്ച്‌ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.

സംസ്ഥാനത്തെ 20 സർക്കാർ സ്‌കൂളുകളിൽ നിന്നുമുള്ള നൂറോളം വിദ്യാർത്ഥികളാണ് ഉപഗ്രഹ വിക്ഷേപണ പദ്ധതിയുടെ ഭാഗമാകുന്നത്. വിവിധ മത്സര പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ശേഷമാണ് പദ്ധതിയുടെ ഭാഗമാവാൻ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തത്.

1.90 കോടി രൂപ ചെലവിട്ടാണ് 1.5 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം നിർമിക്കുന്നത്.

Advertisement