10ലക്ഷം രൂപക്ക് നിർമിച്ച ബസ് വെയിറ്റിങ് ഷെഡ് കാണാനില്ല, എന്തുകൊണ്ട് പരാതി കൊടുക്കാൻ വൈകി; അന്വേഷണത്തിന് പൊലീസ്

ബെം​ഗളൂരു: ബെം​ഗളൂരു ന​ഗരത്തിൽ 10 ലക്ഷം രൂപ മുടക്കി നിർമിച്ച ബസ് വെയിറ്റങ് ഷെൽട്ടർ മോഷണം പോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഏറെ തിരക്കേറിയ കണ്ണിങ്ഹാം റോഡിൽ 10 ലക്ഷം രൂപ ചെലവിൽ സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച ബസ് സ്റ്റോപ്പാണ് കള്ളന്മാർ അടിച്ചോണ്ട് പോയത്.

നിർമാണം പൂർത്തിയാക്കി പിറ്റേദിവസം തന്നെ ബസ് സ്റ്റോപ് അടിച്ചുമാറ്റുകയായിരുന്നു. ഇലക്ട്രിക് ജോലികൾ മാത്രമേ പൂർത്തിയാക്കാനുണ്ടായിരുന്നുള്ളൂ. ബെം​ഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ കീഴിലാണ് ബസ് സ്റ്റോപ്പ്. പൊലീസ് സമീപത്തെ സ്ഥാപനങ്ങളിൽ നിന്നുള്ള സിസിടിവി ഫൂട്ടേജുകൾ പരിശോധിക്കുന്നുണ്ട്. അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നി​ഗമനം. പരാതി നൽകാൻ എന്തുകൊണ്ട് ഒരുമാസം വൈകിയെന്ന് പൊലീസ് അന്വേഷിക്കുന്നു. മോഷണം നടന്ന് ഒരുമാസത്തിന് ശേഷം സെപ്റ്റംബർ 30നാണ് ബിൽഡർ പരാതി നൽകുന്നത്. പരാതി നൽകാൻ ഒരു മാസമെടുത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമെന്ന് ഡിസിപി (സെൻട്രൽ) ശേഖർ എച്ച്ടി പറഞ്ഞു.

ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) ബസ് ഷെൽട്ടറുകളുടെ നിർമാണ ചുമതലയുള്ള ഒരു കമ്പനിയുടെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് എൻ രവി റെഡ്ഡി സെപ്റ്റംബർ 30 ന് ബസ് ഷെൽട്ടർ അപ്രത്യക്ഷമായതിന് ശേഷം നൽകിയ പരാതിയെ തുടർന്നാണ് പോലീസ് മോഷണത്തിന് കേസ് രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് 28നാണ് കണ്ണിങ്ഹാം റോഡിൽ സ്റ്റെയിൻലെസ് സ്റ്റീൽ ബസ് ഷെൽട്ടർ നിർമാണം പൂർത്തിയാക്കിയത്. കുറച്ച് ഇലക്ട്രിക്കൽ ജോലികൾ മാത്രമേ പൂർത്തിയാക്കാനുണ്ടായിരുന്നുള്ളൂ. എന്നാൽ പിറ്റേദിവസം ഷെൽട്ടർ കാണാതായെന്ന് പരാതിക്കാരൻ പറയുന്നു. പരിസരത്തെ സിസിടിവി വിവരങ്ങൾ ഞങ്ങൾ അന്വേഷിക്കുകയാണ്. അതിനുപുറമെ, ലഭ്യമായ എല്ലാ തെളിവുകളും തേടും. സമീപത്തെ കടയുടമകളുടെ മൊഴികളെടുക്കുമെന്നും പൊലീസ് പറഞ്ഞു.

Advertisement