ക്ലബ്ബിലെ നൈറ്റ് പരിപാടിക്കിടെ ഇന്ത്യൻ പതാക പിടിച്ച് നൃത്തം, പതാകകൾ എറിഞ്ഞു; യുക്രേനിയൻ ഗായികക്കെതിരെ കേസ്

പൂനെ: ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് പ്രശസ്ത യുക്രേനിയൻ ഗായിക ഉമാ ശാന്തിക്കെതിരെ കേസെടുത്തു. ഞായറാഴ്ച രാത്രി പൂനെയിലെ മുൻധ്വയിലെ ഒരു ക്ലബ്ബിൽ നടന്ന പ്രകടനത്തിനിടെ ഉമാ ശാന്തി ഇന്ത്യൻ പതാകയെ അപമാനിച്ചുവെന്നാണ് ആരോപണം. സംഭവത്തിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഹവൽദാർ താനാജി ദേശ്മുഖ് കൊറേഗാവ് പാർക്ക് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഉമാ ശാന്തിക്കും സംഘാടകൻ കാർത്തിക് മോറിനും എതിരെയാണ് കേസ് എടുത്തിട്ടുള്ളതെന്ന് സീനിയർ പൊലീസ് ഇൻസ്‌പെക്ടർ വിഷ്ണു തംഹാനെ സ്ഥിരീകരിച്ചു. യുക്രേനിയൻ ബാൻഡായ ശാന്തി പീപ്പിളിലെ മുൻനിര ഗായികയാണ് ഉമാ ശാന്തി. ത്രിവർണ്ണ പതാക ഇരുകൈകളിലും പിടിച്ച് ഉമാ ശാന്തി നൃത്തം ചെയ്യുകയും പിന്നീട് സദസിന് നേരെ പതാകകൾ എറിയുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. ഇന്ത്യാ പര്യടനത്തിൽ, ശാന്തി പീപ്പിൾ ബാൻഡ് ഇതിനകം ബംഗളൂരുവിലും ഭോപ്പാലിലും കഴിഞ്ഞയാഴ്ച പ്രകടനം നടത്തിയിരുന്നു. 2022 ഒക്ടോബറിൽ നടന്ന ഒന്നിന് ശേഷം ഇത് രണ്ടാം വട്ടമാണ് ഉമാ ശാന്തി പൂനെയിൽ പരിപാടി അവതരിപ്പിക്കുന്നത്.

അതേസമയം, രാജ്യമാകെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻറെ പ്രൗഡിയിലാണ്. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി. ചെങ്കോട്ടയിൽ പതാക ഉയർത്തിയ മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്ത്യയിലെ നൂറ്റിനാൽപ്പത് കോടി ജനങ്ങൾക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നുവെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. മണിപ്പൂരിൽ സമാധാനത്തിന് ആഹ്വാനം ചെയ്തും ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമായിരുന്നു പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗം.

രാവിലെ ഏഴരയോടെയാണ് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ 140 കോടി ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നുവെന്ന് പറഞ്ഞാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു തുടങ്ങിയത്. നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യൻ യുവതയിൽ പ്രതീക്ഷ അർപ്പിക്കുന്നു എന്നും പറഞ്ഞു. രാജ്ഘട്ടിൽ പുഷ്പാർച്ചന അർപ്പിച്ച മോദി രാജ്യത്തിനായി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരവർപ്പിച്ചു.

Advertisement