മോദിക്കെതിരായ അധിക്ഷേപ പരാമര്‍ശം; മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്ത് മാലദ്വീപ് സര്‍ക്കാര്‍

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മന്ത്രിമാരെ പുറത്താക്കി മാലദ്വീപ് ഭരണകൂടം. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. മന്ത്രിമാരുടേത് സർക്കാരിൻ്റെ അഭിപ്രായമല്ലെന്ന് മാലദ്വീപ് പ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യയുടെ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ മന്ത്രിമാരെ പുറത്താക്കി തലയൂരി മാലദ്വീപ്. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന അപകീർത്തികരമായ പരാമർശം നടത്തിയത്. സഹമന്ത്രിമാരായ മാൽഷ, ​ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി. ലക്ഷദ്വീപിനെ മാലദ്വീപിനോട് ഉപമിക്കുന്നതിനെതിരായ പോസ്റ്റുകളും ഇവർ പങ്കുവച്ചിരുന്നു. ഈ പരാമർശങ്ങൾ വലിയ വിവാദമായി. സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമുയർന്നു. മാലദ്വീപ് മുൻ പ്രധാനമന്ത്രി മൊഹമ്മദ് നഷീദുൾപ്പടെ ഇതിനെതിരെ രംഗത്തുവന്നു. ഇന്ത്യക്കെതിരായ പരാമർശം സർക്കാർ നയമല്ലെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ബോളിവുഡ് താരങ്ങളുൾപ്പടെ പരാമർശം അപലപിക്കുന്നതിനൊപ്പം വിനോദയാത്രകൾക്കായി ലക്ഷദ്വീപുൾപ്പടെയുള്ള ഇന്ത്യൻ ദ്വീപുകളെ പരിഗണിക്കണമെന്നും ആഹ്വാനം ചെയ്തു.

സംഭവത്തിൽ ഇന്ത്യ മാലദ്വീപിനെ കടുത്ത അതൃപ്തിയും അറിയിച്ചു. മാലദ്വീപിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയാണ് ഭരണകൂടത്തെ ഔദ്യോഗികമായി അതൃപ്തി അറിയിച്ചത്. അപകടം മണത്ത മന്ത്രിമാർ ട്വീറ്റുകൾ നീക്കം ചെയ്തു. തുടർന്നാണ് മന്ത്രിയുടെ പരാമർശം തള്ളി മാലദ്വീപ് പ്രസ്താവനയിറക്കിയത്. മന്ത്രിയുടെ പരാമർശം സർക്കാറിന്റെ അഭിപ്രായമല്ല, പ്രസ്താവനകൾ, വിദ്വേഷം പ്രചരിപ്പിക്കുന്നതോ, രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതോ ആകരുതെന്നും പ്രസ്താവനയിലുണ്ട്. പിന്നാലെയാണ് മൂന്ന് മന്ത്രിമാരെയും സസ്പെൻഡ് ചെയ്തതായി മാലദ്വീപ് വക്താവ് അറിയിച്ചത്. പുതിയ പ്രധാനമന്ത്രിയായി മൊഹമ്മദ് മുയിസു അധികാരമേറ്റതിന് പിന്നാലെ ഇന്ത്യ മാലദ്വീപ് ബന്ധം അത്ര സുഖത്തിലല്ല. മാലദ്വീപ് പ്രധാനമന്ത്രി ചൈന സന്ദർശനത്തിന് തയാറെടുക്കുന്നതിനിടെയാണ് പുതിയ വിവാദം.

Advertisement