പ്ലസ് ടു പരീക്ഷയിൽ 82.95 % വിജയം, 77 സ്കൂളുകൾ‌ക്ക് 100 ശതമാനം; വിഎച്ച്എസ്‍ഇയിൽ 75.30%

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95% വിജയം. കഴിഞ്ഞവർഷം 83.87%. വിജയശതമാനത്തിലെ കുറവ് 0.92%. ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 376135 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 312005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 77 സ്കൂളുകൾ‌ക്ക് 100 ശതമാനം വിജയം. സേ പരീക്ഷകൾ ജൂൺ 21 മുതൽ. സയൻസിൽ 87.31 ശതമാനമാണ് വിജയം, ഹ്യുമാനിറ്റിസ്– 71.93%, കൊമേഴ്സ്– 82.75%.

ഹയർ സെക്കൻഡറി റഗുലർ വിദ്യാർഥികളിൽ സയൻസ് വിഷയത്തിൽ 193544 പേർ പരീക്ഷ എഴുതിയതിൽ 168975പേർ ഉപരിപഠനത്തിന് അർഹത നേടി. ഹ്യുമാനിറ്റീസിൽ 74482പേർ പരീക്ഷ എഴുതിയതിൽ 53575 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. കൊമേഴ്സ് വിഭാഗത്തിൽ 100879 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 89455 പേർ ഉപരിപഠനത്തിന് അർഹത നേടി. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 33,815 വിദ്യാർഥികളാണ്, കൂടുതൽ മലപ്പുറത്ത്. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിൽ– 87.55%, കുറവ് പത്തനംതിട്ട ജില്ല– 76.59%.

വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 28495 പേർ പരീക്ഷ എഴുതിയതിൽ 22338 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 78.39% വിജയം. കഴിഞ്ഞ തവണ 78.26%. ഇത്തവണ 0.13% കൂടുതൽ വിജയം. സയൻസിൽ 78.76 ശതമാനവും, ഹ്യുമാനിറ്റീസിൽ 71.75 ശതമാനവും കൊമേഴ്സിൽ 77.76 ശതമാനവും വിജയം.

വൈകിട്ട് 4 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. തുടർമൂല്യനിർണയത്തിന് മേയ് 31 വരെ അപേക്ഷിക്കാം. ഫലം അറിയാൻ ഈ വെബ്സൈറ്റുകൾ സന്ദർശിക്കുക:

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in

മൊബൈൽ ആപ്:SAPHALAM 2023,iExaMS – Kerala, PRD Live

കഴിഞ്ഞ വർഷം പ്ലസ്ടു 83.87%, വിഎച്ച്എസ്ഇ 76.78% എന്നിങ്ങനെയായിരുന്നു വിജയം. ഹയർസെക്കൻഡറിയിൽ ആകെ 4,32,436 പേരാണ് പരീക്ഷ എഴുതിയത്. പെൺകുട്ടികൾ – 2,14,379, ആൺകുട്ടികൾ – 2,18,057. വിവിധ വിഷയങ്ങളിൽ പരീക്ഷ എഴുതിയവർ: സയൻസ് – 193544, ഹ്യൂമാനിറ്റീസ് – 74482, കൊമേഴ്സ് -108109, ടെക്നിക്കൽ – 1753, ആർട്സ് -64, സ്കോൾ കേരള -34786, പ്രൈവറ്റ് കമ്പർട്മെന്റൽ – 19698.

Advertisement