സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ചീര പായ്ക്കറ്റിനുള്ളില്‍ ജീവനുള്ള തവള

Advertisement

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ചീരപായ്ക്കറ്റിനുള്ളില്‍ ജീവനുള്ള തവളയെ കണ്ടെത്തിയ അനുഭവം വിവരിക്കുകയാണ് ഷിഗണ്‍ സ്വദേശിനിയായ ആംബര്‍ വോറിക്. ജൈവ ചീരയാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ട ഉടന്‍ തന്നെ പായ്ക്കറ്റ് വാങ്ങിയതെന്ന് ആംബര്‍ പറയുന്നു. പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ യാതൊരു കൂസലുമില്ലാതെ സ്വതന്ത്രമായി വിഹരിക്കുന്ന ഒരു മരത്തവളയെ കണ്ടെത്തിയത്.
പായ്ക്കറ്റ് എടുക്കുന്ന സമയത്തോ ബില്ലിങ് സമയത്തോ അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല. ചീര പായ്ക്കറ്റിന് അധികഭാരവും ഉണ്ടായിരുന്നില്ല. ഒന്നിലധികം പേരുടെ കൈയില്‍ പായ്ക്കറ്റ് പോയിട്ടും തവള അനങ്ങിയതുപോലുമില്ല. മൂന്നു ഘട്ടങ്ങളിലായി കഴുകിയെടുത്ത ചീരയാണ് ഇതെന്ന് പായ്ക്കറ്റിന് പുറത്ത് വ്യക്തമായി എഴുതിയിരുന്നു.
എന്തായാലും പായ്ക്കറ്റ് ആംബര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ തിരികെ എത്തിച്ചു. തുടര്‍ന്ന് അവര്‍ പണം മടക്കി നല്‍കി. അതുമാത്രമല്ല തവളയെ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാര്‍ തന്നെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് തുറന്നു വിടുകയും ചെയ്തു. എര്‍ത്ത്ബൗണ്ട് ഫാംസ് എന്ന സ്ഥാപനമാണ് ചീര ഉദ്പാദിപ്പിച്ചിരുന്നത്. സംഭവം വാര്‍ത്തയായതോടെ ഫാമിന്റെ ഉടമയായ ടൈലര്‍ ഫാംസ് ക്ഷമാപണവും നടത്തിയിട്ടുണ്ട്.

Advertisement