ലതാ മങ്കേഷ്‌കറുടെ ചിതാഭസ്മ നിമജ്ജനം ചെയ്തു

നാസിക്: ഇതിഹാസിക ഗായിക ലതാമങ്കേഷ്‌കറുടെ ചിതാഭസ്മം നിമജ്ജനം ചെയ്തു. ഗോദാവരി തീരത്തെ രാംകുണ്ഡിൽ സഹോദരി ഉഷയും സഹോദരപുത്രൻ ആദിനാഥ് മങ്കേഷ്‌കറും ചേർന്നാണ് ചിതാഭസ്മം ഒഴുക്കിയത്.

ചടങ്ങിൽ സംബന്ധിക്കാൻ കുടുംബാംഗങ്ങളും എത്തിയിരുന്നു. കൂടാതെ പ്രിയഗായികയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ നിരവധി നാസിക് നിവാസികളും നദീതീരത്ത് എത്തി.

ലത തനിക്ക് സഹോദരി മാത്രമായിരുന്നില്ലെന്നും അമ്മയായിരുന്നെന്നും ഉഷ പറഞ്ഞു. ശുഭമുഹൂർത്തത്തിലാണ് എല്ലാ ചടങ്ങുകളും നടത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. ചടങ്ങുകൾക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും നഗരസഭ ഒരുക്കിയിരുന്നു. പ്രദേശത്ത് വൻ പൊലീസ് സന്നാഹവും കുറച്ചുനേരത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

ഞായറാഴ്ച രാവിലെ മുംബൈയിലെ ബ്രീച്ച്‌ കാൻഡി ആശുപത്രിയിൽ വച്ചാണ് ലതാമങ്കേഷ്‌കർ അന്തരിച്ചത്. അന്ന് വൈകീട്ട് മുംബൈയിലെ ശിവാജി പാർക്കിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെ നിരവധി പ്രമുഖർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.

ഹിന്ദി, മറാഠി, ബംഗാളി തുടങ്ങി 35 ഓളം ഭാഷകളിൽ നാൽപ്പതിനായിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്. ഭാരതരത്‌ന, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാസാഹേബ് ഫാൽക്കെ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലതയ്ക്ക് ലഭിച്ചിട്ടുണ്ട്

Advertisement