വൈറലായി, രോഗിയിൽ നിന്നും ഡോക്ടർക്ക് ലഭിച്ച 500 ൻറെ ‘ഒന്നൊന്നര വ്യാജ നോട്ട്’

വ്യാജ നോട്ടുകൾ ലഭിച്ചാൽ അത് എത്രയും പെട്ടെന്ന് പോലീസിൽ ഏൽപ്പിക്കുകയോ നശിപ്പിച്ച് കളയുകയോ വേണം. അല്ലാത്ത പക്ഷം, ഒരു പക്ഷേ നിങ്ങളെ പോലീസ് അറസ്റ്റ് ചെയ്തേക്കാം. എന്നാൽ, ഡോ മനൻ വോറ, തനിക്ക് ലഭിച്ച വ്യാജ നോട്ട് പുതിയ സാമൂഹിക മാധ്യമമായ ത്രെഡ്സിൽ പങ്കുവച്ചു. 500 ൻറെ വ്യാജൻ നിർമ്മിക്കാനുപയോഗിച്ച പരീക്ഷണം രസകരമാണെന്നായിരുന്നു ഡോ മനൻ വോറയുടെ നിരീക്ഷണം. വ്യാജ നോട്ടിൻറെ ചിത്രം ത്രെഡ്സ് ഉപയോക്താക്കൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ പങ്കുവയ്ക്കപ്പെട്ടു.

ഡോ. വോറ പങ്കുവച്ച 500 രൂപയുടെ നോട്ട് യഥാർത്ഥത്തിൽ രണ്ട് നോട്ടുകൾ തമ്മിൽ കൂട്ടിയൊട്ടിച്ചതായിരുന്നു. ഒരു പകുതി യഥാർത്ഥ നോട്ടാണ്. പക്ഷേ അതിൻറെ മറുപകുതിയോളം കത്തിപ്പോയിരിക്കുന്നു. ഈ കത്തിപ്പോയ ഭാഗത്താണ് മറ്റൊരു 500 രൂപ നോട്ടിൻറെ പകുതി കീറിയെടുത്ത് ഒട്ടിച്ചിരിക്കുന്നത്. ആ ഒട്ടിച്ച് വച്ച പകുതിയിൽ ‘സ്കൂളിലെ പ്രോജക്റ്റ് ഉപയോഗത്തിന് മാത്രം’ എന്ന് ചുവന്ന മഴിയിൽ അടയാളപ്പെടുത്തിയിരിക്കുന്നതും ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ എന്ന് പ്രിൻറ് ചെയ്തിരിക്കുന്നതും കാണാം. വ്യാജ നോട്ടിൻറെ ചിത്രം പങ്കുവച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി. “അടുത്തിടെ, ഒരു രോഗി ഈ പണം ഉപയോഗിച്ച് ഒരു കൺസൾട്ടേഷന് യഥാർത്ഥത്തിൽ പണം നൽകി. എൻറെ റിസപ്ഷനിസ്റ്റ് അത് പരിശോധിച്ചില്ല. (കാരണം സത്യം പറഞ്ഞാൽ നിങ്ങൾ ഇത് പ്രതീക്ഷിക്കുന്നില്ല, അല്ലേ?) എന്നാൽ ഇത് ഒരു ഡോക്ടറെ ആകാർഷിക്കാൻ വേണ്ടിയാണെങ്കിലും ആളുകൾ എത്രത്തോളം പോകും എന്ന് കാണിക്കാൻ പോകുന്നു.’

ഡോ.വോറ പിന്നെയും എഴുതി, ‘അവർക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലും അത് ലളിതമായി കടന്നുപോയി. എന്തായാലും, ഞാൻ നന്നായി ചിരിച്ചു, 500 രൂപ കബളിപ്പിക്കപ്പെട്ടിട്ടും ഞാൻ ഈ പണം ഒരു രസകരമായ ഓർമ്മയായി സൂക്ഷിച്ചു,’ അദ്ദേഹം കൂട്ടിച്ചേർത്തു. ത്രെഡ്സ് ഉപയോക്താക്കൾക്ക് ഡോക്ടറുടെ കുറിപ്പ് വായിച്ച് ചിരിയൊതുക്കാനായില്ല. “രോഗി കയ്പേറിയ ഒരു ഓർമ്മ ബാക്കിയാക്കി.” ഒരു വായനക്കാരൻ എഴുതി. “നമ്മൾ ചിരിക്കണോ അതോ സഹതാപം കാണിക്കണോ?” മറ്റൊരാൾ സംശയാലുവായി. മറ്റൊരു വായനക്കരൻ പറഞ്ഞത്, ‘മദ്യപാന രാത്രിയിൽ പങ്കിടാൻ പറ്റുന്ന ഒരു രസകരമായ കഥയാണിത്’ എന്നായിരുന്നു.

Advertisement