27.1 C
Kollam
Sunday 6th September, 2026 | 12:04:21 AM
Home News National വിവാഹജീവിതം തകര്‍ത്തെന്ന് ആരോപണം; പിതാവിനെ അടിച്ചുകൊന്ന മകന്‍ അറസ്റ്റില്‍

വിവാഹജീവിതം തകര്‍ത്തെന്ന് ആരോപണം; പിതാവിനെ അടിച്ചുകൊന്ന മകന്‍ അറസ്റ്റില്‍

ഗാന്ധിനഗര്‍: വിവാഹജീവിതം തകര്‍ത്തുവെന്നാരോപിച്ച് 70-കാരനായ പിതാവിനെ വടികൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് സംഭവം. വലഭായ് പാര്‍ഗിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ബാബുഭായ് പാര്‍ഗിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അഞ്ച് വര്‍ഷം മുമ്പ് ഭാര്യ പിരിഞ്ഞുപോയതിന്റെ പേരില്‍ മാതാപിതാക്കളെ നിരന്തരം കുറ്റപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബാബുഭായ് കടുത്ത മദ്യപാനിയായിരുന്നുവെന്നും മദ്യലഹരിയില്‍ ഭാര്യയെ നിരന്തരം മര്‍ദിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഇതേത്തുടര്‍ന്നാണ് ഭാര്യ ബന്ധം അവസാനിപ്പിച്ച് വീടുവിട്ടുപോയതെന്ന് പൊലീസ് അറിയിച്ചു.

ഇതിനുശേഷം ഭാര്യയുടെ വേര്‍പിരിയലിന് മാതാപിതാക്കളെയാണ് ഉത്തരവാദികളെന്ന് ആരോപിച്ച് ബാബുഭായ് ഇരുവരോടും നിരന്തരം വഴക്കുണ്ടാക്കുകയായിരുന്നു. സംഭവദിവസവും ഉണ്ടായ തര്‍ക്കത്തിനിടെ പിതാവിനെ വടികൊണ്ട് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വലഭായ് പാര്‍ഗിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ചയാളുടെ ഇളയമകന്‍ കാല്‍ജിഭായ് പാര്‍ഗി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫത്തേപുര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ ബാബുഭായിയെ പിന്നീട് പിടികൂടി കോടതിയില്‍ ഹാജരാക്കി. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.