പുതിയ പാർലമെന്റിൽ പ്രധാനമന്ത്രി മോദി സ്ഥാപിക്കുന്ന സ്വർണച്ചെങ്കോൽ; അറിയാം ചരിത്രവും വസ്തുതകളും

ന്യൂഡൽഹി: മെയ് 28ന് ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റിൽ സ്ഥാപിക്കുന്ന ചെങ്കോൽ ചർച്ചയാകുന്നു. ചരിത്രപരമായ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ചെങ്കോൽ സ്പീക്കറുടെ തൊ‌ട്ടടുത്ത് സ്ഥാപിക്കുക.

1947-ൽ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്കാർക്ക് അധികാരം കൈമാറിയതിന്റെ അടയാളമായിട്ടാണ് ചെങ്കോൽ ലഭിച്ചത്. അവസാനത്തെ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനാണ് ചെങ്കോൽ കൈമാറിയതെന്ന ചരിത്രപ്രധാന്യവുമുണ്ട്. അധികാരത്തിന്റെ അടായളമായ അതേ ചെങ്കോലാണ് പുതിയ പാർലമെന്റിൽ സ്ഥാപിക്കുന്നത്. തമിഴ്‌നാട്ടിലാണ് ചെങ്കോൽ നിർമിച്ചത്. മുകളിൽ ഒരു ‘നന്ദി’യുടെ ചെറുവി​ഗ്രഹം കൊണ്ട് അലങ്കരിച്ച സ്വർണം കൊണ്ട് നിർമിച്ചതാണ് ഈ ചെങ്കോൽ.

വലിയ ആഘോഷത്തോടെ‌യാണ് ചെങ്കോൽ സ്ഥാപിക്കുന്നതെന്ന വാർത്തകളാണ് പുറത്തുവരുന്നത്. വലിയ ഘോഷയാത്രയായി പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് ചെങ്കോൽ ആചാരത്തോടെ കൊണ്ടുപോകും. ചടങ്ങ് തമിഴ് പാരമ്പര്യ ആചാരത്തോടെയാണ് ചെങ്കോൽ എത്തിക്കുക. നാദസ്വരത്തിന്റെ അകമ്പടിയോടെ തമിഴ് സംസ്കാരം വിളിച്ചോതുന്ന ഘോഷയാത്രക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്നെത്തും. കൂടാതെ, തമിഴ്‌നാട്ടിലെ ശൈവ മഠങ്ങളിൽ നിന്നുള്ള പുരോഹിതന്മാർ ലോക്‌സഭയിൽ ഉണ്ടായിരിക്കും. പ്രധാനമന്ത്രി മോദി പുരോഹിതന്മാരെ അഭിവാദ്യം ചെയ്യും. തുടർന്ന് പുരോ​ഹിതന്മാർ വിശുദ്ധജലം ഉപയോഗിച്ച് ചെങ്കോൽ ശുദ്ധീകരിക്കും. തമിഴ് ക്ഷേത്ര ​ഗായകരായ ‘ഓടുവർ’ ‘കോലാരു പതിഗം’ ആലപിക്കും. ഇത്രയുമായ ആചാരത്തിനൊടുവിൽ പുതിയ പാർലമെന്റ് മന്ദിരത്തിലെ സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തുള്ള ചില്ലുകൂടാരത്തിൽ അഞ്ചടി നീളമുള്ള ചരിത്രപരമായ ചെങ്കോൽ പ്രധാനമന്ത്രി സ്ഥാപിക്കും. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ പുതിയ യുഗത്തിന്റെ അടയാളമായിട്ടാണ് ചെങ്കോൽ സ്ഥാപിക്കുന്ന ചടങ്ങിനെ കേന്ദ്രസർക്കാർ നോക്കിക്കാണുന്നത്.

ചെങ്കോലിന്റെ ചരിത്രം

സ്വാതന്ത്ര്യ ലബ്ധിയിൽ അധികാര കൈമാറ്റം സൂചിപ്പിക്കാൻ 1947ൽ സി രാജഗോപാലാചാരിയുടെ അഭ്യർഥന പ്രകാരം തമിഴ്‌നാട്ടിലെ (അന്നത്തെ മദ്രാസ് പ്രസിഡൻസി) തിരുവാവാടുതുറൈ അധീനമാണ് അഞ്ച് അടി നീളമുള്ള ചെങ്കോൽ നിർമിച്ചത്. അധീനത്തിന്റെ തലവൻ വുമ്മിടി ബങ്കാരു ചെട്ടിയുടെ കുടുംബത്തെയാണ് ചെങ്കോൽ നിർമാണം ഏൽപ്പിച്ചത്. വുമ്മിടി എതിർജുലുവും വുമ്മിടി സുധാകറുമാണ് ചെങ്കോൽ നിർമാണത്തിന് ചുക്കാൻ പിടിച്ചത്. 30 ദിവസം കൊണ്ടാണ് സെങ്കോൽ സൃഷ്ടിച്ചതെന്ന് വുമ്മിടി ബങ്കാരു ചെട്ടിയുടെ കൊച്ചുമകൻ അമരേന്ദ്രൻ വുമ്മിടി പറഞ്ഞു. തമിഴ്‌നാട് ഭരിച്ചിരുന്ന ചേര, ചോള, പാണ്ഡ്യ, പല്ലവ രാജവംശങ്ങൾക്കിടയിൽ അധികാര കൈമാറ്റത്തിലെ പ്രധാന ആചാരമായിരുന്നു ചെങ്കോൽ കൈമാറ്റം.

നിർമാണ ശേഷം മഠാധിപതി ശ്രീ ല ശ്രീ കുമാരസ്വാമി തമ്പിരാനെ ഡൽഹിയിൽ പോയി ചടങ്ങുകൾ നടത്താനുള്ള ചുമതല ഏൽപ്പിച്ചു. മൗണ്ട് ബാറ്റൺ പ്രഭുവിന് അദ്ദേഹം ചെങ്കോൽ കൈമാറി. ചടങ്ങുകൾക്ക് ശേഷം പുതിയ പ്രധാനമന്ത്രിയാകുന്ന നെഹ്രുവിന്റെ വസതിയിലേക്ക് കൊണ്ടുപോയി. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ജവഹർലാൽ നെഹ്‌റു ഉപയോഗിച്ചിരുന്ന മറ്റ് പുരാവസ്തുക്കൾക്കൊപ്പം അലഹബാദ് മ്യൂസിയത്തിലായിരുന്നു ചെങ്കോൽ സൂക്ഷിച്ചത്. എന്നാൽ, ജവഹർലാൽ നെഹ്‌റുവിന് സമ്മാനമായി ലഭിച്ച ഗോൾഡൻ വാക്കിംഗ് സ്റ്റിക്ക്” എന്ന് രീതിയിലാണ് മ്യൂസിയത്തിൽ ചെങ്കോൽ സൂക്ഷിച്ചത്.

Advertisement