ചാക്കിൽ കമ്പി കൊണ്ട് കുത്തി, അരിയുടെ ഗുണമേന്മ നിശ്ചയിക്കുന്ന യുവതിയുടെ വൈറൽ വീഡിയോ!

ലോകം മൊബൈലുകളിലേക്ക് ഒതുങ്ങിക്കഴിയുമ്പോൾ എന്താണ് വൈറലാവുകയെന്നത് പ്രവചനാതീതമാണ്. പലപ്പോഴും മുഖ്യധാരാ കാഴ്ചയ്ക്ക് അന്യമായ, എന്നാൽ കാലങ്ങായി നമ്മുടെ സമൂഹത്തിൽ നമ്മുക്ക് ചുറ്റും ഒരു മാറ്റവുമില്ലാതെ അനസ്യൂതം സംഭവിക്കുന്ന പലകാര്യങ്ങളും നെറ്റിസൺസിനിടെയിൽ വൈറലാകുന്നു. നിരന്തരം സംഭവിക്കുന്നതാണെങ്കിലും പൊതു സമൂഹത്തിൻറെ കഴ്ചയ്ക്ക് പുറത്തായതിനാലാകാം ഇത്തരം വീഡിയോകൾക്ക് കഴ്ചക്കാർ ഏറെയുള്ളതും.

ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള അരി ഗോഡൗണുകളിൽ നോക്കിയും രുചിച്ചും തന്നെയാണ് അരിയുടെ ഗുണമേന്മ ഒരു പരിധിവരെ ഉറപ്പാക്കുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇക്കാര്യത്തിലുള്ള അനുഭവ പരിചയം തന്നെയാണ് അവരുടെ കൈമുതൽ. ഒരു അരി ഗോഡൗണിൽ അരിയുടെ ഗുണമേന്മനോക്കുന്ന ഒരു യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. techniiverse എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘ക്വാളിറ്റി ഇൻസ്പെക്ടർ’ എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം അഞ്ചരലക്ഷത്തിലധികം പേർ ലൈക്ക് ചെയ്തു. നിരവധി പേർ കുറിപ്പുമായെത്തി.

വീഡിയോയിൽ ഒരു അരി ഗോഡൗണിൽ കുറച്ച് യുവാക്കൾ ചുമലിൽ അരി ചുമന്ന് കൊണ്ട് മാറ്റുന്നതാണ് ഉള്ളത്. ഇതിനിടെ അല്പം ഉയർന്ന പ്രതലത്തിലിരിക്കുന്ന ഒരു യുവതി തൻറെ കൈയിലുള്ള പ്രത്യേക കമ്പി ഉപയോഗിച്ച് ഓരോരുത്തരുടെയും ചുമലിൽ ഇരിക്കുന്ന ചാക്കിലേക്ക് കുത്തുന്നു. ഈ സമയം കമ്പിക്ക് ഇടയിലൂടെ ചാക്കിൽ നിന്നും കുറച്ച് അരി യുവതിയുടെ ഇടത് കൈയിലേക്ക് വീഴുന്നു. ഈ അരി വലത് കൈയിലേക്ക് മാറ്റി, നിമിഷനേരം കൊണ്ട് അരി നല്ലതോ മോശമോ എന്ന് തിരിച്ചറിഞ്ഞ് മോശം ചാക്ക് ചുമക്കുന്നയാളോട് അത് തിരിച്ച് കൊണ്ട് പോകാൻ യുവതി ആവശ്യപ്പെടുന്നു. ഈ സമയം അയാൾ ചാക്കുമായി തിരികെ പോകുന്നു.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കുറിപ്പുമായെത്തിയത്. യുവതി ചുമട്ടുകാരെയാണ് കുത്തുന്നതെന്നും തലയ്ക്ക് കുത്തുകൊണ്ടിരുന്നെങ്കിലെന്ന് ആലോചിച്ച് നോക്കിയേയെന്നും യുവതി ഏതെങ്കിലും ചാക്കിൽ കുത്തിയില്ലെങ്കിലോ എന്നുമുള്ള കുറിപ്പുകളുമായി ചിലരെത്തിയപ്പോൾ ‘ഇൻസ്റ്റാഗ്രാമിലെ അലസന്മാർ കഠിനാധ്വാനികളായ മനുഷ്യരെ വിധിയിരുത്തുന്നു’ എന്നായിരുന്നു മറ്റൊരു രസികൻറെ കുറിപ്പ്.

Advertisement