27.8 C
Kollam
Friday 23rd October, 2026 | 07:43:33 PM
Home News National ഇൻസ്റ്റഗ്രാമിൽ സോണിയ ഗാന്ധി; ആദ്യ പോസ്റ്റിന് 25 ലക്ഷം കാഴ്ചകൾ

ഇൻസ്റ്റഗ്രാമിൽ സോണിയ ഗാന്ധി; ആദ്യ പോസ്റ്റിന് 25 ലക്ഷം കാഴ്ചകൾ

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് ആരംഭിച്ച് ആദ്യമായി പങ്കുവച്ച വീഡിയോ ഇതിനകം 25 ലക്ഷം പേർ കണ്ടു. നിലവിൽ 74,500 പേരാണ് അക്കൗണ്ട് ഫോളോ ചെയ്യുന്നത്.

കോൺഗ്രസ് മുൻ അധ്യക്ഷയും രാജ്യസഭാംഗവുമായ 79-കാരി സോണിയ ഗാന്ധിയുടെ വ്യക്തിഗത സമൂഹമാധ്യമ സാന്നിധ്യത്തിലെ പുതിയ ചുവടുവയ്പ്പാണിത്. അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ ഫസ്റ്റ് ലുക്കാണ് ആദ്യ പോസ്റ്റുകളിലൂടെ പങ്കുവച്ചത്.

“എല്ലാവർക്കും നമസ്കാരം. പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് നിങ്ങളുമായി പങ്കുവയ്ക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷവും നന്ദിയുമുണ്ട്. സ്നേഹം, കടമ, നഷ്ടം, സ്വന്തമെന്ന് തോന്നുന്ന ഒരിടം കണ്ടെത്താനുള്ള യാത്ര എന്നിവയുടെ കഥയാണിത്. പുസ്തകം നിങ്ങളുമായി പങ്കുവയ്ക്കാൻ കാത്തിരിക്കുകയാണ്” എന്നായിരുന്നു സോണിയയുടെ കുറിപ്പ്.

നേരത്തേ ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും സോണിയയുടെ പേരിൽ ഫാൻ പേജുകളാണ് സജീവമായിരുന്നത്. നിലവിൽ കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടിനെയും രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അക്കൗണ്ടുകളെയും മാത്രമാണ് സോണിയ ഫോളോ ചെയ്യുന്നത്.

രാഷ്ട്രീയത്തിൽ യുവജനപങ്കാളിത്തവും സമൂഹമാധ്യമങ്ങളുടെ സ്വാധീനവും വർധിക്കുന്ന സാഹചര്യത്തിൽ സോണിയയുടെ ഇൻസ്റ്റഗ്രാം പ്രവേശനം ശ്രദ്ധേയമാണ്. പുതിയ തലമുറയുമായി നേരിട്ട് സംവദിക്കാനും പുസ്തകത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനുമുള്ള വേദിയായി ഇൻസ്റ്റഗ്രാമിനെ അവർ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here