മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ 2 കിലോ തക്കാളി, പച്ചക്കറി കടയില്‍ ബൗണ്‍സര്‍മാര്‍; വിലക്കയറ്റം രൂക്ഷം

ഭോപ്പാല്‍: തക്കാളി വില കുതിച്ചുയരുന്നതിന് പിന്നാലെ മധ്യപ്രദേശില്‍ വമ്പന്‍ ഓഫറുകളുമായി സ്ഥാപനങ്ങള്‍. പച്ചക്കറി വില താങ്ങാനാവാത്തവര്‍ക്ക് നിരസിക്കാന്‍ പറ്റാത്ത രീതിയിലെ ഓഫറുകളാണ് മൊബൈല്‍ ഫോണ്‍ കടകള്‍ അടക്കം മുന്നോട്ട് വയ്ക്കുന്നത്.

ഉത്തര്‍ പ്രദേശില്‍ പല പച്ചക്കറി കടകളും ബൗണ്‍സര്‍മാരെ വയ്ക്കുന്ന സ്ഥിതിയിലേക്കും വിലക്കയറ്റം എത്തിയിരിക്കുകയാണ്. സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് തക്കാളി സൌജന്യമായി നല്‍കുന്നതാണ് മധ്യപ്രദേശിലെ അശോക് നഗറിലെ കച്ചവടക്കാരനായ അഭിഷേക് അഗര്‍വാള്‍. രണ്ട് കിലോ തക്കാളിയാണ് സമ്മാനം. കച്ചവടം മോശമായതിന് പിന്നാലെയാണ് ഇത്തരമൊരു ആശയം തോന്നിയതെന്നും എന്തായാലും തക്കാളിക്ക് ഓഫര്‍ കച്ചവടത്തിന് സഹായിച്ചിട്ടുണ്ടെന്നുമാണ് അഭിഷേക് അഗര്‍വാള്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്.

വാരണാസിയിലാണ് പച്ചക്കറി കടയില്‍ വിലയുടെ പേരില്‍ വാക്കേറ്റം പതിവായതോടെ കടയുടമ ബൗണ്‍സറെ കടയുടെ സംരക്ഷണത്തിനായി നിര്‍ത്തിയത്. അജയ് ഫൌജി എന്നയാളാണ് വിലക്കയറ്റം പിടിതരാതെ പോകുമ്പോള്‍ അറ്റകൈ പ്രയോഗവുമായി എത്തിത്. കടകളിലെത്തുന്ന ആളുകള്‍ ബഹളമുണ്ടാക്കുന്നതും പതിവായതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് അജയ് ഫൌജി ഇത്തരമൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്. ബൗണ്‍സര്‍മാര്‍ എത്തിയതോടെ ഇത്തരം വാക്കേറ്റവും കയ്യേറ്റവും നിലച്ചതായും അജയ് വിശദമാക്കുന്നത്. കിലോയ്ക്ക് 160 രൂപയ്ക്കാണ് ഇവിടെ തക്കാളി വില്‍ക്കുന്നത്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും തീവിലയ്ക്കാണ് തക്കാളി വില്‍ക്കുന്നത്. ശരാശരി വില നൂറ് കടന്നിട്ട് നാളുകള്‍ ഏറെയായിട്ടുണ്ട്. ദില്ലിയില്‍ 127, ലക്നൌവില്‍ 147, ചെന്നൈയില്‍ 105, ദിബ്രുഗഡില്‍ 105 എന്നിങ്ങനെയാണ് തക്കാളി വില.

അതേസമയം വില കുതിച്ചുയരുന്നതിനു പുറമേ പച്ചക്കറി ക്ഷാമവും മലബാറിലെ മാര്‍ക്കറ്റുകളില്‍ രൂക്ഷമാകുന്നുന്ന സ്ഥിതിയാണ് നിലവിലുള്ളത്. തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും കൃഷി നാശം മൂലം തക്കാളിയും ഇഞ്ചിയും കിട്ടാനില്ല. ഒരു മാസത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ് കോഴിക്കോട് പാളയത്തെ പച്ചക്കറി മൊത്തവിതരണക്കാര്‍ പറയുന്നത്. കഴിഞ്ഞ മാസം 15ന് കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തക്കാളിയുടെ വില 31 രൂപയായിരുന്നു. ഇപ്പോള്‍ 120 കൊടുത്താലും തക്കാളി കിട്ടാനില്ല. അതാണ് പാളയം മൊത്ത വിപണിയിലെ സ്ഥിതി. പച്ചമുളകിന്‍റേയും ഇഞ്ചിയുടേയുമൊക്കെ കാര്യവും വ്യത്യസ്ഥമല്ല. കര്‍ണാടകയിലേയും തമിഴ്നാട്ടിലേയും മാര്‍ക്കറ്റുകളില്‍ പോയ് വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയാണിപ്പോഴെന്ന് പച്ചക്കറി മൊത്ത വ്യാപാരികള്‍ പറയുന്നു.

മൈസൂര്‍, കോലാര്, തമിഴ് നാട്ടിലെ തോപ്പും പെട്ടി, കെന്നത്ത്കടവ് എന്നിവടങ്ങിളില്‍ നിന്നാണ് തക്കാളിയും മുളകുമൊക്കെ കോഴിക്കോടേക്ക് എത്തിയിരുന്നത്. കൃഷിനാശം മൂലം മൂന്നാഴ്ചയായി പച്ചക്കറിയുടെ വരവ് കുറഞ്ഞു. പച്ചക്കറിയുടെ വില ഇതുമൂലം കുതിച്ചുയരുകയാണ്. മൂന്നാഴ്ച മുമ്പ് പാളയം മൊത്ത വിപണിയില്‍ 130 രൂപയായിരുന്നു ഇഞ്ചിയുടെ വില. ഇപ്പോഴത് 220 പിന്നിട്ടു. പച്ചമുളകിന്‍റെ വില ഇരട്ടി വര്‍ധിച്ച് 90 കടന്നു. ചെറിയുള്ളി 62ല്‍ നിന്നും 120ലെത്തി. വെളുത്തുള്ളിക്ക് മുപ്പത് രൂപ കൂടി 150 ആയി. കുമ്പളവും വെള്ളരിയും ചേനയുമൊഴികെ മറ്റെല്ലാത്തിനും വില കുതിക്കുകയാണ്. ഇത് ചെറുകിട വ്യാപാരികള്‍ക്ക് സൃഷ്ടിച്ചിരുക്കുന്ന പ്രതിസന്ധിയും ചെറുതല്ല.

Advertisement