സൂപ്പർ താരമായി തക്കാളി; ഒടുവിൽ കേന്ദ്ര ഇടപെടൽ, ഡിസ്കൗണ്ട് പ്രഖ്യാപിച്ചു, ഒരാൾക്ക് രണ്ട് കിലോ മാത്രം….

ന്യൂഡൽഹി: വില കുതിച്ചുയരുന്ന സാഹചര്യത്തിൽ തക്കാളിക്ക് സബ്സിഡി നൽകി കേന്ദ്ര സർക്കാർ. ന്യൂഡൽഹി, ലഖ്‌നൗ, പട്‌ന തുടങ്ങി രാജ്യത്തെ വൻന​ഗരങ്ങളിൽ തക്കാളി കിലോയ്ക്ക് 90 രൂപയ്ക്ക് വിൽപ്പന ആരംഭിച്ചു.

ഒരാൾക്ക് സബ്‌സിഡി നിരക്കിൽ രണ്ട് കിലോ തക്കാളി മാത്രമേ ലഭിക്കൂ. പ്രതിസന്ധി ലഘൂകരിക്കാൻ ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സംഭരിച്ച തക്കാളി ഒറ്റരാത്രികൊണ്ട് ഡൽഹിയിലെത്തിച്ചു. ഡൽഹി എൻസിആർ മേഖലയിലെ ഉപഭോക്താക്കൾക്ക് വെള്ളിയാഴ്ചയോടെ തക്കാളി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി ഡിസ്കൗണ്ട് വിലയിൽ വിതരണം ചെയ്യുമെന്ന് അധികൃതർ ഔദ്യോ​ഗികമായി അറിയിച്ചു. നോയിഡയിൽ രജനിഗന്ധ ചൗക്കിലെ എൻസിസിഎഫ് ഓഫീസിലും ഗ്രേറ്റർ നോയിഡയിലും മറ്റ് സ്ഥലങ്ങളിലും വാനുകൾ വഴിയും കുറഞ്ഞ വിലക്ക് തക്കാളി വിൽക്കുമെന്ന് അധികൃതർ അറിയിച്ചു. ലഖ്‌നൗ, കാൺപൂർ, ജയ്പൂർ തുടങ്ങിയ നഗരങ്ങളിൽ ശനിയാഴ്ചയോടെ എൻസിസിഎഫ് വിൽപ്പന ആരംഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഡൽഹിയിൽ വെള്ളിയാഴ്ച 11 ജില്ലകളിലും 20 മൊബൈൽ വാനുകളും അഞ്ച് കേന്ദ്രങ്ങളും വഴി വിൽപ്പന ആരംഭിച്ചു. ആദ്യ ദിവസം ഏകദേശം 17,000 കിലോ തക്കാളി വിറ്റഴിക്കുമെന്ന് എൻ‌സി‌സി‌എഫ് ചെയർമാൻ വിശാൽ സിംഗ് പറഞ്ഞു. സബ്‌സിഡി നിരക്കിൽ ഓരോ ഉപഭോക്താവിനും രണ്ടു കിലോ ആയി പരിമിതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച 20,000 കിലോ തക്കാളി വിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക വിപണന ഏജൻസികളായ നാഫെഡ്, എൻസിസിഎഫ് എന്നിവരോട് തക്കാളി സംഭരണം ഉടൻ ആരംഭിക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. തക്കാളിയുടെ വില കിലോയ്ക്ക് 224 രൂപയായി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടൽ. സബ്സിഡി നിരക്കിൽ വിൽക്കുമ്പോൾ നഷ്ടം കേന്ദ്ര സർക്കാർ ഏറ്റെടുക്കും. മൺസൂൺ കാലമായതിനാൽ വിതരണവും പ്രതിസന്ധി നേരിടുന്നു. ജൂലൈ-ഓഗസ്റ്റ്, ഒക്ടോബർ-നവംബർ മാസങ്ങൾ സാധാരണയായി തക്കാളി ഉൽപ്പാദനം കുറയും. രാജ്യത്തെ മൊത്തം തക്കാളി ഉൽപാദനത്തിന്റെ 56-58 ശതമാനവും തെക്കൻ, പടിഞ്ഞാറൻ മേഖലകളിലാണ്. കൃഷിയിറക്കിയതിനെ കാലതാമസവും പ്രതികൂല കാലാവസ്ഥയുമാണ് തക്കാളി വില വർധനവിന്റെ പ്രധാന കാരണം. അപ്രതീക്ഷിതമായി പെയ്ത വലിയ മഴ കാരണം പലയിടത്തും കൃഷി നശിച്ച സാഹചര്യവുമുണ്ടായി. തെക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വടക്കൻ സംസ്ഥാനങ്ങളിൽ ഇരട്ടിയിലേറെ വിലയാണ് ഈടാക്കുന്നത്.

Advertisement