ഏറ്റുമുട്ടല്‍ സാഹചര്യത്തിൽ കരസേന മേധാവി ജമ്മുകശ്മീരിലേക്ക്

കശ്മീര്‍ : ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ കരസേന മേധാവി മനോജ് പാണ്ഡെ ജമ്മുകശ്മീരിലേക്ക്. നാളെ പൂഞ്ചും രജൗരിയും സന്ദർശിക്കും. മേഖലയിൽ ഏറ്റുമുട്ടല്‍ അടക്കം നടക്കുന്ന സാഹചര്യത്തിലാണ് കരസേനാ മേധാവിയുടെ സന്ദർശനം.

കഴിഞ്ഞ ദിവസം പൂഞ്ചില്‍ സൈനീകർ നേരെ ഭീകരർ നടത്തിയ ആക്രമണത്തിന് പിന്നാലെ ബാരമുള്ളയിലും ആക്രമണം ഉണ്ടായിരുന്നു. പൂഞ്ചില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരർക്കായുളള തെരച്ചില്‍ തുടരുകയാണ്.

ഇതിനിടെ ജമ്മുകശ്മീരില്‍ സൈന്യം കസ്റ്റ‍ഡ‍ിയിലെടുത്ത മൂന്ന് ജമ്മുകശ്മീര്‍ സ്വദേശികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിമർശനം ഉയർത്തുകയാണ്. ക്രൂരമായ ആക്രമണത്തിന് വിധേയമായിട്ടാണ് മൂന്ന് പേരും മരിച്ചതെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും സിപിഎം പിബി കുറ്റപ്പെടുത്തി. സഹായധനം പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. യാഥാർത്യം മറച്ചുവെക്കാൻ സർക്കാര്‍ എല്ലാം മൂടിവെക്കുകയാണെന്ന് പിഡ‍ിപി നേതാവ് മെഹബൂബ മുഫ്തിയും വിമ‌ർശിച്ചു.

പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ കൊലപ്പെടുത്തി

ജമ്മുകശ്മീരില്‍ വിരമിച്ച മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ കൊലപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് ഷാഫിക്ക് നേരെയാണ് ആക്രമണം നടന്നത്. പൂഞ്ചില്‍ സൈനികരെ വധിച്ച ഭീകരർക്കായി തെരച്ചില്‍ നടക്കുമ്പോഴാണ് വീണ്ടും ആക്രമണം നടക്കുന്നത്. ജമ്മുകശ്മീരിലെ ബാരമുള്ളയില്‍ വച്ചാണ് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. പള്ളിയില്‍ പ്രാർത്ഥിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു മുന്‍ എസ്‍എസ്‍പി ആയിരുന്ന മുഹമ്മദ് ഷാഫിക്ക് നേരായ ആക്രമണം.

Advertisement