കോവിഡ് നിയമ ലംഘനം: പിഴത്തുകയിൽ 50 % ഇളവ് പ്രഖ്യാപിച്ച് യുഎഇ

അബുദാബി: കോവിഡ് നിയമ ലംഘനങ്ങളിലെ പിഴത്തുകയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ. നാഷനൽ ക്രൈസിസ് എമർജൻസി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയാണ് പിഴത്തുകയിൽ 50% ഇളവ് പ്രഖ്യാപിച്ചത്. നാളെ മുതൽ (15) ഇളവുകൾ പ്രാബല്യത്തില്‍ വരും. സ്മാര്‍ട്ട് ആപ്പുകൾ വഴിയും വെബ്സൈറ്റുകള്‍ വഴിയും ജനങ്ങൾക്ക് കുറഞ്ഞ നിരക്കിലുള്ള പിഴത്തുക അടയ്ക്കാം.

കോവിഡ് നിയമം ലംഘിക്കുന്ന താമസക്കാർക്ക് 50,000 ദിർഹം വരെ പിഴയാണ് നിശ്ചയിച്ചിരുന്നത്. പൊതുവിടത്തില്‍ മാസ്ക് ധരിക്കാത്തതിന് 3,000 ദിര്‍ഹം മുതൽ ആശുപത്രി വാസത്തിന് വിധേയമാകാത്തവർക്ക് 50,000 ദിർഹം വരെ പിഴയും നിശ്ചയിച്ചിരുന്നു. എന്നാൽ, നാളെ മുതൽ പിഴത്തുകയിൽ 50 % ഇളവ് ജനങ്ങൾക്ക് ലഭിക്കും.

കൃത്യമായ ഇടപെടലുകളിലൂടെ വൈറസ് ബാധയെ പിടിച്ചുകെട്ടിയ യുഎഇയ്ക്ക് ലോകശ്രദ്ധ ലഭിച്ചിരുന്നു. വാക്സിനേഷൻ പരിപാടികളും കൂട്ട കോവിഡ് പരിശോധനകളും നടത്തി ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കെന്ന ഖ്യാതിയും യുഎഇ നേടിയെടുത്തിരുന്നു.

കോവിഡ് വ്യാപനത്തെ പിടിച്ച് കെട്ടുന്നതിൽ യുഎയിൽ വ്യാപകമായി നടത്തിയ കൂട്ട കോവിഡ് പരിശോധന സഹായകരമായെന്ന് ലൈഫ് ഡയനോക്സ്റ്റിക് ലബോറട്ടറി സിഇഒ ഹോസം ഫൗഓദ് പറഞ്ഞു. മുഴുനീള ലോക്ക്ഡൗണിലേക്ക് കടക്കാതെ രാജ്യത്തെ സഹായിച്ചത് ഈ കൂട്ട പരിശോധനയാണെന്നും അദ്ദേഹം പറയുന്നു.

Advertisement