കളിക്കുന്നതിനിടെ ടെക്സ്റ്റൈൽ ഷോറൂമിലെ ഗ്ലാസ് ഡോർ തകർന്ന് ദേഹത്ത് വീണു, അടിയിൽപ്പെട്ട കുഞ്ഞിന് ദാരുണാന്ത്യം

ലുധിയാന: ടെക്സ്റ്റൈൽസിലെ ഗ്ലാസ് ഡോർ തകർന്നുവീണ് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. കുട്ടി ഗ്ലാസ് ഡോറിൽ പിടിച്ചു കളിക്കുന്നതിനിടെ അത് തകർന്നു വീഴുകയായിരുന്നു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം നടന്നത്.

മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി കടയിലെത്തിയത്. അവർ ഷോപ്പിംഗ് നടത്തുന്നതിനിടെ കുട്ടി, ഷോറൂമിലെ കൂറ്റൻ ചില്ല് വാതിലിൻറെ പിടിയിൽ പിടിച്ച് കളിക്കുകയായിരുന്നു. വസ്ത്രവിൽപ്പന ശാലയുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നിടത്താണ് ഈ ഗ്ലാസ് ഡോറുള്ളത്. കളിക്കുന്നതിനിടെ വാതിൽ പൂർണമായി തകർന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആ സമയത്ത് കുട്ടിയുടെ സമീപത്ത് ആരുമുണ്ടായിരുന്നില്ല. വലിയ ശബ്ദം കേട്ട് കടയിലുണ്ടായിരുന്നവർ ഓടിക്കൂടി.

കുഞ്ഞിൻറെ ദേഹത്തു നിന്ന് വാതിൽ മാറ്റിയ ശേഷം ഉടൻ തന്നെ ദയാനന്ദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പക്ഷെ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നല്ല ഭാരമുള്ള വാതിലാണ് കുട്ടിയുടെ ദേഹത്തു വീണത്. തുടർന്നുണ്ടായ പരിക്കാണ് മരണ കാരണം. സംഭവത്തിൻറെ വേദനിപ്പിക്കുന്ന സിസിടിവി ദൃശ്യംോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മാതാപിതാക്കൾ ഷോപ്പിംഗിൽ മുഴുകുമ്പോൾ കുട്ടികളുടെ മേൽ ഒരു കണ്ണ് വേണമെന്ന് ചിലർ പ്രതികരിച്ചു. അതേസമയം കെട്ടിടത്തിൻറെ സുരക്ഷ ഉറപ്പാക്കേണ്ടത് ടെക്സ്റ്റൈൽസ് ഉടമയുടെ കടമയാണെന്നാണ് മറ്റൊരു പ്രതികരണം.

Advertisement