കനത്തമഴ: ഉത്തരാഖണ്ഡിൽ കോളജ് കെട്ടിടം തകർത്തെറിഞ്ഞ് വെള്ളപ്പൊക്കം, നടുക്കുന്ന ദ‍ൃശ്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തകർത്തുപെയ്യുന്ന മഴയിൽ വൻ നാശനഷ്ടങ്ങൾ. കരകവിഞ്ഞൊഴുകിയ ബന്ദൽ പുഴ മാൽദേവ്‍തയിലെ ഡൂൺ ഡിഫൻസ് കോളജിന്റെ കെട്ടിടത്തെ തകർത്തെറിയുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 60 മരണമാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പതിനേഴു പേരെ കാണാതായി. കനത്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടലും ജനജീവിതത്തിനു മേൽ ഇരട്ടി പ്രഹരമായിരിക്കുകയാണ്.

ദേശീയ പാതകളടക്കം നിരവധി റോഡുകൾ ഗതാഗതയോഗ്യമല്ലാതായി. ആറ് ജില്ലകളിൽ റെഡ് അലർട്ടാണ്. 1169 വീടുകളും നിരവധി കൃഷിസ്ഥലങ്ങളും നശിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാൽ ഡെറാഡൂണിലും ചംപാവതിലും എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ കരുതിയിരിക്കാനും അടിയന്തര അവസ്ഥകളിൽ ജനങ്ങളെ സഹായിക്കാനും ജില്ലാ മജിസ്ട്രേറ്റുമാർക്കും എസ്ഡിആർഎഫിനും ഉത്തരാഖണ്ഡ് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Advertisement