ലാൻഡർ വേർപിരിഞ്ഞു; ചന്ദ്രനോടടുത്ത്‌ ചന്ദ്രയാൻ 3: ലാൻഡിങ് 23–ന്

Advertisement

ചെന്നൈ: ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നായ പ്രൊപ്പൽഷൻ മൊഡ്യൂൾ – ലാൻഡർ വേർപിരിയൽ വിജയകരം. 33 ദിവസത്തിനു ശേഷമാണു പ്രൊപ്പൽഷൻ മൊഡ്യൂളിനെ വിട്ടു ലാൻഡർ തനിയെ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയത്. ഇതോടെ ചന്ദ്രനിൽ ഇറങ്ങാനുള്ള തയാറെടുപ്പുകളും ലാൻഡർ ആരംഭിച്ചു. ത്രസ്റ്റർ എൻജിൻ ഉപയോഗിച്ചു വേഗം കുറച്ചു താഴേക്കിറങ്ങാനുള്ള ആദ്യ പടി (ഡീബൂസ്റ്റിങ്) നാളെ നാല് മണിക്കു നടക്കുമെന്ന് ഇസ്റോ അറിയിച്ചു.

ചന്ദ്രോപരിതലത്തിനു 800 മീറ്റർ ഉയരത്തിൽ എത്തുമ്പോൾ രണ്ട് ത്രസ്റ്റർ എൻജിനുകളുടെ സഹായത്തോടെ അന്തരീക്ഷത്തിൽ അൽപനേരം നിശ്ചലമായി നിൽക്കും. വേഗം കുറച്ച ശേഷം പിന്നീട് സെക്കൻഡിൽ 1–2 മീറ്റർ വേഗത്തിലാകും താഴെയിറങ്ങുന്നത്. കഴിഞ്ഞ ദൗത്യത്തിൽ ഇല്ലാതിരുന്ന ലേസർ ഡോപ്ലർ വെലോസിറ്റി മീറ്റർ ഇത്തവണ ലാൻഡറിന്റെ പ്രവേഗം കൃത്യമായി നിശ്ചയിക്കാൻ സഹായിക്കും.

23നു വൈകിട്ട് 5.47നു ചന്ദ്രനിൽ ലാൻഡർ ഇറങ്ങുമെന്നാണ് ഇസ്റോയുടെ വിലയിരുത്തൽ. തുടർന്നു ലാൻഡറിൽ നിന്ന് റാംപ് തുറന്ന് റോവർ പുറത്തിറങ്ങും. ഒരു കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കാൻ റോവറിന് കഴിയും. ബെംഗളുരുവിലെ ഇസ്റോ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വർക്ക് (ഇസ്ട്രാക്) ആണു പേകടത്തെ നിയന്ത്രിക്കുന്നത്.

Advertisement