രാമക്ഷേത്രം വോട്ടാക്കി മാറ്റാനൊരുങ്ങി ബിജെപി; 30 ന് അയോധ്യയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ

Advertisement

ന്യൂഡൽഹി: രാമക്ഷേത്രം മുഖ്യ പ്രചാരണ വിഷയമാക്കി ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. 30 ന് അയോധ്യയിൽ പ്രധാനമന്ത്രി റോഡ് ഷോ നടത്തും. 50 ശതമാനം വോട്ട് വിഹിതമെങ്കിലും ഇക്കുറി നേടണമെന്നാണ് ബിജെപി ഭാരവാഹികൾക്കുള്ള മോദിയുടെ നിർദ്ദേശം.

അടുത്ത 22 ന് രാമക്ഷേത്രം തുറക്കുന്നതോടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും സജീവമാക്കുകയാണ് ബിജെപി. ചടങ്ങിന് ഒരാഴ്ച മുമ്പ് മുതൽ സമൂഹ മാധ്യമങ്ങളിലടക്കം പ്രചാരണം ശക്തമാക്കാനാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. ബൂത്ത് ഭാരവാഹികൾ വീടുകൾ കയറണം എന്നാണ് നിര്‍ദ്ദേശം. പ്രദേശത്തെ മുതിർന്ന നേതാവിനാണ് ഇതിന്റെ ഏകോപന ചുമതല. പ്രതിഷ്ഠാദിന ചടങ്ങുകൾ പരമാവധി ആളുകളിലേക്ക് എത്തിക്കണം, സമൂഹ മാധ്യമങ്ങളിൽ തൽസമയ സംപ്രേഷണം നൽകുന്നതിനൊപ്പം പൊതു സ്ഥലങ്ങളിലും ചടങ്ങ് പ്രദർശിപ്പിക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. മുപ്പതിന് അയോധ്യയിൽ അന്താരാഷ്ട്ര വിമാനത്താവളം മോദി ഉദ്ഘാടനം ചെയ്യും. പ്രതിഷ്ഠാദിന ചടങ്ങിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ക്ഷണിതാക്കൾ മര്യാദ പുരുഷോത്തം ശ്രീറാം ഇൻറർനാഷണൽ എയർപോട്ടിലായിരിക്കും ഇറങ്ങുക. അന്ന് തന്നെ നവീകരിച്ച റെയിൽവേ സ്റ്റേഷൻ കൂടി ഉദ്ഘാടനം ചെയ്ത് അയോധ്യയിൽ മോദി റോഡ് ഷോയും നടത്തും.

3284 കോടി രൂപയുടെ വികസന പദ്ധതി അയോധ്യക്കായി പ്രഖ്യാപിക്കും. 15 മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ക്ലസ്റ്റർ യോഗങ്ങളിലും പ്രധാന ഭരണ നേട്ടമായി രാമക്ഷേത്രം അവതരിപ്പിക്കും.മോദിക്കൊപ്പം അമിത് ഷായും, രാജ്നാഥ് സിംഗും യോഗങ്ങളിൽ പങ്കെടുക്കും. യുവാക്കളെയും, സ്ത്രീകളെയും കർഷകരെയും അഭിസംബോധന ചെയ്ത് പ്രത്യേകം യോഗങ്ങളിൽ മോദി സംസാരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് അയ്യായിരം യോഗങ്ങൾ നടത്താനാണ് യുവമോർച്ചക്കുള്ള നിർദ്ദേശം. കഴിഞ്ഞ തവണ തിരിച്ചടി നേരിട്ട നൂറോളം മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

Advertisement